ജനപ്രിയ നായകൻ ഒരു നിമിഷം കൊണ്ട് കൊടും വില്ലനായി
July 11, 2017, 1:27 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: മലയാള സിനിമയുടെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ച് അടക്കി ഭരിക്കാനുള്ള തേരോട്ടത്തിലായിരുന്നു ദിലീപ് എന്ന ഗോപാലകൃഷ്ണൻ. പക്ഷ, ഇന്നലത്തെ അറസ്റ്റോടെ തേര് ചെളിയിൽ പുതഞ്ഞ അവസ്ഥയിലായി. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു സൂപ്പർതാരത്തിന്റെ അറസ്റ്റ് ആദ്യമാണ്.
ദിലീപിന്റെ അറസ്റ്റ് വാർത്ത മലയാള സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. നിർമ്മാണം, വിതരണം തുടങ്ങിയ മേഖലകളിലെല്ലാം മേൽക്കൈ നേടാനായി കൃത്യമായി കരുക്കൾ നീക്കി വിജയിച്ചിട്ടുള്ള ദിലീപിന് ഈ സംഭവത്തിൽ മാത്രമാണ് ചുവട് പിഴച്ചത്. ഒരുപാട് സിനിമകളുടെ തിരക്കഥകളിൽ ഇടപെട്ട് മാറ്റം വരുത്തിയിട്ടുള്ള ദിലീപിന് ഇവിടെ മാത്രം ക്ളൈമാക്സ് തെറ്റി. ഇതോടെ ജനപ്രിയൻ എന്ന മേൽവിലാസം പോലും നഷ്ടമായി. വില്ലന്റെ ഇമേജാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്.
ദിലീപിനെ നായകനാക്കി നിർമ്മാണം പൂർത്തിയായ ചിത്രങ്ങളുടെ ഭാവിയും അറസ്റ്റോടെ അവതാളത്തിലായി. ടോമിച്ചൻ മുളകുപ്പാടം നിർമ്മിച്ച 'രാമലീല'യുടെ റിലീസ് ഒരു ഘട്ടത്തിൽ മാറ്റിവച്ചതിനു ശേഷം അടുത്ത ആഴ്ച റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഗോകുലം ഗോപാലൻ നിർമ്മിക്കന്ന 'കമ്മാരസംഭവം', സനൽ തോട്ടം നിർമ്മിക്കുന്ന 'പ്രൊഫ. ഡിങ്കൻ' എന്നിവുടെ ഷൂട്ടിംഗ് മുക്കാലും പൂർത്തിയായതാണ്. ചില ചിത്രങ്ങൾ പണിപ്പുരയിലുമാണ്. ഉന്നതിയിൽ നിന്ന് പെട്ടെന്ന് പടുകുഴിയിലേക്ക് പതിക്കുകയാണ് ദിലീപ് എന്ന താരം.
മാനത്തെ കൊട്ടാരം, സല്ലാപം, ഈപുഴയും കടന്ന്, പഞ്ചാബിഹൗസ്, ഈ പറക്കുംതളിക, കല്യാണരാമൻ, മീശമാധവൻ, സി.ഐ.ഡി മൂസ ... സൂപ്പർ ഹിറ്റുകളിലൂടെ മലയാള താരരാജാക്കന്മാർക്കൊപ്പം ഒരു കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു ദിലീപ്.
ഒരുകാലത്ത് സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മുട്ടിടിച്ച് വീഴുമ്പോൾ ദിലീപ് ചിത്രങ്ങൾ മാത്രമായിരുന്നു വിജയം നേടിക്കൊണ്ടിരുന്നത്. 2008ൽ 'അമ്മ' ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ സ്വന്തമായി 'ഗ്രാന്റ് പ്രെ‌‌‌‌‌‌ഡക്‌ഷൻസ് ' രൂപീകരിച്ച് ആ അവസരം ദിലീപ് കൈക്കലാക്കി. 'അമ്മ'യുടെ 'ട്വന്റി 20' ദിലീപിന്റെ സിനിമയായി മാറി. ഇതിനിടെ ബിസിനസ് സിനിമയ്ക്ക് അപ്പുറത്തേക്കും ദിലീപ് വളർത്തി. ഹോട്ടൽ രംഗത്തും കൈവച്ചു.
ഈയിടെ ചിത്രങ്ങളുടെ റിലീസിംഗുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ സംഘടനകൾ സമരത്തിനിറങ്ങിയപ്പോൾ ആ സമരം പൊളിച്ചത് ദിലീപിന്റെ ബുദ്ധിയായിരുന്നു. ഒടുവിൽ തിയേറ്റർ ഉടമകളുടെ സംഘടനയെയും കൈയിലെടുത്തു. 'അമ്മ'യിൽ നിർണായക സ്വാധീനമാണ് ദിലീപിന് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് സംഘടനയുടെ ഭാരവാഹികൾ ഒറ്റക്കെട്ടായി താരത്തിനൊപ്പം നിന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ