വ്യാജൻ പെരുകുന്നു, കൈത്തറി നാശത്തിലേക്ക്
July 15, 2017, 3:00 am
ആർ. സ്‌മിതാദേവി

തിരുവനന്തപുരം:വിപണിയിൽ പെരുകുന്ന വ്യാജ കൈത്തറി ഉത്‌പന്നങ്ങൾ കൈത്തറി വ്യവസായത്തിന്റെ നാശത്തിന് കളമൊരുക്കുന്നു.
കൈത്തറിയെന്ന വ്യാജലേബലിൽ കോടിക്കണക്കിന് രൂപയുടെ ഉത്‌പന്നങ്ങളാണ് കേരളത്തിലെ വസ്‌ത്രശാലകളിൽ വിൽക്കുന്നത്. കേന്ദ്രസർക്കാരിന്റെ കൈത്തറി മാർക്കുള്ള ഉത്‌പന്നങ്ങൾ മാത്രമേ കൈത്തറി എന്ന പേരിൽ വിൽക്കാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ വ്യാജനെ തടയാൻ കൈത്തറി നിർമ്മാണ യൂണിറ്റുകളിൽ മാത്രമേ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്താവൂ എന്നും നിയമം പറയുന്നു! ഇതാണ് വ്യാജഉത്പന്നങ്ങൾ വിൽക്കാൻ വ്യാപാരികൾക്ക് ധൈര്യം നൽകുന്നതും. പവർലൂമിൽ കൈത്തറിയുടെ വ്യാജ ഉത്‌പന്നങ്ങൾ നിർമ്മിക്കുന്നത് ആറ് മാസം മുതൽ ആറ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും തുണിമില്ലുകളിൽ നിന്നാണ് വ്യാജകൈത്തറി ഉത്‌പന്നങ്ങൾ കേരളത്തിലേക്ക് ഒഴുകുന്നത്. പരമ്പരാഗത കൈത്തറി മേഖല നശിക്കുന്നതിന് പ്രധാന കാരണവും ഇതുതന്നെ.
1985 ലെ ഹാൻഡ് ലൂം റിസർവേഷൻ ആക്‌ട് പ്രകാരം കൈത്തറിയിലെ 22 ഇനങ്ങൾ സംരക്ഷിത വിഭാഗത്തിലാണ്. കേരളത്തിലെ കൈത്തറി മേഖലയിൽ ഏഴ് ഇനങ്ങൾ ഈ വിഭാഗത്തിലുണ്ട്. കൈത്തറിയെന്ന ലേബലിൽ ഇവയുടെയെല്ലാം വ്യാജഉത്‌പന്നങ്ങളാണ് പരക്കെ വിൽക്കുന്നത്.
ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ലഭിച്ച ഉത്‌പന്നങ്ങളായ ബാലരാമപുരം കൈത്തറി, കാസർകോഡ് സാരികൾ, ചേന്ദമംഗലം സെറ്റ് മുണ്ട്, കുത്താംപുള്ളി സാരി എന്നിവയും വ്യാജന്റെ കുരുക്കിൽ പെടുന്നു. ഉപഭോക്‌താക്കൾക്കാകട്ടെ കൈത്തറിയും വ്യാജനും തമ്മിൽ തിരിച്ചറിയാൻ സംവിധാനങ്ങളുമില്ല.

നിയമത്തിന്റെ പിൻബലമില്ല;
പരിശോധന പരിമിതം

കേരളത്തിലെ പവർലൂം യൂണിറ്റുകളിൽ കൈത്തറിയുടെ വ്യാജൻ നിർമ്മിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാൻ കഴിയൂ. കടകളിൽ പരിശോധന നടത്താൻ കൈത്തറി എൻഫോഴ്‌സ്‌മെന്റിന് അധികാരമില്ല. നിയമത്തിന്റെ പിൻബലമില്ലാത്തതാണ് കാരണം. കടകളിലെ വ്യാജനെതിരെ ഉപഭോക്‌താവ് പരാതി നൽകിയാൽ ‌ഞങ്ങൾ പൊലീസിനെ അറിയിക്കും. റോഡ് മാർഗം ഉത്‌പന്നങ്ങൾ കടത്തുന്നതായി വിവരം ലഭിച്ചാലും പൊലീസിനെ അറിയിക്കുകയേ നിവൃത്തിയുള്ളൂ. നിയമം ഭേദഗതി ചെയ്‌താലേ വ്യാജനെതിരെയുള്ള നടപടികൾ കർശനമാക്കാനാവൂ.

സുധീർ കെ. , ഡയറക്‌ടർ
സ്‌റ്റേറ്റ് ഹാൻഡ് ലൂം ആൻഡ് ടെ‌ക്‌സ്‌റ്റൈൽസ്

കേരളത്തിലെ സംരക്ഷിത
കൈത്തറി ഇനങ്ങൾ

കേരള സാരി, മുണ്ട് നേര്യത്, ഒറ്റമുണ്ട്, ഡബിൾ മുണ്ട്, ബഡ്‌ഷീറ്റ്, തലയിണ, ലുങ്കി
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ