Saturday, 24 June 2017 7.41 PM IST
സ്വാമിയും മോദിയും ആ പൂവും
June 20, 2017, 12:05 am
ന്യൂഡൽഹി: നരേന്ദ്രമോദി 2014 മേയ് 26ന് ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ ഒരു പൂവ് കിടപ്പുണ്ടായിരുന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം സമാധിയായ ശ്രീരാമകൃഷ്ണ മഠത്തിന്റെ അദ്ധ്യക്ഷൻ ആത്മസ്ഥാനാനന്ദജി മഹാരാജ് അയച്ചുകൊടുത്ത കത്തിനൊപ്പം വച്ചിരുന്ന ഒരു പൂവ് ആയിരുന്നു അത്. ഈശ്വരാനുഗ്രഹത്തിന്റെ പ്രതീകം പോലെ ഒരു പൂവ്. പ്രധാനമന്ത്രിയെ അനുഗ്രഹിച്ചുകൊണ്ട് എഴുതിയ കത്തിൽ മോദിയെ സ്വാമി നരേന്ദ്രഭായി എന്നാണ് അഭിസംബോധന ചെയ്തത്.
ഇതിന് പിന്നിൽ വർഷങ്ങൾ പഴക്കമുള്ള ഒരു കഥയുണ്ട്. ഗുജറാത്തിലെ രാജ് കോട്ടിൽ രാമകൃഷ്ണ മിഷൻ ആശ്രമത്തിന്റെ അധിപതിയായി സ്വാമി ആത്മസ്ഥാനാനന്ദജി 1966ൽ എത്തുന്നു. കുറച്ച് ദിവസം കഴിഞ്ഞ് കൗമാരക്കാരനായ മോദി സ്വാമിയെ കാണാനെത്തി. സ്വാമി വിവേകാനന്ദന്റെ വാക്കുകളിൽ നിന്ന് പ്രചോദനം കൊണ്ട ബാലൻ സന്യാസിയാവാൻ താത്പര്യമുണ്ടെന്ന് അറിയിക്കാനാണ് വന്നത്. കുറച്ചു നേരം മോദിയെ നോക്കിക്കൊണ്ടിരുന്നതിനു ശേഷം സ്വാമി ഇങ്ങനെ പറഞ്ഞു ''നിനക്ക് സന്യാസ ജീവിതമല്ല വിധിച്ചിട്ടുള്ളത്. നീ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ടവനാണ്.''
മോദിയുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് ഈ ഉപദേശം ലഭിച്ചത്. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ബേലൂർ മഠം സന്ദർശിച്ച് സ്വാമിയോടൊപ്പം കുറച്ച് നേരം ചെലവഴിച്ചു. ''എന്റെ കുട്ടിക്കാലത്ത് സ്വാമിയോടൊപ്പം കഴിയാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരുപാട് സ്നേഹം അന്ന് സ്വാമി എനിക്ക് നൽകിയിരുന്നു. എന്റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമായിരുന്നു അത്. അന്ന് സ്വാമി നൽകിയ പിന്തുണ പിന്നീടുള്ള എന്റെ ജീവിതയാത്രയിൽ നിർണായകമായി.'' മോദി അന്ന് ഇങ്ങനെ ചുറ്റും നിന്നവരോട് പറഞ്ഞു.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പാണ് സ്വാമി പൂവും കത്തും അയച്ചത്. ആ പൂവാണ് മോദി ജാക്കറ്റിൽ സൂക്ഷിച്ചത്.
സ്വാമി ആത്മസ്ഥാനാനന്ദജിയുടെ വേർപാട് തനിക്ക് വ്യക്തിപരമായ ഒരു നഷ്ടമാണെന്നും തന്റെ വ്യക്തി ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിൽ താൻ സ്വാമിയോടൊപ്പം കഴിഞ്ഞിരുന്നെന്നും പ്രധാനമന്ത്രി സ്വാമിയുടെ സമാധി വാർത്ത അറിഞ്ഞയുടൻ ട്വീറ്റ് ചെയ്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ