കെ. എസ്.ഇ.ബി.യിൽ എല്ലാം ഹൈടെക്, ഒന്നും പ്രവർത്തിക്കില്ല
July 10, 2017, 3:05 am
പി.എച്ച്.സനൽകുമാർ
തിരുവനന്തപുരം: കെ. എസ്.ഇ.ബി.യിൽ എല്ലാം ഹൈടെക്കാണ്. പക്ഷേ, ഒന്നും നടക്കില്ല. ഒരു വർഷംമുമ്പ് ലക്ഷങ്ങൾ മുടക്കി ആറ് കേന്ദ്രങ്ങളിൽ സ്ഥാപിച്ച ഒാട്ടോമാറ്റിക് കാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല.
എസ്. എം.എസ്. അലർട്ട്, ഒാൺലൈൻ പേയ്‌മെന്റ്, ഇൻഫോ കിയോസ്‌ക്, വാട്ട് സ് ആപ് ഹെൽപ് ലൈൻ, മൊബൈൽ ആപ് തുടങ്ങി ബോർഡ് നടപ്പാക്കിയ മറ്റ് ഹൈടെക് സൗകര്യങ്ങളിൽ ഒാൺലൈൻ പേയ്‌മെന്റ് സംവിധാനം മാത്രമാണ് പ്രവർത്തിക്കുന്നത്. കറണ്ട് പോയാൽ അറിയിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ആർക്കും അറിയിപ്പ് കിട്ടാറില്ല.
വൈദ്യുതി ഭവനിൽ വൻ ആഘോഷത്തോടെ മന്ത്രിയാണ് ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.
ബില്ലടയ്‌ക്കാൻ 24 മണിക്കൂറും സൗകര്യം എന്ന നിലയിലാണ് കാഷ് ഡെപ്പോസിറ്റ് മെഷീൻ സ്ഥാപിച്ചത്. എന്നാൽ നോട്ട് റദ്ദാക്കൽ വന്നതോടെ മെഷീനിലെ സോഫ്റ്റ്‌വെയർ മാറ്റാൻ കഴിയാത്തതാണ് വിനയായതെന്നാണ് കെ. എസ്. ഇ.ബിയുടെ ന്യായം. ഇതോടെ ലക്ഷങ്ങൾ മുടക്കി വാങ്ങിയ മെഷീനുകൾ കാഴ്ചവസ്തുവായി. എൻസൻ എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല.
രാജ്യത്തെ വൈദ്യുതി സംവിധാനങ്ങളെല്ലാം ഹൈടെക് ആക്കാനുള്ള റീസ്ട്രക്ചേർഡ് ആക്സിലറേറ്റഡ് പവർ ഡവലപ്മെന്റ് പ്രോഗ്രാം (ആർ. എ. പി.ഡി.ആർ.പി ) എന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായാണ് കാഷ് ഡെപ്പോസിറ്റ്മെഷീനുകൾ വാങ്ങിയത്.
തിരുവനന്തപുരത്ത് വൈദ്യുതി ഭവന് പുറമെ ഫോർട്ടിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. കൊല്ലത്ത് കന്റോൺമെന്റ്, തൃശ്ശൂരിൽ വിയ്യൂർ, കോഴിക്കോട്ട് കോവൂർ, എറണാകുളത്ത് സെൻട്രൽ എന്നിവിടങ്ങളിലാണ് സി. ഡി. എം സ്ഥാപിച്ചത്.
പ്രസരണ നഷ്ടം കുറയ്ക്കുക, ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുക. വൈദ്യുതി വിതരണ സംവിധാനം മുഴുവൻ ഡിജിറ്റലായി നിയന്ത്രിക്കുക തുടങ്ങിയവ നടപ്പാക്കി മികച്ച സ്ഥാപനമാക്കി വൈദ്യുതി ബോർഡിനെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാകാത്തതിനെ തുടർന്ന് കാലാവധി നീട്ടി നൽകിയിരിക്കുകയാണ്. 203 കോടിയുടേതാണ് ഉപഭോക്തൃ സേവന പദ്ധതികൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ