അണയാത്ത ജ്വാല
July 16, 2017, 12:16 am
പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ
ഞങ്ങളുടെ യൗവനത്തിൽ ഒരു നിതാന്ത വിസ്മയമായിരുന്നു കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ. വായനയുടെയും ചിന്തയുടെയും രാഷ്ട്രീയത്തിന്റെയും നവ്യാനുഭവങ്ങളും ചിന്താസരണികളും തന്റെ വായനക്കാർക്ക് മുന്നിൽ മലർക്കെ തുറന്നിട്ട്, ഒരു പ്രത്യേക കാലഘട്ടത്തെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയ പത്രാധിപർ കെ. ബാലകൃഷ്ണനെപ്പോലെ മറ്റൊരാളില്ല. എല്ലാവിധ കാപട്യങ്ങൾക്കുമെതിരെ അദ്ദേഹം നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളാണ് കെ. ബാലകൃഷ്ണനെ ചെറുപ്പക്കാരുടെ ആരാധനാമൂർത്തിയാക്കിയത്.
അദ്ദേഹം കൗമാരദശയിൽ വിശ്വസിക്കാനാകാത്ത കഥകളിലെ നായകനായിരുന്നു. പള്ളിക്കൂടത്തിൽ മലയാളം പഠിച്ചതേയില്ല. എന്നാൽ, രാജഭരണം തുറുങ്കിലടച്ചിരുന്ന പിതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവേദികളിൽ കേൾവിക്കാരെ വികാരാധീനരാക്കുന്ന ഹൃദയാർദ്രമായ മലയാള ശൈലി അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ലോകത്ത് താൻ ഏറ്റവും ആരാധിക്കുന്ന വ്യക്തി സ്വന്തം പിതാവ് സി.കേശവനാണെന്ന് പറയവേ തന്നെ മുഖ്യമന്ത്രി സി. കേശവന്റെ നടപടികളെ തുറന്നെതിർക്കുന്നതിനും അദ്ദേഹം മടിച്ചില്ല.
രാഷ്ട്രീയ പ്രവർത്തകനായി ജീവിതം ആരംഭിച്ച സി.വി. കുഞ്ഞുരാമന്റെ ചെറുമകൻ, ഏറെ ശ്രദ്ധേയനായത് അദ്ദേഹം സ്വന്തം പത്രാധിപത്യത്തിൽ തുടങ്ങിയ കൗമുദി വാരികയിലൂടെയായിരുന്നു. നിലവിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളിൽ നിന്ന് അത്യന്തം വിഭിന്നമായ ഉള്ളടക്കവും തുറന്നു സമീപനവും കൊണ്ട് കൗമുദി അക്കാലത്തെ യുവാക്കളുടെ ഹരമായി. ബാലകൃഷ്ണന്റെ കൗമുദിക്കുറിപ്പുകൾ രാഷ്ട്രീയ വേദികളിലും ചോദ്യോത്തര പംക്തി ഗൃഹസദസുകളിലും സജീവ ചർച്ചാ വിഷയമായി. പത്രാധിപരെന്നതിലുപരി ചെറുപ്പക്കാരെ കെ. ബാലകൃഷ്ണനിലേക്ക് ആകർഷിച്ചത് അദ്ദേഹത്തിന്റെ അനന്യസാധാരണമായ വാഗ്‌വിലാസമായിരുന്നു. പ്രതിഭാധനരായ ഒട്ടേറെ എഴുത്തുകാരെ കണ്ടെത്തി സാഹിത്യ ലോകത്തേക്ക് കൈപിടിച്ചാനയിച്ചതിൽ കൗമുദിയുടെ പങ്ക് വലുതായിരുന്നു. പിൽക്കാലത്ത് മലയാളത്തിൽ യശസ്വികളായിത്തീർന്ന സാഹിത്യ നായകന്മാരൊക്കെ കൗമുദിയുടെ തിരുമുറ്റത്ത് പിച്ചവച്ച് വളർന്നവരാണ് എന്ന് അവരുടെ അനുഭവ കഥനങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മലയാള മാധ്യമരംഗത്ത് സാഹിത്യ സംവാദങ്ങൾക്ക് തുടക്കം കുറിച്ചതും അതുവഴി സാഹിത്യ വിമർശനങ്ങൾക്ക് പുതിയൊരു പാത ഒരുക്കിയതും കെ. ബാലകൃഷ്ണനായിരുന്നു. സി.ജി. തോമസ്, എം.വി. ദേവൻ, കുട്ടിക്കൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, പി. കേശവദേവ്, മലബാർ കെ. ദാമോദരൻ, കെ. വിജയരാഘവൻ, പി.കെ. ബാലകൃഷ്ണൻ, എം. കൃഷ്ണൻ നായർ തുടങ്ങിയവർ പലപ്പോഴായി ഏറ്റുമുട്ടിയിരുന്നു. തീപാറുന്ന ആ സംവാദങ്ങളിൽ.
കെ.എസ്.പിയുടെയും അതിന്റെ പിൻഗാമിയായ ആർ.എസ്.പിയുടെയും സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു കെ. ബാലകൃഷ്ണൻ. കെ.എസ്.പിക്ക് ദേശീയാടിസ്ഥാനത്തിൽ ചേർന്നു പ്രവർത്തിക്കാൻ പറ്റിയ ഒരു ദേശീയ കക്ഷിയെ കണ്ടെത്താൻ നിയുക്തരായത് കെ. ബാലകൃഷ്ണനും ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയുമായിരുന്നു. ഒരു മാസം നീണ്ടു നിന്ന അവരുടെ കൽക്കത്താ സന്ദർശനവും വിവിധ സോഷ്യലിസ്റ്റ് കക്ഷി നേതാക്കളുമായുള്ള ചർച്ചകളും അവരുടെ റിപ്പോർട്ടുമാണ് 1950 ജനുവരി കെ.എസ്.പി ദേശീയ കക്ഷിയായ ആർ.എസ്.പിയിൽ ലയിക്കാൻ കാരണമായത്.
കെ. ബാലകൃഷ്ണൻ ഒരു വ്യക്തിമാത്രമായിരുന്നില്ല. ബഹുമുഖ വ്യക്തികളുടെ ഒരപൂർവ്വ കൂടിച്ചേരലായിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ