തലമുടി കളയരുതെ, തയ്യാറാക്കാം പ്ളാന്റ് ടോണിക്
July 12, 2017, 1:20 am
രാജൻ പുരക്കോട്
തിരുവനന്തപുരം : മുറിച്ച തലമുടി മറവു ചെയ്യാൻ ഇനി ഇടം തേടി അലയേണ്ട. പാഴ് വസ്തുവായി കളഞ്ഞിരുന്ന മുടിയിൽ നിന്ന് ജൈവവളമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് കേരള കാർഷിക സർവകലാശാല. ഇവിടെ നിന്നുള്ള തലമുടി പ്ളാന്റ് ടോണിക്ക് ഉടൻ വിപണിയിലെത്തും. ചെടികളിൽ പരീക്ഷിച്ചുവരികയാണിപ്പോൾ .
പ്രോട്ടീൻ സമ്പന്നമാണ് നാം നിസ്സാരമായിക്കാണുന്ന തലമുടി . ഇതിൽ ചെടിവളർച്ചയ്ക്കുവേണ്ട നൈട്രജൻ 16 ശതമാനംവരും. കാർബൺ , ഫോസ്ഫറസ്, സൾഫർ എന്നിവയും , മൂലകങ്ങളായ ഇരുമ്പ്, ചെമ്പ് , നാകം തുടങ്ങിയവയുമുണ്ട്. കൂടുതൽ കാണപ്പെടുന്നത് നൈട്രജനാണ് . ഇതിലാണ് കാർഷിക സർവകലാശാലയുടെ ഗവേഷണ വിഭാഗം പിടിമുറുക്കിയത്. തലമുടിയിലെ ജൈവപ്രോട്ടീൻ വിഘടിപ്പിക്കുക അത്രഎളുപ്പമല്ല. എന്നാൽ , പ്രത്യേക പ്രക്രിയയിലൂടെ പ്രോട്ടീൻ വേർതിരിച്ചെടുക്കുന്നതിൽ സർവകലാശാല വിജയിച്ചു. ഈ പോഷണ സംയുക്തം ലായനിയാക്കാം. ഇതിൽ ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം എന്നിവ ചേർത്താണ് പച്ചക്കറിക്കും പുഷ്പകൃഷിക്കും ഉത്തമമായ പ്ളാന്റ് ടോണിക്ക് പുറത്തിറക്കുക . പല ഗാഢതയിൽ പ്ളാന്റ് ടോണിക്ക് നേർപ്പിച്ച് ഉപയോഗിക്കാം. വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ പലതരം സൗന്ദര്യ സംവർദ്ധക വസ്തുക്കളുണ്ടാക്കാനുപയോഗിക്കാം.

തലമുടി പൊന്നാണ് :

 എലി , പന്നി, പാറ്ര, തുരപ്പൻ കീടങ്ങൾ എന്നിവയകറ്റാൻ ഉത്തമം
 വെള്ളത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റാനുള്ള ഫിൽട്ടറാക്കാം
 വെള്ളം പിടിച്ചുനിർത്താനുള്ള ശേഷിയുണ്ട് മുടിക്ക്
 ദ്രവിക്കാൻ താമസമുണ്ടെങ്കിലും മണ്ണിന്റെ ജൈവാംശം വർദ്ധിപ്പിക്കും.


പ്രതിമാസം പത്ത് ടൺ മുടിവേസ്റ്ര് :
സംസ്ഥാനത്തെ മുപ്പതിനായിരത്തോളം ബ്യൂട്ടി പാർലറുകളിൽ നിന്നും ബാർബർ ഷാപ്പുകളിൽനിന്നും പ്രതിമാസം 10 ടണ്ണോളം മുടിവേസ്റ്റാണ് ഉണ്ടാവുന്നത്. നീളമുള്ള മുടി കീമോ തെറാപ്പിമൂലം മുടിപോയ കാൻസർ രോഗികൾക്ക് വിഗുണ്ടാക്കാൻ സൗജന്യമായി നൽകുന്നുണ്ട്. നിശ്ചിത നീളത്തിലുള്ള മുടി വിഗ്, പലതരം ബ്യൂട്ടി ബ്രഷുകൾ എന്നിവ നിർമ്മിക്കാൻ നൈജീരിയിലേക്ക് കയറ്രി വിടുന്നുണ്ട്. ശേഷിക്കുന്നത് നശിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ് .
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ