Tuesday, 24 October 2017 6.01 AM IST
സിജു വീൽചെയറിലിരുന്നു; ജീവിതം ഹ്രസ്വചിത്രമായി
June 18, 2017, 3:00 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: വീൽചെയറിലിരുന്നാണ് ഡോ. സിജു വിജയൻ സിനിമ സ്വപ്നം കണ്ടത്. വീൽചെയറിലിരുന്നാണ് തിരക്കഥകളൊരുക്കിയത്. അതേ വീൽചെയറിലിരുന്നുതന്നെ തന്റെ സിനിമയ്ക്ക് ആക്‌ഷനും കട്ടും പറഞ്ഞു. ഒടുവിൽ സ്വന്തം ജീവിതത്തിലേക്ക് കാമറ തിരിച്ചു. വിധിയുടെ തിരിച്ചടികൾക്കുമേൽ തിരശീലയിലൂടെ തിരിച്ചടി നൽകിയ ചെറുപ്പക്കാരന്റെ ജീവിതമാണ് 'വീൽ ടു റീൽ'. അന്താരാഷ്ട്ര ഡോക്യുമെന്ററി- ഷോർട്ട് ഫിലിം ഫെസ്റ്രിവലിൽ 'വീൽ ടു റീൽ' പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകർ അതിജീവനത്തിന്റെ കഥ അനുഭവിക്കുകയായിരുന്നു. സ്വന്തം ജീവിതത്തിന്റെ തിരക്കഥ എഴുതി അതിലഭിനയിച്ച സിജു വീൽചെയറിൽ കാണികൾക്കു പിന്നിലായി ഇരുന്ന് ഈറനണിഞ്ഞ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു.
ആലപ്പുഴ ജില്ല എറണാകുളത്തെ തൊടുന്നതിനു മുമ്പുള്ള അരൂക്കുറ്റി ഗ്രാമത്തിൽ നിന്നു തുടങ്ങുന്നു ഡോക്യുമെന്ററിയിലെ കഥയും സിജുവിന്റെ ജീവിതവും. കെ.വി. വിജയന്റെയും വത്സലയുടെയും മകൻ എല്ലാ കുട്ടികളെയും പോലെയായിരുന്നു നാലു വയസുവരെ. പിന്നെയാണ്‌ കാലുകളുടെ ബലം കുറഞ്ഞുവന്നത്. വർഷങ്ങൾ കഴി‌ഞ്ഞപ്പോൾ വിധി സിജുവിനെ വീൽചെയറിൽ പിടിച്ചിരുത്തി. തളരാതെ പഠിച്ചു മുന്നേറാൻ കുടുംബവും കൂട്ടുകാരും ഒപ്പം നിന്നു. മഹാരാജാസ് കോളേജിലും വിദ്യാധിരാജ ഹോമിയോ കോളേജിലും പഠനം. ഹോമിയോ ഡോക്ടറായി. ക്ലിനിക് ആരംഭിച്ചു.
പക്ഷേ, സ്വപ്നം സിനിമയായിരുന്നു. 2012ൽ അനാമിക എന്ന പേരിൽ ഹ്രസ്വ ചിത്രം ഒരുക്കി. സൗമ്യ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വേറിട്ടൊരു കാഴ്ചപ്പാടാണ് സിജു ആവിഷ്കരിച്ചത്. പിന്നെ മുല്ലപ്പെരിയാറിന്റെ പശ്ചാത്തലത്തിൽ 'ഹെഡ്‌ലൈൻ'. ഫിലിം ഫെസ്റ്രിവൽ വേദികളിൽ എത്തിയപ്പോൾ കിട്ടിയ പുതിയ കൂട്ടുകാരായ കിഷോർ,​ വിഷ്ണു,​ സുധീഷ്,​ അരുൺ... തുടങ്ങിയവർ സിനിമാസ്വപ്നത്തിന് വേഗം പകർന്നു. പവർഫുള്ളായ സിനിമകളൊരുക്കാൻ പവർവീലിൽ സഞ്ചരിച്ചു. സാമൂഹ്യ യാഥാർത്ഥ്യം പങ്കുവയ്ക്കുന്ന ഒരു വലിയ സിനിമയ്ക്ക് അരികിലേക്ക് എത്തുകയാണ് സിജു ഇപ്പോൾ.

സിജുവിനായി പ്രത്യേകം വഴി
ഉള്ളിൽ നവസിനിമയുടെ തീയുമായി അന്താരാഷ്ട്ര മേളയ്ക്ക് എത്തിയ ‌ഡോ. സിജു വിജയനെ ചലച്ചിത്ര അക്കാഡമി എതിരേറ്റത് അദ്ദേഹത്തിനായി പ്രത്യേകം വഴി ഒരുക്കിയാണ്. സിജു സഞ്ചരിക്കുന്ന പവർവീൽ മറ്റാരുടെയും സഹായമില്ലാതെ തിയേറ്ററിനുള്ളിലേക്ക് കടക്കുന്നതിനായിട്ടാണ് ചരിവുള്ളൊരു പാത ചലച്ചിത്ര അക്കാഡമി നിർമ്മിച്ചുനൽകിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ