റേഷൻ കാർഡ്: മുൻഗണനാ ലിസ്റ്റ് പരിഷ്‌കരിക്കാൻ വീണ്ടും പരിശോധന
July 9, 2017, 9:48 am
കോവളം സതീഷ്‌കുമാർ
പരാതികൾ 16,73,422
മുൻഗണനാപട്ടികയിൽ കയറിപ്പറ്രിയത് ആറു ലക്ഷം അനർഹർ

തിരുവനന്തപുരം: പുതിയ റേഷൻ കാർഡ് കിട്ടിയപ്പോൾ ഞെട്ടിയോ? ബി.പി.എല്ലുകാരനായ നിങ്ങൾക്ക് ആ ആനുകൂല്യം നിഷേധിച്ച് നോൺ പ്രയോറിട്ടി കാർഡ് (എ.പി.എൽ) ആണോ ലഭിച്ചത്? അതോ നല്ല സാമ്പത്തിക സ്ഥിതിയുള്ളയാൾക്ക് പ്രയോറിട്ടി കാർഡ് (ബി.പി.എൽ) ലഭിച്ചോ? ഇത്തരം പതിനേഴ് ലക്ഷത്തോളം പരാതിക്കാരിൽ ഒരാളാണ് നിങ്ങൾ! എല്ലാ പരാതികളും പരിഹരിക്കാൻ സംസ്ഥാനത്താകെ വീണ്ടും പരിശോധന നടത്താൻ പോവുകയാണ് സിവിൽ സപ്ലൈസ് വകുപ്പ്. നിശ്ചിത അപേക്ഷയിൽ പൂരിപ്പിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൽകിയ മാർക്കായിരുന്നു മുൻഗണനാ പട്ടികയിൽ ഇടം നേടാനുള്ള മാനദണ്ഡം. എന്നാൽ പൂരിപ്പിച്ചപ്പോഴും ഉദ്യോഗസ്ഥർ തിരുത്തിയപ്പോഴും ഉണ്ടായ പിഴവുകൾ കാരണമാണ് ഇത്രത്തോളം ആക്ഷേപങ്ങളുണ്ടായത്.

ആറു ലക്ഷം അനർഹർ മുൻഗണനാ പട്ടികയിൽ കടന്നു കൂടിയെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. ബാക്കി പരാതികളെല്ലാം മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കി എന്നതാണ്. മുൻഗണനാ പട്ടികയിൽ ഇടം നേടിയ അനർഹർക്ക് ഒരു അപേക്ഷ നൽകി റേഷൻ കാർഡ് മാറ്രി വാങ്ങാം. അതിനുള്ള നടപടി അടുത്ത മാസം ആരംഭിക്കും. അതോടൊപ്പം പരാതി നൽകിയവരുടെ വീടുകൾ സന്ദർശിച്ചോ അവരെയെല്ലാം ഒരിടത്ത് വിളിച്ചുകൂട്ടിയോ പരാതി പരിഹരിക്കാൻ മന്ത്രി പി.തിലോത്തമൻ നിർദേശം നൽകി.
താഴെ തട്ടിലുള്ള പരാതികൾ പരിഹരിക്കേണ്ടത് താലൂക്ക് സപ്ളൈ ഓഫീസർമാരാണ്. ഇതിനായി പുതിയ അപേക്ഷ നൽകും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കിടും. പിന്നെ ഈ ലിസ്റ്റ് ജില്ലാ സപ്ളൈ ഓഫീസർക്ക് നൽകും. അവിടെ നിന്ന് സൂക്ഷ്മപരിശോധനയ്ക്കായി ഡയറക്ടറേറ്റിൽ എത്തും. റേഷൻ കാർഡ് വിതരണം ഇപ്പോൾ നടന്നു വരികയാണ്. അതു പൂർത്തിയായാലുടൻ തിരുത്തൽ നടപടികൾ ആരംഭിക്കും. സെപ്തംബറോടെ പരാതികൾ പരിഹരിച്ച് അർഹരായവർക്ക് മുൻഗണനാ കാർഡ് (ബി.പി.എൽ) നൽകും.

പിഴവുകൾ വന്ന വഴി

1- റേഷൻകടകളിൽ നിന്ന് വിതരണം ചെയ്ത ഫോറം അപേക്ഷകൻ തന്നെ പൂരിപ്പിച്ചു നൽകി. വിവരങ്ങൾ വസ്തുതാവിരുദ്ധമാണോ എന്ന് അവിടെ പരിശോധിച്ചില്ല.
2- കരട് പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ പരാതികൾ പരിഹരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതും ഉണ്ടായില്ല
3- പഞ്ചായത്ത് തലത്തിൽ പരിഹരിക്കാത്ത പരാതികൾ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിയായിരുന്നു പരിഹരിക്കേണ്ടത്. ആ ചടങ്ങും നടന്നില്ല
4- പിന്നെ കരട് പട്ടിക ഗ്രാമസഭകൾ വഴി ചർച്ച ചെയ്ത് പരിഹരിക്കാനായി നീക്കം. മിക്ക ഗ്രാമപഞ്ചായത്തുകളും ആ നിർദ്ദേശം അനുസരിച്ചില്ല
5- ഒടുവിൽ ഭക്ഷ്യസുരക്ഷാ നിയമം പൂർണമായും നടപ്പാക്കാൻ പുതിയ റേഷൻ കാർഡ് നിർബന്ധമാണെന്ന തിരിച്ചറിവിൽ പരാതിയുള്ള റേഷൻ കാർഡുകൾ അതേപടി വിതരണം ചെയ്‌തു.

''മുൻഗണന സംബന്ധിച്ച പരാതികൾ റേഷൻകാർഡ് വിതരണത്തിനുശേഷവും പരിഹരിക്കാമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. ഇതിന് ജനം കൂടി മനസുവയ്ക്കണം. പ്രയോറിട്ടി കാർ‌‌‌ഡ് ലഭിച്ച അനർഹർ അത് മടക്കി നൽകണം. എങ്കിലേ യഥാർത്ഥ മുൻഗണനക്കാർക്ക് പ്രയോറിട്ടി കാർഡ് നൽകാനീകൂ''- മന്ത്രി പി.തിലോത്തമൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ