Sunday, 23 July 2017 6.17 AM IST
പുതുക്കി എഴുതുകയല്ല ഉപേക്ഷിക്കുകയാണ് വേണ്ടത്
July 13, 2017, 2:00 am
കശാപ്പിനായി കന്നുകാലികളെ ചന്തകളിൽ വിൽക്കുന്നതു നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം സുപ്രീംകോടതി മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തത് താൽക്കാലികമായെങ്കിലും ഇതേച്ചാല്ലിയുള്ള വിവാദങ്ങൾക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ മദ്രാസ് ഹൈക്കോടതിയും കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്തിരുന്നു. വിവിധ സംസ്ഥാന ഹൈക്കോടതികളിലും സ്റ്റേ ഹർജികൾ എത്തിയിരുന്നു. മാടുകളെ കശാപ്പു ചെയ്യുന്നതിനും വിൽക്കുന്നതിനും ഒരുവിധ നിയന്ത്രണവുമില്ലെന്നും ചന്തകളിൽ അവ വിൽക്കുന്നതിനാണ് നിയന്ത്രണമുള്ളതെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കിയിരുന്നു. സുപ്രീംകോടതി കഴിഞ്ഞ ദിവസം ഫലത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ സ്റ്റേ ഉത്തരവ് രാജ്യവ്യാപകമായി ബാധകമാണെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് കാരണമായ കശാപ്പു നിയന്ത്രണ വിജ്ഞാപനം ആവശ്യമായ മാറ്റങ്ങളോടെ വീണ്ടും പുറപ്പെടുവിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇക്കാര്യം സ്റ്റേ ഹർജിയുടെ വാദം നടക്കണം. കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സ്റ്റേ ഉത്തരവിന് മൂന്നുമാസത്തെ പ്രാബല്യം നൽകിയത്. ആഗസ്റ്റ് അവസാനത്തോടെ പുതിയ വിജ്ഞാപനം ഇറക്കുമെന്നാണ് കേന്ദ്രത്തിനു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിട്ടുള്ളത്. അതു പുറത്തുവന്നാലും ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് 26 നാണ് കശാപ്പു നിയന്ത്രണ വിജ്ഞാപനവുമായി വിവാദം അഴിച്ചുവിട്ടത്. കശാപ്പിനും മാട്ടിറച്ചി ഉപയോഗത്തിനും നിയന്ത്രണമൊന്നും ഏർപ്പെടുത്തിയില്ലെങ്കിലും കാലി വില്പനയുമായി ബന്ധപ്പെട്ട കർക്കശ വ്യവസ്ഥകൾ ഫലത്തിൽ മാംസ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. കോടിക്കണക്കിനാളുകളുടെ ഇഷ്ട ഭക്ഷണത്തിനാണ് ഭരണകൂടം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്നതായിരുന്നു കേന്ദ്ര വിജ്ഞാപനം. മാംസ വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലിലേർപ്പെട്ടിരുന്ന ലക്ഷക്കണക്കിനാളുകളുടെ വരുമാനവും മുടങ്ങി. ഇറച്ചി കയറ്റുമതി നിലച്ചതിലൂടെ ഉണ്ടായ ഭീമമായ നഷ്ടം വേറെ. കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട സകല മേഖലകളെയും തളർത്തുവാനേ അനവസരത്തിലുള്ള കേന്ദ്ര നടപടി ഉപകരിച്ചുള്ളൂ. ജനഹിതം മാനിക്കാതെ കൊണ്ടുവന്ന കശാപ്പു നിയന്ത്രണ വിജ്ഞാപനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും തെല്ലും ആലോചിച്ചില്ല. വിജ്ഞാപനത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതാണ്. ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് കേന്ദ്രം ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ, ഇതുവരെ അതിനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ പ്രശ്നം സുപ്രീംകോടതിയിൽ എത്തിയപ്പോഴാണ് വിജ്ഞാപനം മാറ്റങ്ങളോടെ പുതുക്കി ഇറക്കാമെന്ന നിലപാടുമായി കേന്ദ്രം മുന്നോട്ടുവന്നത്. അപക്വവും അപ്രായോഗികവുമായ കശാപ്പു നിയന്ത്രണ ഉത്തരവിൽ ഭേദഗതിയല്ല അത് അപ്പാടെ ഉപേക്ഷിക്കാനുള്ള വിവേകമാണ് സർക്കാർ കാണിക്കേണ്ടത്. ജനവിഭാഗങ്ങളെ തമ്മിൽത്തല്ലിക്കാനും നിരപരാധികളെ കുരുതി കൊടുക്കാനും മാത്രമേ വിജ്ഞാപനം കൊണ്ട് സാദ്ധ്യമായുള്ളൂ. കശാപ്പു നിയന്ത്രണം ഏർപ്പെടുത്തിയശേഷം അതിന്റെ പേരിൽ എത്രയോ പേർ രാജ്യത്ത് രക്തസാക്ഷികളായി. ബീഫിന്റെ പേരിൽ മനുഷ്യനെ നിഷ്കരുണം തല്ലിക്കൊന്ന നിരവധി പൈശാചിക സംഭവങ്ങൾ അരങ്ങേറി. വർഗ്ഗീയ ഏട്ടുമുട്ടലോളം വളർന്ന സന്ദർഭങ്ങളുമുണ്ട്. മുൻപിൽ ചിന്തയില്ലാതെ ഭരണകൂടം കൊണ്ടുവരുന്ന ഇതുപോലുള്ള തീരുമാനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന അസഹിഷ്ണുതയും സംഘർഷവും തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി തന്നെ ഇരുളിലാകും. കാലി വില്പനയിൽ അനാശാസ്യ പ്രവണതകളുണ്ടെങ്കിൽ അവ നിയമാനുസൃതം പരിഹരിക്കാനുള്ള വഴിയാണ് നോക്കേണ്ടത്. ദുരുപദിഷ്ടമായ കശാപ്പു നിയന്ത്രണ വിജ്ഞാപനം വന്നതോടെ മാംസ വ്യാപാര രംഗത്ത് അവ്യക്തതയും ചിന്താക്കുഴപ്പവും ഉടലെടുത്തത് ഇപ്പോഴും അതേപടി നിലനിൽക്കുകയാണ്. വിജ്ഞാപനം പുതുക്കി എഴുതാനൊരുങ്ങുന്ന കേന്ദ്ര സർക്കാർ ഇതിന് ഈ വിഷയത്തിൽ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധവും ജനവികാരവും പൂർണ്ണ തോതിൽ ഉൾക്കൊള്ളണം. ജനങ്ങൾക്ക് വേണ്ടാത്ത നിയമവും നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകരുത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ