Sunday, 23 July 2017 6.17 AM IST
ചൈനയ്ക്കുമേൽ നേടിയ കായികവിജയം
July 11, 2017, 2:00 am
ഭുവനേശ്വറിൽ ഞായറാഴ്ച സമാപിച്ച ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജന്മവൈരികളായ ചൈനയെ പിന്തള്ളി ഇന്ത്യ ചാമ്പ്യൻഷിപ്പ് നേടിയത് കായിക പ്രേമികളെ മാത്രമല്ല രാജ്യത്തെ ഒന്നടങ്കം ആഹ്ലാദിപ്പിക്കുന്ന മഹാസംഭവം തന്നെയാണ്. 1973ൽ തുടക്കമിട്ട ഈ ഏഷ്യൻ മീറ്റിൽ ഇന്ത്യ നടാടെയാണ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്നതെന്നതുമാത്രമല്ല ഇതിനു കാരണം. എല്ലാ നിലയിലും കരുത്തന്മാരായ ചൈനയോട് ഏറ്റുമുട്ടിയാണ് പ്രഥമസ്ഥാനത്തെത്താൻ കഴിഞ്ഞതെന്നത് നിസ്സാരനേട്ടമൊന്നുമല്ല. 12 സ്വർണ്ണവും അഞ്ചു വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 29 മെ‌ഡലുകളാണ് ഇന്ത്യയുടെ പേരിൽ കുറിക്കപ്പെട്ടത്. ഇതാദ്യമായി രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ചൈനയ്ക്ക് എട്ടു സ്വർണ്ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും നേടാനേ കഴിഞ്ഞുള്ളൂ. അതിർത്തിയിൽ അനാവശ്യ പ്രകോപനമുണ്ടാക്കി കുറച്ചുനാളായി ഇന്ത്യയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചൈനയുടെ മേൽ ഇന്ത്യൻ യുവത്വം നേടിയ ഈ കായിക വിജയം രാജ്യത്തിന് ആകമാനം അഭിമാനിക്കാൻ പോന്നതാണ്.ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ പതിവുപോലെ മലയാളി താരങ്ങൾ വഹിച്ച അമൂല്യമായ സംഭാവനകളും മുക്തകണ്ഠം പ്രശംസ അർഹിക്കുന്നതാണ്. രണ്ടുസ്വർണവും മൂന്നുവെള്ളിയും അഞ്ചു വെങ്കലവുമടക്കം പത്ത് മെ‌ഡലുകളുടെ അവകാശികൾ മലയാളികളാണ്. സുവർണ്ണ പ്രതീക്ഷയായിരുന്ന ടിന്റുലൂക്ക അസുഖത്തെ തുടർന്ന് 800 മീറ്ററിൽ പാതിവഴിയ്ക്ക് മത്സരത്തിൽ നിന്ന് പിൻവാങ്ങേണ്ടിവന്നത് വലിയ നിർഭാഗ്യമായി. 94 അംഗ ഇന്ത്യൻ ടീമിലുൾപ്പെട്ട 18 മലയാളികളിൽ പതിമൂന്നുപേരും വിജയപീഠം കയറിയെന്നത് കേരളീയർക്കാകമാനം അഭിമാനിക്കാനും സന്തോഷിക്കാനും വക നൽകുന്നതാണ്. 400 മീറ്ററിൽ മുഹമ്മദ് അനസ്, 1500 മീറ്ററിൽ പി.യു.ചിത്ര എന്നിവരാണ് സ്വർണ്ണമണിഞ്ഞ മലയാളിതാരങ്ങൾ. 5000, 10,000 ഇനങ്ങളിൽ സ്വർണത്തിളക്കവുമായി ഒന്നാമതെത്തിയ തമിഴ്നാട്ടുകാരനായ ജി. ലക്ഷ്മണൻ, മീറ്റിലെ ഏക റിക്കാർഡിന് അവകാശിയായ ഹരിയാനക്കാരനായ നീരജ് ചോപ്ര (ജാവലിൻ) റിലേ താരങ്ങളായ കുഞ്ഞിമുഹമ്മദ്, അമോങ് ജേക്കബ്, മുഹമ്മദ് അനസ്, ജിസ്ന മാത്യു തുടങ്ങിയവർ മിന്നുന്ന പ്രകടനത്തിലൂടെ ഈ കായികമേളയ്ക്ക് ഏറെ നിറം ചാർത്തിയവരാണ്. പത്തുവർഷത്തിനുശേഷം ആദ്യമായിട്ടാണ് 1500 മീറ്ററിൽ ഒരു ഇന്ത്യക്കാരി സ്വർണ്ണം നേടുന്നത്. ആ നേട്ടത്തിന് അവകാശി മലയാളിയായ പി.യു.ചിത്രയാണെന്നത് ഏറെ ശ്രദ്ധേയവുമായി.
വലിയ പരാതികളും പരിഭവങ്ങളുമില്ലാതെ മീറ്റിന് ആതിഥ്യമരുളിയതിൽ സംഘാടകർക്കും അഭിമാനിക്കാം. എല്ലാറ്റിനും ഉപരിയായി അയൽക്കാരെങ്കിലും സദാശത്രുവിന്റെ സമീപനവുമായി നിൽക്കുന്ന ചൈനക്കെതിരെ നമ്മുടെ കുട്ടികൾ നേടിയ ഈ കായികവിജയം രാജ്യവാസികളെ ആകമാനം ത്രസിപ്പിക്കാൻ പര്യാപ്തമായി എന്നതാണ് എടുത്തുപറയേണ്ട കാര്യം. അന്തർദ്ദേശീയ കായിക മത്സരങ്ങളിൽ കൂടുതൽ കരുത്തോടും വീറോടുംകൂടി പങ്കെടുക്കാൻ ഈ മീറ്റ് പ്രചോദനമാകുമെന്നതിൽ സംശയമില്ല. പരിശീലനത്തിലെയും ട്രാക്കിലെയും പിഴവുകൾ തിരുത്താനും കഴിവുകൾ പൂർണമായും പുറത്തെടുക്കാനും സാധിച്ചാൽ ഇപ്പോൾ നേടിയതിനേക്കാൾ വലിയ നേട്ടങ്ങൾ സൃഷ്ടിക്കാൻ കഴിയും. സർക്കാരും പരിശീലന സ്ഥാപനങ്ങളും പരിശീലകരും അതിനാവശ്യമായ നടപടികൾ എടുക്കണം. ബാഹ്യ ഇടപെടലുകളിൽ നിന്നു കായികരംഗം പൂർണമായും മുക്തമായാൽ തന്നെ നല്ല ഫലങ്ങൾ ഉണ്ടാവുമെന്നതിന് അനുഭവങ്ങൾ മുന്നിലുണ്ട്.
ഭുവനേശ്വറിൽ രാജ്യത്തിന്റെ അഭിമാനം ഹിമാലയത്തോളം ഉയർത്തിയ കായിക പ്രതിഭകളെ അർഹിക്കുംവിധം ആദരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണം. ഒളിമ്പിക്സിലുംഏഷ്യാഡിലുമെന്നപോലെ വിജയികൾക്ക് ഉയർന്നതോതിൽ കാഷ് പ്രൈസും നൽകണം. ഇതിനെക്കാളുപരി ഇവരുടെ ഭാവിജീവിതം സുരക്ഷിതമാക്കാനുള്ള നടപടിയാണ് ഏറെ അത്യാവശ്യം. കായികനേട്ടത്തിന്റെ പേരിൽ നൽകാമെന്നേറ്റ ഉദ്യോഗം പോലും പിന്നീട് നിഷേധിക്കുന്ന അനുഭവങ്ങളുണ്ടാകാറുണ്ട്. രാജ്യത്തിന്റെ യശസ്സുയർത്തുന്ന കായികപ്രതിഭകൾ എല്ലാ നിലകളിലും അംഗീകരിക്കപ്പെടുന്നതിലൂടെയാകണം ഈ രംഗത്തേക്ക് കൂടുതൽ പുതുരക്തം കടന്നുവരാൻ.മെഡൽനേട്ടത്തിന്റെ സാക്ഷ്യപത്രങ്ങളുമായി സർക്കാരിന്റെ കനിവുതേടി ഭരണകേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ എല്ലായിടത്തുമുണ്ട്. കേരളവും ഇക്കാര്യത്തിൽ മോശമല്ല. കായികപ്രതിഭകൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ യഥാസമയം നിറവേറ്റുന്നതിൽ കാണിക്കുന്ന ഉപേക്ഷ ഇതിനു തെളിവാണ്. ഭുവനേശ്വറിൽ മെഡൽനേടിയ പ്രതിഭകളെ ആദരിക്കാനും അർഹമായ സമ്മാനം നൽകാനും കാലവിളംബമുണ്ടാകരുത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ