Saturday, 24 June 2017 7.41 PM IST
പുതുവൈപ്പിൽ തട്ടി വീണ്ടുമൊരു 'ആഭ്യന്തര' കോലാഹലം
June 20, 2017, 12:38 am
സി.പി. ശ്രീഹർഷൻ
തിരുവനന്തപുരം: വൻ വികസന പദ്ധതികളുമായി പിണറായി സർക്കാർ ഇച്ഛാശക്തിയോടെ മുന്നോട്ട് പോകുമ്പോൾ പുതുവൈപ്പ് സമരത്തിന് നേർക്കുണ്ടായ പൊലീസ് അതിക്രമം അതിനു മേൽ വിവാദത്തിന്റെ കരിനിഴൽ വീഴ്ത്തി. ഇടതുമുന്നണിയെ വീണ്ടും പ്രതിരോധത്തിലാക്കിയ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി പൊലീസും ആഭ്യന്തരവകുപ്പും മാറുകയും ചെയ്തു.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയും ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത ബന്ധുക്കൾക്ക് നേർക്കുള്ള പൊലീസ് നടപടിയും ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ഇപ്പോഴത് പുതുവൈപ്പ് സംഘർഷത്തിൽ എത്തിനിൽക്കുകയാണ്. പൊലീസ് നടപടിയെ നിശിതമായി അപലപിച്ച് സി.പി.ഐ മുന്നണിക്കകത്ത് പ്രതിഷേധമുയർത്തിക്കഴിഞ്ഞു. വി.എസും സ്ഥലം എം.എൽ.എ എസ്. ശർമ്മയും മന്ത്രി മേഴ്സിക്കുട്ടി അമ്മയും സി.പി.എം എറണാകുളം ജില്ലാ നേതൃത്വവും പൊലീസ് നടപടിയെ തള്ളിപ്പറഞ്ഞു.

എന്നാൽ, സംഭവത്തിൽ മുഖ്യമന്ത്രിയോ സി.പി.എം നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യതീഷ് ചന്ദ്ര എന്ന പൊലീസുദ്യോഗസ്ഥൻ കഴിഞ്ഞ ഭരണകാലത്ത് ഒരു വൃദ്ധനെ നടുറോഡിൽ ആക്രമിക്കുന്ന ചിത്രം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഇടതുമുന്നണി ഉയർത്തിക്കാട്ടിയതാണ്. അതേ ഉദ്യോഗസ്ഥന്റെ ചെയ്തിക്ക് ഇപ്പോൾ ഇടതുസർക്കാർ തന്നെ ഉത്തരം പറയേണ്ടി വന്നിരിക്കുന്നു.

ജനസാന്ദ്രത ഏറെയുള്ള പുതുവൈപ്പിൽ ജനങ്ങളുടെ സുരക്ഷ മാനിക്കാതെ ഐ.ഒ.സിയുടെ എൽ.പി.ജി പ്ലാന്റ് സ്ഥാപിക്കുന്നുവെന്ന ആക്ഷേപമാണ് സമരസമിതിയുടേത്. എന്നാൽ, തീരസംരക്ഷണ നിയമങ്ങൾ പൂർണമായി പാലിച്ചുള്ള നിർമാണമാണെന്ന് ഹൈക്കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും തെളിഞ്ഞതാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. നിർമാണപ്രവർത്തനം തടസമില്ലാതെ കൊണ്ടുപോകാൻ പൊലീസ് സഹായം നൽകണമെന്ന് ഹൈക്കോടതി പറഞ്ഞ സ്ഥിതിക്ക്, കമ്പനിക്ക് സുരക്ഷ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യമാകില്ലേയെന്നാണ് ചോദ്യം. എൽ.പി.ജി പ്ലാന്റുകൾ കൊച്ചിയിലും തിരുവനന്തപുരത്തും മലപ്പുറത്തുമെല്ലാം ഉണ്ടായിരിക്കെ, ആധുനികമായ പ്ലാന്റ് പുതുവൈപ്പിനിൽ വരുന്നതിനെ എതിർക്കുന്നതെന്തിനെന്നും സർക്കാർ ചോദിക്കുന്നു.

സമരക്കാർക്കിടയിൽ തീവ്രവാദി ഗ്രൂപ്പുകളുടെ നുഴഞ്ഞുകയറ്റം പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ പൊലീസ് തീവ്രവാദം ആരോപിക്കുന്നുവെന്ന് പറഞ്ഞ് കാനം രാജേന്ദ്രൻ ഇത് തള്ളിക്കളഞ്ഞു. ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പിഴവുകളാണ് പൊലീസ് നടപടിയെന്ന് പ്രതിപക്ഷവും ആരോപിച്ചു. കൊച്ചി മെട്രോയിൽ വികസനത്തിന്റെ ചൂളംവിളി മുഴക്കിയ മുഖ്യമന്ത്രിയുടെ വികസന യാത്രയ്ക്ക് പുതുവൈപ്പിൽ ബ്ലോക്കുണ്ടാക്കുന്നതായി പൊലീസ് നടപടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ