Sunday, 23 July 2017 6.15 AM IST
ഇനി വേണ്ടത് ശുദ്ധീകരണം
July 12, 2017, 2:00 am
വെള്ളിത്തിരയിലെ വിസ്മയ ലോകത്തു നിന്ന് ജയിലറയിലേക്കുള്ള താരരാജാവിന്റെ യാത്ര മലയാള സിനിമയ്ക്കു മാത്രമല്ല മലയാളികൾക്കാകമാനം നേരിട്ട അവമതിയാണ്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ നിയമത്തിന്റെ പിടിയിലായവർ ധാരാളമുണ്ട്. എന്നാൽ കാൽനൂറ്റാണ്ടോളം മലയാള സിനിമയിൽ ജനപ്രിയ നായകനെന്ന പെരുമയുമായി നിറഞ്ഞുനിന്ന ദിലീപിനെപ്പോലൊരു നടൻ ഇത്തരത്തിലൊരു കുറ്റകൃത്യത്തിൽപ്പെട്ട് അറസ്റ്റിലാകുന്നത് ഇതാദ്യമാണ്. കുടുംബ ജീവിതത്തിലുണ്ടായ അപചയത്തിനു കാരണക്കാരിയെന്നു കരുതി യുവനടിയെ ക്വട്ടേഷൻ കൊടുത്ത് നിന്ദ്യവും നികൃഷ്ടവുമായ വിധത്തിൽ മാനഭംഗപ്പെടുത്താൻ ആളെ ഏർപ്പാടു ചെയ്ത ഗൂഢാലോചനക്കുറ്റം ചാർത്തിയാണ് ഈ നടൻ അറസ്റ്റ് ചെയ്യപ്പെട്ടതെന്നത് ഞെട്ടലുളവാക്കുന്നു. തിരശീലയിൽ നന്മയുടെയും സ്നേഹത്തിന്റെയും
പര്യായമായി സദാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യുന്ന ഒരു നടന് ഇത്തരത്തിൽ ഒരു ഇരുണ്ട മുഖവും ഉണ്ടായിരുന്നല്ലോ എന്നോർത്താണ് പ്രേക്ഷക ലക്ഷങ്ങൾ മൂക്കത്തു വിരൽ വച്ചു നിൽക്കുന്നത്. സിനിമയിൽ മാത്രമല്ല അധോലോക പ്രവൃത്തിയിലും കറകളഞ്ഞ നടൻ തന്നെയാണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് ഈ നടൻ. കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ തക്ക ശേഷി നേടിയതിലൂടെ സ്വാഭാവികമായും കൈവന്ന അഹന്തയാകാം ശത്രു സംഹാരത്തിനായി ഇത്തരത്തിലൊരു നികൃഷ്ട കൃത്യം ചെയ്യിക്കാൻ പ്രേരകം. എന്തായാലും എത്രയൊക്കെ ഒളിക്കാൻ ശ്രമിച്ചാലും കുറ്റവാളി ഒരു ദിനം നിയമത്തിന്റെ ബലിഷ്ട കരങ്ങളിൽ അമരുക തന്നെ ചെയ്യുമെന്ന പൊതുതത്വം ദിലീപിന്റെ കാര്യത്തിലും ശരിയായി ഭവിച്ചിരിക്കുകയാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവവും അതു നടപ്പാക്കിയതിൽ കാണിച്ച പ്രൊഫഷണൽ രീതിയും സമൂഹത്തെയും സഹപ്രവർത്തകരെയും ഒന്നടങ്കം തെറ്റിദ്ധരിപ്പിച്ച് നിഷ്കളങ്കനാകാൻ നടത്തിയ ശ്രമവുമെല്ലാം ഉദ്വേഗജനകമായ തിരക്കഥയ്ക്കു തുല്യമാണ്. സിനിമാ ലോകത്തു നടമാടുന്ന അനഭിലഷണീയ പ്രവണതകളുടെയും അവയ്ക്കു നേതൃത്വം നൽകുന്ന ദുഷ്ടമൂർത്തികളുടെയും ഇരകളാകേണ്ടി വന്നിട്ടുള്ളവർ അനവധിയാണ്. തിന്മകൾക്കെതിരെ ശബ്ദമുയർത്താൻ പോലും ഭയപ്പെടുന്നവരാണ് അധികവും. ദിലീപിന്റെ അറസ്റ്റോടെ പലരും മിണ്ടിത്തുടങ്ങിയിട്ടുണ്ട്. മുൻപ് ശബ്ദമുയർത്തിയവരാരും തന്നെ സിനിമയുടെ മുഖ്യധാരയിൽ അധികനാൾ നിലനിന്നിട്ടുമില്ല.
യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ട് അഞ്ചുമാസത്തോളം എത്തുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ് നടക്കുന്നത്. കൃത്യം നടത്തിയ മുഖ്യ പ്രതി ഉൾപ്പെടെ അരഡസൻ പേർ സംഭവം നടന്ന ഉടനെ പൊലീസ് പിടിയിലായിരുന്നു. കുറ്റകൃത്യത്തിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം തുടക്കം മുതലേ ഉണ്ടായിരുന്നു. അല്പം വൈകിയാണെങ്കിലും പൊലീസ് അതിസമർത്ഥമായി ഈ ഗൂഢാലോചന കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു, മുടിചൂടാ മന്നനായി ചലച്ചിത്ര ലോകത്തു വാണരുളുന്ന ഒരു നടനെ കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്യേണ്ടിവരുമ്പോൾ പഴുതടച്ച് സകലവിധ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പൊലീസ് ഇക്കാര്യത്തിൽ വേണ്ട കരുതലുകളെടുത്തിട്ടുണ്ടെന്ന് വിശ്വസിക്കാം.
അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് സർക്കാരിൽ നിന്ന് ലഭിച്ച കലവറയില്ലാത്ത പിന്തുണയും കുരുക്കില്ലാത്ത സ്വാതന്ത്ര്യവുമാണ് കേസിന് വഴിത്തിരിവുണ്ടാക്കിയതെന്ന് നിസ്സംശയം പറയാം. തീർച്ചയായും അഭിനന്ദിക്കപ്പെടേണ്ട കാര്യമാണിത്. പൊലീസും സർക്കാരും സംശയ നിഴലിലായ സന്ദർഭങ്ങൾ അന്വേഷണ വേളയിൽ ചിലപ്പോൾ ഉണ്ടായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്മാർ തങ്ങളുടെ സാമർത്ഥ്യവും കഴിവും സംശയലേശമന്യേ തെളിയിച്ചു.
ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയുടെ മുഖത്തേറ്റ കനത്ത പ്രഹരം തന്നെയാണ്. ഒരാളുടെ ദുഷ് ചെയ്തിക്ക് ചലച്ചിത്ര
മേഖലയാകെ നിന്ദിതമായ അവസ്ഥയാണു വന്നു ചേർന്നിരിക്കുന്നത്. താര സംഘടനയായ 'അമ്മ' ദിലീപിനനുകൂല സമീപനം സ്വീകരിച്ചതിന്റെ പേരിൽ പരക്കെ വിമർശനം നേരിടേണ്ടിവന്നു. അറസ്റ്റിനു ശേഷം ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ ഉചിത നടപടി തന്നെയാണത്. അക്രമത്തിനിരയായ
തങ്ങളുടെ സഹജീവിക്കൊപ്പം തന്നെയാണ് തങ്ങളെന്ന 'അമ്മ'യുടെ പ്രഖ്യാപനവും സ്വാഗതാർഹമാണ്. ജനവികാരം താരസംഘടനയും ഈ രംഗത്തെ മറ്റു സംഘടനകളും മനസിലാക്കുന്നുവെന്ന് കാണുന്നത് ശുഭോദർക്കമായി കരുതാം. ദിലീപ് അറസ്റ്റിലായ വാർത്തയറിഞ്ഞ് ആലുവാ പൊലീസ് ക്ളബിനു മുന്നിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്കു മുന്നിലും രോഷാകുലരായി തടിച്ചുകൂടിയവർ പ്രകടിപ്പിച്ച പ്രതിഷേധം ചലച്ചിത്ര ലോകം കാണാതിരുന്നുകൂടാ. താരപ്പകിട്ടിന്റെ മറവിൽ അരങ്ങേറുന്ന ഏതു കിരാത നടപടിയും സമൂഹം പൊറുത്തുകൊള്ളുമെന്ന് കരുതുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഈ പ്രതിഷേധ സംഗമങ്ങൾ. മാഫിയാ വാഴ്ചയിൽ നിന്നും ദുഷ്പ്രവണതകളിൽ നിന്നും മലയാള സിനിമ മുക്തി പ്രാപിക്കാനുള്ള അവസരം കൂടിയാണിത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ