Saturday, 22 July 2017 8.19 AM IST
നഴ്സ് സമരത്തിൽ മുഖ്യമന്ത്രി ഇടപെടണം
July 15, 2017, 6:26 am
വേതന വർദ്ധനയ്ക്കായി സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ തിങ്കളാഴ്ച മുതൽ സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നഴ്‌സുമാരെ നേരിടാനെന്നവണ്ണം സ്വകാര്യ ആശുപത്രികൾ അന്നുമുതൽ ഭാഗികമായി അടച്ചിടുമെന്ന് അവരുടെ സംഘടനയും നിലപാടെടുത്തിരിക്കുന്നു. ഫലത്തിൽ സംസ്ഥാനത്തെ ആരോഗ്യ മേഖല വൻ വിപത്തിലേക്കാണു നീങ്ങുന്നത്. പനി പിടിച്ച് ദിവസേന പത്തും അതിനപ്പുറവും ആളുകൾ പിടഞ്ഞു മരിക്കുന്ന സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾ സ്തംഭിച്ചാലുണ്ടാകാവുന്ന ഗുരുതരമായ സ്ഥിതിവിശേഷം നേരിടാനുള്ള ശേഷി എന്തായാലും സർക്കാർ ആശുപത്രികൾക്കില്ല. അതുകൊണ്ട് സ്വകാര്യ ആശുപത്രികളെ ബാധിച്ചേക്കാവുന്ന പണിമുടക്ക് ഏതു വിധേനയും ഒഴിവാക്കാനുള്ള തീവ്രശ്രമങ്ങൾ സർക്കാരിൽ നിന്നുണ്ടാകണം. നഴ്‌സുമാരുടെ വേതന വർദ്ധന പ്രശ്നത്തിൽ സാദ്ധ്യമായതെല്ലാം ചെയ്തുകഴിഞ്ഞു എന്ന മട്ടിലാകരുത് സർക്കാരിന്റെ സമീപനം. പ്രശ്നത്തിൽ സ്വീകാര്യമായ ഒത്തുതീർപ്പ് കഴിഞ്ഞ തവണത്തെ ചർച്ചയിൽ ഉണ്ടാകാത്തതു കൊണ്ടാവുമല്ലോ അവർ സമരരംഗത്തുതന്നെ തുടരുന്നത്. ജൂലായ് 11-ന് സൂചനാ പണിമുടക്കു നടന്നപ്പോൾ സ്വകാര്യ ആശുപത്രികൾ നേരിട്ട ദുരിതം എല്ലാവരുടെയും കൺമുമ്പിലുണ്ട്. പണിമുടക്ക് അനിശ്ചിത രൂപത്തിലായാൽ സംഭവിക്കാവുന്ന കെടുതികളും രോഗികൾക്കുണ്ടാകുന്ന അപരിഹാര്യമായ പ്രയാസങ്ങളും പറഞ്ഞറിയിക്കാനാകാത്ത വിധം ഭീകരമായിരിക്കും. അത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ വളരാതിരിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമായിരിക്കുകയാണ്.
കഴിഞ്ഞ തവണ നടന്ന അനുരഞ്ജന ചർച്ചയിൽ സ്വകാര്യ നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ വേതനം 15600 രൂപയായി നിശ്ചയിച്ചിരുന്നു. ഇത് ഏറ്റവും താഴെ തട്ടിലുള്ളവർക്കാണു ബാധകം. ഗ്രേഡ് രണ്ടിൽ ഉൾപ്പെടുന്ന നഴ്സുമാർക്ക് 17200 രൂപയായും നിശ്ചയിക്കപ്പെട്ടു. പരമാവധി ഉയർന്ന വേതനമായി നിശ്ചയിച്ചത് 23,760 രൂപയാണ്. 800 കിടക്കകൾക്കു മുകളിലുള്ള വലിയ ആശുപത്രികളിൽ മാത്രമാണ് ഇതു ബാധകം. കേട്ടാൽ മോശമല്ലെന്നു തോന്നുന്ന വേതന ഘടനയായി തോന്നാമെങ്കിലും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അലവൻസുകളെല്ലാം ലയിപ്പിച്ച ശേഷമുള്ള ശമ്പളമാണ് ഇതെന്നാണ് നഴ്‌സുമാരുടെ സംഘടനകൾ പറയുന്നത്. ഫലത്തിൽ പറയത്തക്ക നേട്ടമൊന്നും നൽകാത്ത പുതിയ വേതന പരിഷ്കാരം അസ്വീകാര്യമാണെന്ന ഉറച്ച നിലപാടിൽ നിൽക്കുകയാണവർ. മാത്രമല്ല സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്ന നഴ്‌‌സുമാരിൽ വലിയൊരു വിഭാഗം ഒരുവിധ വേതന ഘടനയിലും പെടാത്തവരാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മൂവായിരത്തിനും നാലായിരത്തിനും ആറായിരത്തിനും മറ്റും വർഷങ്ങളായി പ്രവൃത്തിയെടുക്കുന്ന നഴ്സുമാർ പല സ്വകാര്യ ആശുപത്രികളിലും ഉണ്ട്. ഈ വിഭാഗക്കാരുടെ പ്രശ്നം അനുരഞ്ജന ചർച്ചകളിൽ ഉന്നയിക്കാനുള്ള അവസരം പോലും ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് ഒന്നിലേറെ കമ്മിഷനുകളും ഒടുവിൽ സുപ്രീംകോടതിയും വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്. അതു നടപ്പാക്കണമെന്നാണ് സമരം ചെയ്യുന്ന നഴ്സുമാർ ആവശ്യപ്പെടുന്നത്.

നഴ്സുമാരുടെ പണിമുടക്കു തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് ആശുപത്രികൾ പൂട്ടിയിടുമെന്ന സ്വകാര്യ മാനേജുമെന്റുകളുടെ ഭീഷണി സർക്കാർ നേരിടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഫെഡറേഷൻ ഒഫ് പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷനു കീഴിലുള്ള ആശുപത്രികൾ ആശുപത്രികൾ പൂട്ടുന്നതിന് എതിരാണ്. രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നിനും തങ്ങളില്ലെന്ന ഇവരുടെ നിലപാട് പ്രശംസനീയമാണ്. ആശുപത്രികൾ അടച്ചിട്ടുകൊണ്ട് നഴ്സുമാരുടെ സമരം നേരിടാനുള്ള ഒരുകൂട്ടരുടെ തീരുമാനം രോഗികളോടു മാത്രമല്ല പൊതുസമൂഹത്തോടു തന്നെയുള്ള വെല്ലുവിളിയായേ കണക്കാക്കാനാവൂ. സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് എത്രനാൾ ഇവർക്ക് ആശുപത്രികൾ അടച്ചിടാനാകും? അഹന്തയും ധിക്കാരവും നിറഞ്ഞ ഇത്തരം സാമൂഹ്യദ്രോഹ നിലപാടിൽ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. ഒരു സ്വകാര്യ ആശുപത്രിയും സൗജന്യമായല്ല സേവനം നൽകുന്നത്. ചികിത്സയ്ക്ക് കണക്കു പറഞ്ഞ് പണം വാങ്ങാറുണ്ട്. അതിന്റെ ഒരു ഭാഗമാണ് നഴ്‌സിംഗ് ജീവനക്കാരും ആവശ്യപ്പെടുന്നത്. അവരുടെ ആവശ്യം അന്യായമാണെന്നോ കണക്കിലധികമാണെന്നോ ഇന്നത്തെ സാഹചര്യങ്ങളിൽ പറയാനാകില്ല.

സർക്കാർ അടിയന്തരമായി ഇരുകൂട്ടരെയും വിളിച്ച് സമരത്തിനാധാരമായ പ്രശ്നങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കണം. സാദ്ധ്യമായ വിട്ടുവീഴ്ചകൾക്ക് ഇരുപക്ഷത്തെയും പ്രേരിപ്പിക്കണം. ഇതിനിടെ ചില ആശുപത്രികൾ സമരക്കാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ. ഇക്കൂട്ടത്തിൽ ഭരണകക്ഷിക്കാരുടെ ആശുപത്രിയും ഉണ്ടെന്നുള്ളത് വിരോധാഭാസമാണ്. അനിശ്ചിതകാല പണിമുടക്കിലേക്കു നഴ്സുമാരെ തള്ളിയിടാതെ കൂടിയാലോചനകളിലൂടെ പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടുന്നതായിരിക്കും ഏറെ ഉചിതം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ