ആശുപത്രിയിലെത്തിയാൽ ഡെങ്കിപ്പനി ഫ്രീ
June 18, 2017, 12:15 am
ആർ.കിരൺ ബാബു
സമയം: ജൂൺ ആദ്യ വാരം. സ്ഥലം:തിരുവനന്തപുരം മെഡിക്കൽ കോളേജ്.സംഭവം: ഡോക്‌ടറും സന്ദർശകരായ രണ്ട് പേരും തമ്മിൽ പൊരിഞ്ഞ തർക്കം. കാരണം: വാർഡിൽ ഡോക്‌ടർ പരിശോധിക്കാൻ എത്തിയപ്പോൾ വാർഡിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പണം കാെടുത്ത് പാസെടുത്ത് കയറിയതാണ് മാറാൻ പറ്റില്ലെന്ന് സന്ദർശകർ. തർക്കം കടുത്തതോടെ വാർഡിലെ മറ്റ് സന്ദർശകരെയെല്ലാം ആദ്യം മാറ്റൂ പിന്നീട് തങ്ങൾ മാറാമെന്നായി അവർ.ഒടുവിൽ ഡോക്‌ടർ തോറ്റു മട‌ങ്ങി. ആകെ രോഗികളുടെ മൂന്നും നാലും ഇരട്ടി വരും കൂട്ടിരിപ്പുകാരുടെയും സന്ദർശകരുടെയും എണ്ണം. പലപ്പോഴും ഉത്സവ പറമ്പിലുളള ആളുകാണും വാർഡുകളിൽ. സ്‌ത്രീകളുടെ വാർഡിൽ പുരുഷ സന്ദർശകർ അടക്കം ഉണ്ടാകും.
സമയം: ഇന്നലെ രാവിലെ. സ്ഥലം: മെഡിക്കൽ കോളേജിലെ അതേ വാർഡ്. സംഭവം: അവിടെ കിടക്കുന്ന രണ്ട് രോഗികൾ പഴയ ഡോക്‌ടറെ കണ്ടപ്പോൾ ചൂളുന്നു.സീൻ: അടുത്ത കട്ടിലുകളിൽ രണ്ട് പേർ. നിങ്ങളല്ലേ നേരത്തെ പ്രശ്‌നമുണ്ടാക്കിയത് എന്ന് ഡോക്‌ടറുടെ ചോദ്യത്തിന് അതെ പനി പിടിച്ചു, ഡെങ്കിയാണെന്ന് ഉത്തരം. മുഖത്ത് രക്ഷിക്കണേയെന്ന ഭാവം.
ആശുപത്രിയിൽ പോയാൽ ഡെങ്കിപ്പനി ഫ്രീ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മറ്റ് അസുഖങ്ങളുമായി ചികിത്സയ്‌ക്ക് ചെന്നാലും സന്ദർശകരായാലും ഡെങ്കി ബാധിച്ചില്ലെങ്കിൽ ഭാഗ്യം എന്നേ പറയാനാകൂ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പേരിനൊരു പനി വാർഡുണ്ട്. പക്ഷെ അവിടെ ആകെ 40 കിടക്കകൾ മാത്രമാണുളളത്. അതിന്റെ എത്രയോ ഇരട്ടി പനിക്കാരാണ് അവിടെ മറ്റ് വാർഡുകളിൽ കിടക്കുന്നത്. പേരിനു പോലും പനി വാർഡില്ലാത്ത മറ്റ് ആശുപത്രികളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മാത്രം അവസ്ഥയില്ലിത്. കേരളത്തിലെ ഏത് ആശുപത്രിയിൽ പോയാലും ഡെങ്കി ഏറെക്കുറെ ഫ്രീയാണ്. അത്രത്തോളം ഡെങ്കി ബാധിതർ ആശുപത്രികളിലുണ്ട്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾക്കാണെങ്കിൽ ഒട്ടുമേയില്ല ക്ഷാമം. കുട്ടികളെ കഴിവതും ആശുപത്രികളിൽ കിടത്താതെ മരുന്നും വിശ്രമവും നിർദ്ദേശിച്ച് വീട്ടിലേക്ക് മടക്കി വിടുകയാണ് ഡോക്‌ടർമാർ.
ഉത്സവത്തിന് ബന്‌ധുവീടുകളിലേക്ക് പോകും പോലെ ആശുപത്രി സന്ദർശനം നടത്തുന്ന ശീലം ഈ പകർച്ചപനിക്കാലത്തെങ്കിലും മാറ്റിയില്ലെങ്കിൽ പനി ഇരന്നു വാങ്ങുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു.
 അപകട ഭീതിയിൽ ആരോഗ്യ ജീവനക്കാർ.
പനിക്കാരുടെ പെരുക്കത്താൽ നിറഞ്ഞ ആശുപത്രികളിൽ ചികിത്സയ്‌ക്ക് ആവശ്യമായ ഡോക്‌ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ഇല്ലാതെ നെട്ടോട്ടമോടുകയാണ് ഇപ്പോഴുളള ആരോഗ്യ പ്രവർത്തകർ. അതിനിടയിലാണ് ഡോക്‌ടർമാർ അടക്കമുളള ആശുപത്രി ജീവനക്കാർക്കും പനി പടരുന്നത്. ആരോഗ്യ മന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിരട്ടിയിട്ടും മന്ത്രിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും മൂക്കിൻ തുമ്പത്തുളള ജനറൽ ആശുപത്രി ഇനിയും വൃത്തിയായിട്ടില്ല.
 ഇനിയും രണ്ടര മാസം കൂടി കടക്കണം.
പതിവ് ഡെങ്കിപ്പനി സീസൺ ജൂൺ,ജൂലായ്,ആഗസ്‌റ്റ് മാസങ്ങളാണ്. ജൂണിൽ മഴ തുടങ്ങുമ്പോഴാണ് കൊതുകും ഡെങ്കിയും പരുക്കുന്നത്. പ്‌ളാസ്റ്റിക് കവറിൽ മുതൽ കുപ്പിയുടെ അടപ്പുകളിലും ചിരട്ടകളിലും അടക്കം വെളളം നിറയും. ഈഡിസ് കൊതുകകൾ ഇവിടെ മുട്ട ഇട്ട് കുഞ്ഞുങ്ങളെ വിരിയിച്ചു കൊണ്ടിരിക്കും. പനിയും പടരും. എന്നാൽ ഈ വർഷം മേയ് മാസം മുതൽ തന്നെ ഡെങ്കി വ്യാപിക്കാൻ തുടങ്ങി.ഡെങ്കി സീസൺ അവസാനിക്കാൻ രണ്ടര മാസം ബാക്കി നിൽക്കേയുളള ഡെങ്കിപ്പനി കണക്ക് തന്നെ മുൻ വർഷങ്ങളേക്കാൾ ഇരട്ടിയിലധികമായി.
2012,13,15 വർഷങ്ങളിൽ ആകെ ഡെങ്കി ബാധിച്ചവരുടെ എണ്ണത്തിലും കൂടുതൽ പേർക്ക് ഇതുവരെ പനിബാധിച്ചു കഴിഞ്ഞു. ഡെങ്കി ഏറ്റവും മാരകമായ 2013ൽ ജനുവരി മുതൽ മേയ് വരെയുളള മാസങ്ങളിൽ 2186 പേർക്കാണ് ഡെങ്കി ബാധിച്ചതെങ്കിൽ ഈ വർഷം ഇതുവരെ ഡെങ്കി സ്ഥിരീകരിച്ചവരുടെ എണ്ണം 6946 ആയി. മരണം 13 ഉം. കഴിഞ്ഞ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഡെങ്കി ബാധിച്ചവരുടെ എണ്ണം 1620 ഉം മരണം മൂന്നും മാത്രമായിരുന്നു. അപകടകരമായി കുതിച്ചുയരുന്ന ഈ കണക്കാണ് ആരോഗ്യ മേഖലയെ ഭയപ്പെടുത്തുന്നത്.
........................................
വർഷം- ജനുവരി മുതൽ മേയ് വരെയുളള ഡെങ്കിപ്പനി ബാധിതരുടെ എണ്ണം (മരണം ) - ആവർഷത്തെ ആകെ ഡെങ്കിപ്പനി ബാധിതർ ( മരണം ) ക്രമത്തിൽ
2012 - 721 ( 2) - 4056 (16)
2013 - 2186 (9‌) - 7938 (29)
2014 - 439 (2) - 2548 (13)
2015 - 622 (5) - 4114 (29)
2016 - 1620 (3) - 7210 (13)
2017 - 6946 (13)
നാളെ:
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ