ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ തിരയുന്ന നോവൽ
July 17, 2017, 12:15 am
ഡോ.കെ.പ്രസന്നരാജൻ
അരുന്ധതി റോയിയുടെ പരമാനന്ദത്തിന്റെ മന്ത്രാലയം (The Ministry of ulmost Happiress) എന്ന രണ്ടാമത്തെ നോവൽ ലോകത്ത് എവിടെയുമുള്ള വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ആദ്യനോവൽ പോലെ ഈ നോവലും വലിയ വിവാദങ്ങൾക്കും വിശദമായ ചർച്ചകൾക്കും സൗന്ദര്യപരമായ നവചിന്തകൾക്കും രാഷ്ട്രീയമായ വിലയിരുത്തലുകൾക്കും വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാവ്യാത്മക ഭാഷയും അർത്ഥധ്വനികൾ ചിതറുന്ന കല്പനകളും ഗ്രാമീണമായ വാക്കുകളും നാട്ടുപാട്ടുകളും വ്യത്യസ്തമായ ആഖ്യാനശൈലിയും നിറഞ്ഞ നോവൽ വായനക്കാരെ വശീകരിക്കുമെന്ന കാര്യത്തിലും സംശയമില്ല.
രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും ധീരമായ സമരമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ആക്‌റ്റിവിസ്റ്റ് കൂടിയായ നോവലിസ്റ്റ് ഈ നോവലിൽ ഇന്നത്തെ രൂക്ഷമായ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്. ഈ നോവൽ രാഷ്ട്രീയ നോവലാണ്. എന്നാൽ രാഷ്ട്രീയതലം മാത്രമല്ല നോവലിലുള്ളത്
ഇന്ത്യൻ അവസ്ഥ എന്തെന്ന അന്വേഷണമാണ് ഈ നോവൽ. നമ്മുടെ കാലത്തെ മനുഷ്യാവസ്ഥ നേരിടുന്ന അത്യന്തം തീക്ഷ്ണമായ പ്രശ്നങ്ങൾ തീക്ഷ്ണത ഒട്ടും ചോർന്നുപോകാതെ സാഹിത്യകലയിലൂടെ ആവിഷ്കരിക്കുവാൻ എഴുത്തുകാരി ശ്രമിച്ചിരിക്കുകയാണ് ചേരികളിൽ കഴിയുന്ന പീഡിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും അസ്‌പൃശ്യരും അധഃകൃതരുമായ ആളുകളുടെയും മൂന്നാംലിംഗത്തിൽപ്പെട്ടവരുടെയും ജീവിതങ്ങൾ ചിത്രീകരിച്ചും ഹിന്ദു മുസ്ളിം സംഘർഷങ്ങളുടെ വേരുകൾ തേടിയും തീവ്രവാദികളും വിഘടനവാദികളുമായവരുടെ സാഹസിക ജീവിതങ്ങൾ എടുത്തുകാട്ടിയും, കോമാളിത്തം നിറഞ്ഞ ക്രൂരതയായിമാറിയ രാഷ്ട്രീയ സംസ്കാരത്തിന്റെ ജീർണകൾ സൂക്ഷിച്ചും ഇന്ത്യൻ യാഥാർത്ഥ്യത്തെ അടുത്തറിയുവാൻ ശ്രമിച്ചിരിക്കുകയാണ് അരുന്ധതി റോയി. ഡൽഹിയിലും കാശ്മീരിലുമാണ് നോവലിലെ പ്രധാന സംഭവങ്ങൾ നടക്കുന്നത്. ഗുജറാത്തും കേരളവും നോവലിൽ കടന്നുവരുന്നുണ്ട്. അൻജും എന്ന ട്രാൻസ് ജെന്റർ, തിലോ എന്ന തിലേത്തമ, സദാം ഹുസൈൻ (ആദ്യ പേര് ദയാചന്ദ്) നാഗരാജൻ, മൂസ എന്ന കാശ്മീർ സ്വാതന്ത്ര്യ സമരപ്പോരാളി, ബിപ്‌ലാബ് ദാസ് ഗുപ്തയെന്ന അന്വേഷണോദ്യോഗസ്ഥൻ, മിസ് ജിബിൻ ഫസ്റ്റ്, മിസ് ജിബിൻ സെക്കൻഡ്, തിലോത്തമയുടെ മാതാവ്, രേവതിയെന്ന മാവോയിസ്റ്റ് എന്നിങ്ങനെ ഭിന്നരൂപഭാവങ്ങളും ഭിന്ന വീക്ഷണങ്ങളുമുള്ള നിരവധി കഥാപാത്രങ്ങൾ നോവലിലുണ്ട്.
ഈ നോവൽ ഉയർത്തിപ്പിടിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മൂന്നാം ലിംഗക്കാരുടെ ജീവിത പരിസരത്തെ സംബന്ധിക്കുന്നതാണ്. സമൂഹം പുച്ഛപരിഹാസത്തോടെ വീക്ഷിക്കുന്ന ആ വർഗത്തിന്റെ ജീവിതചിത്രീകരണത്തിലൂടെ പാർശ്വവൽക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ദയനീയ ചിത്രം നമ്മുടെ മുമ്പിൽ വരച്ചിടുന്നുണ്ട് നോവലിസ്റ്റ് അൻജും ജനിച്ചപ്പോൾ ആണായിരുന്നു. അഫ്‌ത്താബ് എന്നായിരുന്നു പേര്. പുരുഷ ശരീരത്തിൽ അകപ്പെട്ട സ്ത്രീയാണ് അഫ്‌ത്താബ് എന്ന് പിന്നീട് വെളിപ്പെട്ടു. പെണ്ണായി അൻജുമായി മാറുകയും ചെയ്തു. ഹിജഡകളുടെ താമസസ്ഥലമായ സ്വപ്നങ്ങളുടെ വീട്ടിൽ താമസവുമായി. പിന്നീട് അൻജും ഗവൺമെന്റ് ആശുപത്രിക്കും മോർച്ചറിക്കും സമീപത്തുള്ള ശ്മശാനഭൂമിയിൽ താമസം മാറ്റുന്ന അവൾ ശ്മശാനഭൂമിയിൽ ഒരു വൃക്ഷത്തെപ്പോലെ ജീവിച്ചു എന്നുപറഞ്ഞാണ് നോവൽ തുടങ്ങുന്നത്. സമൂഹത്തെയും സംസ്കാരത്തെയുമെല്ലാം വെല്ലുവിളിച്ച് ശ്മശാനത്തിൽ വീടുപണിയുന്നു. പിന്നീട് ജാനറ്റ് ഗസ്റ്റ് ഹൗസ് പണിയുന്നു. ആർക്കും വേണ്ടാത്ത ശവശരീരങ്ങൾ അവിടെ ദഹിപ്പിക്കുകയും ചെയ്യുന്നു. നിരവധിപേർ അവിടെ താമസിക്കുവാനെത്തി. ജമാ മസ്ജിദിന്റെ പ‌ടികളിൽ നിന്നും ലഭിച്ച സൈനാബ് എന്ന പെൺകുട്ടി വളർത്തുകയും ചെയ്യുന്നുണ്ട് അൻജും. ശ്മശാനത്തിലെ വീടിനെയും ഗസ്റ്റ് ഹൗസിനെയും പരമാനന്ദത്തിന്റെ മന്ത്രാലയമാക്കിമാറ്റുകയാണ് അൻജും എന്ന ട്രാൻസ്ജെന്റർ.
സമൂഹം പുറന്തള്ളുന്ന മൂന്നാംലിംഗക്കാർക്ക് പുതുജീവൻ കൊടുക്കുന്നുണ്ട് നോവലിസ്റ്റ്.

പ്രതിഷേധവും പ്രണയവും നോവലിൽ കലങ്ങി മറിയുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കാശ്മീർ തീവ്രവാദികളുടെ ജീവിതദുരന്തം നോവലിൽ ആഴത്തിൽ പതിഞ്ഞുകിടപ്പുണ്ട്. പേടിപ്പെടുത്തുംവിധം കരുത്താർജ്ജിച്ചുകൊണ്ടിരിക്കുന്ന ഹൈന്ദവ തീവ്രവാദത്തിന്റെ കാഠിന്യം നോവൽ ഭംഗിയായി വെളിപ്പെടുത്തുകയും ചെയ്യുന്നു. നോവലിലെ പ്രധാന കഥാപാത്രമായ തിലോ എന്നു വിളിക്കുന്ന തിലോത്തമയുടെ അമ്മ കേരളത്തിലെ സിറിയൻ ക്രിസ്ത്യാനിയാണ്. പിതാവ് അസ്‌പൃശ്യനും ബന്ധം സമൂഹം അംഗീകരിക്കാത്തതുകൊണ്ട് കുട്ടിയെ പ്രസവിച്ചപ്പോൾ തന്നെ അനാഥാലയത്തിൽ ചേർത്തു. പിന്നീട് അവിടെനിന്നും ദത്തെടുത്ത് വളർത്തി. കുട്ടിയുടെ അമ്മയാണെന്ന് അവകാശപ്പെട്ടതുമില്ല. തിലോത്തമ ആർക്കിടെക്ചർ സ്കൂളിൽ പഠിക്കുമ്പോൾ കാശ്മീരിയായ മൂസയുമായി അടുപ്പത്തിലായി. മൂസ പിന്നീട് തിലോത്തമയെ വിവാഹം കഴിച്ചു. വേറെയും രണ്ട് പുരുഷന്മാർ തിലോത്തമയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്. കാശ്മീർ തീവ്രവാദിയായ മൂസ പറഞ്ഞിട്ട് നാഗരാജനെയും വിവാഹം കഴിക്കുന്നുണ്ട് തിലോത്തമ. വിചിത്രമായ മാനസിക ഘടനയും വിചിത്രമായ വ്യക്തിത്വവുമുള്ള കഥാപാത്രമാണ് തിലോത്തമ.
ഇന്നത്തെ ഇന്ത്യൻ മനസിന്റെ ചരിത്രമെഴുതുമ്പോൾ മതവും ജാതിയും ജാതിക്കുള്ളിലെ ജാതിയും കാണാതിരിക്കുവാനാകില്ല. അരുന്ധതി റോയി ഇതെല്ലാം കാണുന്നുണ്ട്. മതത്തിന്റെ രാഷ്ട്രീയവും അധികാരഘടനയും നോവലിലെ പ്രധാന ധാരകളിൽപ്പെടുന്നു. ദൈവത്തിന്റെ സാന്നിദ്ധ്യമില്ലാത്ത മതമാണ് ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത്. മൂല്യബോധമില്ലാത്ത രാഷ്ട്രീയം ജനങ്ങളിൽ അധികാരം പ്രയോഗിക്കുന്നു. ഇതിനിടയിൽപ്പെട്ട സാധാരണജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളും ദുരവസ്ഥകളും നോവലിൽ ചിത്രീകരിക്കുന്നുണ്ട്. ഭരണകൂടത്തിന്റെയും ഭീകരവാദികളുടെയും നിരന്തരമായ ഇടപെടലുകൾ ജീവിതത്തെ ദുരന്തത്തിൽ വീഴ്ത്തുന്നത് നോവൽ കാണിച്ചുതരുന്നു. അൻജു, സക്കീർ മിയാൻ എന്ന പിതൃതുല്യനായ വ്യക്തിയുമൊത്ത് ഗുജറാത്തിൽ സഞ്ചരിച്ചപ്പോൾ അവിടെ നടന്ന മുസ്ളിം വിരുദ്ധ കലാപത്തിൽപ്പെട്ടുപോയത് നോവലിൽ ചിത്രീകരിക്കുന്നുണ്ട്. ഗുജറാത്തിലെത്തിക്കഴിഞ്ഞ ശേഷം രണ്ടുപേരെക്കുറിച്ചും വിവരങ്ങൾ ബന്ധുക്കൾക്ക് കിട്ടിയില്ല. അഭയാർത്ഥിക്യാമ്പിൽ നിന്നും പുരുഷന്മാരുടെ കോട്ടൺ ട്രൗസേഴ്സ് ധരിച്ച രൂപത്തിൽ അൻജുവിനെ കിട്ടി. അവിടത്തെ അനുഭവങ്ങളെപ്പറ്റി അവളൊന്നും പുറത്തുപറഞ്ഞില്ല. കലാപം ഏല്പിച്ച കടുത്ത അനുഭവങ്ങൾ പുറത്തുപറയാതെ ഉള്ളിൽ സൂക്ഷിച്ചു. തീവ്രാഘാതത്തെയും ദുരന്തത്തെയും സഹനത്തിലൂടെ അതിജീവിച്ചു ആ ട്രാൻസ് ജെന്റർ.
രക്തം ചിന്തുന്ന കാശ്മീർ നോവലിൽ നിറഞ്ഞുനിൽക്കുന്നു. തങ്ങൾ കാശ്മീരിൽ രക്തംകൊണ്ട് ജലസേചനം നടത്തുന്നതായി ഒരു കഥാപാത്രം പറയുന്നത് പൂർണമായും ശരിയാണ് കാശ്മീരിൽ Good Morning എന്ന് പറഞ്ഞാൽ Good Morning എന്നാണ് അർത്ഥമാക്കുന്നതെന്നും പറയുന്നുണ്ട്. നിസാര സംഭവങ്ങളാണ് പലപ്പോഴും ലഹളയ്ക്കും മരണങ്ങൾക്കും കാരണമാകുന്നത്. തൊട്ടാൽ രക്തം വരുന്ന മണ്ണാണ് കാശ്മീരിലേത്. അതിർത്തിക്ക് അപ്പുറത്തുനിന്നും വരുന്ന തീവ്രവാദികളും കാശ്മീരിലെ സ്വാതന്ത്ര്യപ്പോരാളികളും ഭരണകൂടവുമെല്ലാം ചേർന്ന് രക്തപ്പുഴതന്നെ അവിടെ സൃഷ്ടിക്കുന്നു. കാശ്മീരിൽ എവിടെയും എപ്പോഴും മരണം സംഭവിക്കുന്നു. പാർക്കുകളിലും അരുവികളിലും നദികളിലുമെല്ലാം ശ്മശാനം കാണും. കൊച്ചുകുട്ടികളുടെ പല്ലുകൾ വളരുന്നതുപോലെ ശ്മശാന സ്തംഭങ്ങൾ വളരുന്നതായി നോവലിസ്റ്റ് സൂചിപ്പിക്കുന്നു. അപ്രത്യക്ഷരായ മക്കളുടെ അമ്മമാർ സംഘടനയുണ്ടാക്കി മക്കളെ തേടിയലയുന്നു. മൂസയുടെ ഭാര്യയും മകളും തെരുവിൽ മരിച്ചത് ഒരൊറ്റ വെടിയുണ്ടയേറ്റാണ്. മാംഗോ ഫ്രൂട്ടി നിറച്ചിരുന്ന കാർഡ്ബോഡ് പെട്ടിയിൽ കാർ വന്നിടിച്ചപ്പോഴുണ്ടായ സ്ഫോടനമാണ് നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കിയ കലാപമായി വളർന്നത്.
മിഥോളജിയെ ചരിത്രമാക്കുകയും ചരിത്രത്തെ മിഥോളജിയാക്കി മാറ്റുകയും ചെയ്യുന്ന വിപൽക്കരമായ ചിന്താസംസ്ക്കാരത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട് ഈ നോവലിസ്റ്റ്. മതത്തിന്റെ പേരിൽ കലഹങ്ങളുണ്ടാകുന്ന ഒരു മതത്തിലെ തന്നെ താഴ്ന്ന വിഭാഗത്തെ സവർണ്ണർ അപമാനിക്കുകയും ക്രൂരമായി പീ‌ഡിപ്പിക്കുകയും ചെയ്യുന്നത് നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്. അൻജുവിന്റെ സഹായിയായും ഗസ്റ്റ് ഹൗസിലെ അന്തേവാസിയായും മാറിയ സദ്ദാം ഹുസൈൻ ഹിന്ദുവായിരുന്നു. ദയാചന്ദ് എന്നായിരുന്നു പേര്. ചമാർ എന്ന താഴ്ന്ന ജാതിയിൽപ്പെട്ടവൻ. ജന്തുക്കളുടെ ശാപം വാങ്ങി തോലെടുത്ത് വിറ്റ് ജീവിച്ച് പിതാവിനെയും കൂട്ടുകാരെയും സവർണ്ണർ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നത് നേരിട്ട് കണ്ടയാളാണ് ദയാചന്ദ്. അയാൾ നാടും വീടും വിട്ട് ഡൽഹിയിൽ തെരുവിൽ താമസിച്ചു. മോർച്ചറിയിൽ ജോലി നോക്കി ടെലിവിഷനിൽ സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്നത് കണ്ടപ്പോൾ ആ മനുഷ്യനോട് ആദരവ് തോന്നി സദ്ദാം ഹുസൈൻ എന്ന പേര് സ്വീകരിക്കുകയും മുസ്ലീം ആവുകയും ചെയ്തു. സദ്ദാം ഹുസൈൻ അൻജുവിന്റെ ശ്മശാനത്തിലെ വീട്ടിൽ താമസിച്ച് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പാഠങ്ങൾ പഠിച്ച് മറ്റൊരു മനുഷ്യനായി മാറി. അൻജുവിന്റെ വള‌ർത്തുപുത്രിയായ സൈനാബിന്റെ വിവാഹം കഴിയുകയും ചെയ്തു. ശ്മശാനത്തിലെ ഗസ്റ്റ്ഹൗസിൽ വരുന്ന അനാഥരും സമൂഹം പുറന്തള്ളിയവരും മാനസികമായ പരിണാമത്തിലൂടെ ജീവിതത്തിലേക്കും മനുഷ്യസ്നേഹത്തിലേക്കും മടങ്ങിവരുന്നു. പരമമായ ആനന്ദത്തിന്റെ അനുഭവത്തിലൂടെ കടന്നുപോവുകയും ചെയ്യുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും നിശിതമായ വിമർശനത്തിനും പരിഹാസത്തിനും വിധേയമാക്കുന്നുണ്ട് നോവലിസ്റ്റ് കൊഞ്ചി പറയുന്ന കവി പ്രധാന മന്ത്രി' എന്നാണ് അടൽബിഹാരി വാജ്പേയെ വിശേഷിപ്പിക്കുന്നത്. മൻമോഹൻസിംഗ് കെണയിൽപ്പെട്ട മുയലാണ്. അദ്ദേഹം മറ്റാരുടെയോ ചരടിൽ ചലിക്കുന്ന പാവ ചുവന്നകോട്ടയിൽ നിന്നു സംസാരിക്കുമ്പോൾ ആർക്കും ഒന്നും മനസ്സിലാകുകയില്ല. താഴത്തെ താടിയെല്ലുമാത്രം ചലിക്കും മറ്റൊന്നുമില്ല കൺപുരികങ്ങൾ കണ്ണടയുമായി ചേർന്നിരിക്കുന്നു ഭാവങ്ങൾക്ക് ഒരു മാറ്റവുമില്ല.ഒടുവിൽ ജയ് ഹിന്ദ് പറഞ്ഞ് നടക്കുമ്പോൾ കാലുകൾ മാത്രം ചലിക്കുന്നു. അത്രമാത്രം. ഗുജറാത്തിന്റെ ലല്ല ഇന്ത്യൻ പ്രധാനമന്ത്രിയായി. അദ്ദേഹം പതുക്കെപ്പതുക്കെ ആധിപത്യമുറപ്പിക്കുവാൻ മതപരമായ തീവ്രാശയങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നു.
ഈ നോവൽ എത്രമാത്രം പ്രകോപനപരമാണെങ്കിലും ഇതിൽ മനുഷ്യസ്നേഹത്തിന്റെ വജ്രസ്വപ്നങ്ങൾ ജ്വലിക്കുന്നുണ്ട്. സ്നേഹത്തിന്റെ സുഗന്ധം നോവലിൽ നിന്നുമുയരുന്നു. രക്തത്തിന്റെ നനവ് പുരണ്ട വാക്കുകളിൽ നിന്നും മനുഷ്യബന്ധങ്ങളുടെ മാധുര്യവും സംഗീതവും പുറത്തുവരുന്നു. ഔറംഗസീബിന്റെ കാലത്ത് ജീവിച്ചിരുന്ന ഹസ്രത്ത് സർമാദിന്റെ തല, ഉടലിൽ നിന്നും വേ‌ർപ്പെട്ടപ്പോഴും സ്നേഹത്തിന്റെ കവിതകൾ പാടിക്കൊണ്ടിരുന്നുവെന്ന് നോവലിൽ പറയുന്നുണ്ട്. പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും എല്ലാവിധ കെട്ടുപാടുകൾക്കും അപ്പുറത്തേക്കു പോകുന്ന ശുദ്ധമായ സ്നേഹത്തിന്റെയും ഭാവങ്ങൾ ഈ നോവലിൽ വിടർന്നുവരുന്നു. തിലോത്തമയുടെ സമീപത്തേക്ക് വന്ന മൂസ്സ മൂന്നുദിവസം ശ്മശാനത്തിലെ ജാനറ്റ് ഗസ്റ്റ് ഹൗസിൽ താമസിക്കുന്നുണ്ട്. അവസാന ദിവസം അവർ ഒന്നിച്ച് കൈകൾ ചേർത്ത് കിടക്കുന്നു. അടുത്തദിവസം മൂസ്സാ കാശ്മീരിലേക്ക് പോകും പിന്നെ തിരിച്ചുവരവുണ്ടാവില്ല. മുഖമില്ലാത്ത ഒരാളായി, പേരില്ലാത്ത ശ്മശാനത്തിൽ അയാൾ അടക്കം ചെയ്യപ്പെടും.അയാൾ അവസാനമായി സ്നേഹത്തിന്റെ സുഗന്ധം ആസ്വദിക്കുകയാണ് ശ്മശാനത്തിലെ ഗസ്റ്റ് ഹൗസിൽ നരകത്തിന്റെ ദ്വീപിൽ സ്നേഹത്തിന്റെ സ്വർഗം പണിയുകയാണോ ഈ നോവലിസ്റ്റ്?

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ