Saturday, 24 June 2017 7.42 PM IST
പണമിടപാടുകൾ കൂടുതൽ സുതാര്യമാകും
June 18, 2017, 2:00 am
അക്കൗണ്ട് തുറക്കുന്നതുൾപ്പെടെ എല്ലാ ബാങ്ക് ഇടപാടുകൾക്കും ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം പതിവുപോലെ വിമർശനങ്ങൾക്കു ഇട നൽകിയേക്കാം. എന്നാൽ ഇത്തരത്തിലൊരു നടപടി എന്നേ ആവശ്യമായിരുന്നു എന്നു ബോദ്ധ്യമാകുന്ന തരത്തിലാണ് ബാങ്കുകൾ വഴി നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണ ഇടപാടുകൾ. ബാങ്ക് ഇടപാടുകൾ സുതാര്യവും സത്യസന്ധവുമാക്കാനുപകരിക്കുന്ന ഏതു നിയന്ത്രണത്തെയും പൊതുസമൂഹം സ്വാഗതം ചെയ്യുന്നത് അതുകൊണ്ടാണ്.
ബാങ്കുകളിൽ ആധാർ നമ്പർ നൽകാത്തവർക്ക് ഡിസംബർ 31വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ പരിഭ്രാന്തിയോ തിടുക്കമോ ഒന്നും വേണ്ടാ. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇതിനകം തന്നെ ആധാർ എടുത്തുകഴിഞ്ഞതായാണ് വിവരം. അതിനു കഴിയാത്തവർക്ക് എത്രയും വേഗം അത് എടുക്കാനുള്ള സൗകര്യം രാജ്യത്ത് എവിടെയും ലഭ്യവുമാണ്. ആകെ വിഷമം നേ‌രിടാൻ സാദ്ധ്യതയുള്ളത് കണക്കിൽ കവിഞ്ഞ പണമുള്ളവർക്കു മാത്രമാകും. അനവധി ബാങ്ക് അക്കൗണ്ടുകൾ തുറന്ന് അവയിലൂടെ പണമിടപാടുകൾ നടത്തി നിയമ സംവിധാനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നവർക്ക് ആധാർ നിബന്ധന വിനയാകുമെന്നതിൽ സംശയമില്ല. എന്നാൽ രാജ്യതാത്‌പര്യം വച്ചു നോക്കിയാൽ എതിർക്കപ്പെടേണ്ടതായോ വിമർശനം ചൊരിയേണ്ടതായോ യാതൊന്നുമില്ലെന്നും ബോദ്ധ്യമാകും.
അൻപതിനായിരം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകൾക്ക് ബാങ്കുകളിൽ ഇനി ആധാർ നിർബന്ധമാണ്. ഇതുവരെ പാൻ കാർഡുമായി ബന്ധപ്പെട്ടാണ് ഈ നിബന്ധന ഉണ്ടായിരുന്നത്. ഇപ്പോൾ ആധാർ കൈവശമില്ലാത്തവർക്കും പുതുതായി ബാങ്ക് അക്കൗണ്ട് തുറക്കാൻ അനുമതി നൽകുമെങ്കിലും ഡിസംബർ 31-നകം അവർ ആധാർ എടുത്ത് ബാങ്കിൽ നൽകണമെന്നാണ് വ്യവസ്ഥ. ആധാറുമായി ബന്ധപ്പെടുത്താത്ത എല്ലാ അക്കൗണ്ടുകളും ഡിസംബർ 31-നു ശേഷം മരവിപ്പിക്കാനാണു നിർദ്ദേശം. ഐ.ടി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡിനൊപ്പം ആധാറും നർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം നേരത്തെ വന്നിരുന്നു. സുപ്രീംകോടതിയും സർക്കാരിന്റെ തീരുമാനം സാധുവാണെന്ന് വിധിച്ചിരുന്നു.
രാജ്യത്ത് കള്ളപ്പണത്തിന്റെ ആപൽക്കരമായ സ്വാധീനം തടയാനുദ്ദേശിച്ചാണ് ഇക്കഴിഞ്ഞ നവംബറിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി റദ്ദാക്കിയത്. എല്ലാ വിഭാഗം ജനങ്ങളുടെയും ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ച വിപ്ളവകരമായ തീരുമാനമായിരുന്നു അത്. സർക്കാർ പ്രതീക്ഷിച്ചതുപോലെ കള്ളപ്പണം അപ്പാടെ പുറത്തുകൊണ്ടുവരുന്നതിൽ നോട്ട് നിരോധനം വിജയിച്ചില്ലെന്ന വിമർശനം ഇപ്പോഴും ശക്തമാണ്. എന്നാൽ നോട്ട് നിരോധനത്തെയും സമർത്ഥമായി മറികടന്ന് കള്ളപ്പണം പലവഴികളിലൂടെ വെളുപ്പിച്ചവർക്കും ഒളിപ്പിച്ചവർക്കും പുതിയ ആധാർ നിബന്ധന ഊരാക്കുടുക്കായി മാറുമെന്നതിൽ സംശയം വേണ്ട. നോട്ട് നിരോധന കാലത്ത് പരിചയക്കാരുടെയും വീട്ടുവേലക്കാരുടെയും തോട്ടക്കാരുടെയുമൊക്കെ പേരിൽ കള്ളസമ്പാദ്യം ബാങ്കുകൾ മുഖേന വെളിപ്പിച്ചവർ ലക്ഷക്കണക്കിനുണ്ട്. നോട്ട് നിരോധനം കള്ളപ്പണ വേട്ടയ്ക്കെതിരെയുള്ള തുടക്കം മാത്രമായിരുന്നു എന്നു സൂചിപ്പിക്കുന്നതാണ് ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട് തുടർന്നു കൈക്കൊണ്ട പല തീരുമാനങ്ങളും. ധനകാര്യ നിയമങ്ങളിലെ പഴുതുകൾ മുതലാക്കി കള്ളസമ്പാദ്യം കുന്നുകൂട്ടുന്നവർ ധാരാളമുണ്ട്. വ്യക്തികൾ മാത്രമല്ല വമ്പൻ കമ്പനികളും വ്യവസായികളും വ്യാപാരികളുമടക്കം ബാങ്കുകളുടെ ഒത്താശയോടെ തന്നെയാണ് ഇത് ചെയ്യുന്നത്.
രാജ്യത്തിന്റെ ആരോഗ്യകരമായ സാമ്പത്തിക വളർച്ച നിലനിറുത്താൻ കള്ളപ്പണത്തിന്റെ അതിസമ്മർദ്ദം നിയന്ത്രിക്കേണ്ടതുണ്ട്. നിശ്ചിത പരിധിയിൽ കവിഞ്ഞ പണമിടപാടുകൾ സുതാര്യമായിത്തന്നെയാണു നടക്കുന്നതെന്ന് ഉറപ്പുവരുത്താനായാൽ കള്ളപ്പണത്തിന്റെ ഒഴുക്കും കേന്ദ്രീകരണവും കാര്യമായി തടയാനാകും. കറൻസി ഇടപാടുകൾക്ക് രണ്ടുലക്ഷം രൂപ പരിധി ഏർപ്പെടുത്തിയതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വന്ന മാറ്റം ഇതിനുദാഹരണമാണ്. കള്ളപ്പണത്തിന്റെ ഏറ്റവും വലിയ സ്രോതസായിരുന്നു ഈ മേഖല.
നിരോധിക്കപ്പെട്ട നോട്ടുകളുടെ കൊടുക്കൽ വാങ്ങലുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിന്റെ റിപ്പോർട്ടുകൾ ഇപ്പോഴും കാണാം. കോടിക്കണക്കിനു രൂപയുടെ പഴയ നോട്ടുകളാണ് പലരിൽ നിന്നായി പിടികൂടുന്നത്. ഇതൊക്കെ ചെന്നെത്തുന്നത് എവിടെയാണെന്ന് ഒരു പിടിയുമില്ല. ഈ റാക്കറ്റിനു പിന്നിലുള്ള സംഘങ്ങൾ സജീവമാണെന്നല്ലേ ഇതിനർത്ഥം. അതുപോലെ വ്യാജ അക്കൗണ്ടുകളിൽ വന്നുമറിഞ്ഞ പതിനായിരക്കണക്കിനു കോടി രൂപയുടെ യഥാർത്ഥ ഉടമകളെ ഇനിയും കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്. കള്ളപ്പണത്തിന്റെ ദുഷ്ടസ്വാധീനത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാതെ സാധാരണക്കാരുടെ ജീവിതം സുഖകരമാകാൻ പോകുന്നില്ല.
ഇതിനിടെ സ്വിസ് ബാങ്കുകളിൽ വിദേശികൾ സൂക്ഷിച്ചിട്ടുള്ള രഹസ്യ കള്ള സമ്പാദ്യത്തിന്റെ വിവരങ്ങൾ കൈമാറാൻ സ്വിറ്റ്‌സർലണ്ട് സന്നദ്ധമായെന്ന വാർത്ത ഇന്ത്യയ്ക്ക് പ്രത്യേക താത്പര്യം ജനിപ്പിക്കുന്നതാണ്. രാജ്യത്തിനു പുറത്തേക്കു കടത്തിക്കൊണ്ടുപോയ അളവറ്റ കള്ളസമ്പാദ്യം നിയമപരമായ മാർഗത്തിലൂടെ മടക്കിക്കൊണ്ടുവരാൻ ഈ തീരുമാനം ഉപകരിക്കും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ