നവവധുവിന്റെ മരണംദുരൂഹതയെന്ന് ബന്ധുക്കൾ
July 14, 2017, 12:40 pm
എസ്.ഷാജഹാൻ
വെഞ്ഞാറമൂട്: മണിയറയിലെ മുല്ലപ്പൂമണം മാറും മുൻപ് വിവാഹത്തിന്റെ എഴുപത്തൊമ്പതാം ദിവസം ഒരു മുഴം ഷാളിൽ സൽഷയെന്ന നവവധു മരണത്തെ പുൽകിയതെന്തിനെന്ന ചോദ്യം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നാട്ടുകാരെയും നടുക്കത്തിലാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷയെ (20) ഭർതൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ബാഷാ ഡെയ്ലിൽ ഷാനവാസ് - സലീന ദമ്പതികളുടെ മകളാണ് സൽഷ. വിവരമറിഞ്ഞ് അവിശ്വനീയതയോടെ മകളുടെ ഭർതൃഗൃഹത്തിലേയ്ക്ക് പാഞ്ഞെത്തിയ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും കാണാനായത് സീലിംഗ് ഫാനിൽ തൂങ്ങി നിൽക്കുന്ന സൽഷയുടെ ചേതനയറ്റ ശരീരമായിരുന്നു.

ആർഭാടപൂർവ്വമായ വിവാഹം
ഇക്കഴിഞ്ഞ ഏപ്രിൽ 23ന് ആറ്റിങ്ങൽ തോന്നയ്ക്കലിലെ കല്യാണമണ്‌ഡപത്തിൽ വച്ചായിരുന്നു റോഷനും സൽഷയും തമ്മിലുള്ള നിക്കാഹ്. ആഡംബര പൂർണ്ണമായിരുന്നു സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള റോഷന്റെയും സൽഷയുടേയും വിവാഹചടങ്ങുകൾ. സുന്ദരിയും ബിരുദധാരിയുമായ സൽഷയ്ക്ക് വർഷങ്ങളായി ഗൾഫിൽ ബിസിനസ് നടത്തി വന്ന സുമുഖനായ റോഷന്റെ ആലോചന എത്തിയപ്പോൾ അത് വിവാഹത്തിലെത്താൻ ഏവരും ആഗ്രഹിച്ചു. അഷറഫ് - നസിയത്ത് ദമ്പതികളുടെ മകനാണ് റോഷൻ (26). ഒരു കിലോയോളം സ്വർണ്ണാഭരണങ്ങൾ അണിയിച്ചും ഇന്നോവ കാർ മരുമകന് വിവാഹ സമ്മാനമായി നൽകിയും കോടികൾ വിലയുള്ള ഭൂമി മകളുടെപേരിൽ രജിസ്റ്റർ ചെയ്തുമാണ് അവനവഞ്ചേരി ബാഷാ ഡെയ്ലിൽ നിന്നും വെമ്പായത്തെ ജാസ്മിൻ മൻസിലിലേയ്ക്ക് ഒപ്പനപ്പാട്ടിന്റേയും ദഫ് താളത്തിന്റേയും നൂറുകണക്കിന് പേരുടെ ആശിർവാദങ്ങളോടെയും സൽഷയെ യാത്രയാക്കിയത്.

മധുവിധുമായും മുമ്പ്
വിവാഹത്തിന്റെ ആദ്യ നാളുകൾ സ്വപ്നതുല്യമായി കടന്നുപോയി. എന്നാൽ, മധുവിധുമായും മുമ്പേ റോഷന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നതായി സൽഷയ്ക്ക് തോന്നിത്തുടങ്ങി. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷൻ വിവാഹത്തിന് മുമ്പെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സൽഷയെ വല്ലാതെ വിഷമിപ്പിച്ചു. ഗൾഫിൽ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷൻ സുഖലോലുപതയ്ക്ക് നടുവിലായിരുന്നു. മിന്നുചാർത്തി ജീവിത പങ്കാളിയായി വീട്ടിലെത്തിച്ച തന്നോട് റോഷന്റെ അവഗണന സൽഷക്ക് സഹിയ്ക്കാനായില്ല. ഇതിനിടയിൽ സ്ത്രീധനത്തെച്ചൊല്ലിയും റോഷനും ബന്ധുക്കളും സൽഷയോട് കലഹം തുടങ്ങി. സ്വന്തം വീട്ടിൽ പോകണമെന്ന ആഗ്രഹത്തിനും റോഷൻ വിലക്കേർപ്പെടുത്തി. ഈ വിവരങ്ങൾ സൽഷ മാതാപിതാക്കളിൽ നിന്നും മറച്ചെങ്കിലും അടുത്ത സുഹൃത്തായ യുവതിയോട് താൻ അനുഭവിയ്ക്കുന്ന വേദന പങ്കുവച്ചു. പക്ഷേ, അത്യാഡംബരത്തോടും ആഹ്ളാദത്തോടും വിവാഹം നടത്തി ദിവസങ്ങൾ പിന്നിടും മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ തിരികെ പോകാൻ സൽഷയുടെ മനസ്സ് അനുവദിച്ചില്ല. ടോപ്പും പാന്റും ധരിച്ച് കട്ടിലിൽ കാൽപാദം മുട്ടി നിൽക്കുന്ന നിലയിലായിരുന്നു സൽഷയുടെ മൃതദേഹം. ഒറ്റനോട്ടത്തിൽ ആത്മഹത്യയെന്ന് തോന്നുംവിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെങ്കിലും വീട്ടുകാരും നാട്ടുകാരും സംശയം ഉന്നയിച്ച സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്. കുട്ടിക്കാലം മുതൽ ലാളിച്ച് ഒരു കുറവും അറിയാതെ വളർത്തി വലുതാക്കിയ മകൾ ഒരു സുപ്രഭാതത്തിൽ എന്നെന്നേക്കുമായി തങ്ങളെ വിട്ടകന്നത് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മനസിൽ പൊള്ളുന്ന ചോദ്യമായി അവശേഷിക്കുകയാണ്. ഭർതൃവീട്ടിൽനിന്നുള്ള അവഗണനയും മാനസിക പീഡനവും താങ്ങാനാവാതെ നവവധുവിന്റെ ആടയാഭരണങ്ങളെല്ലാം അഴിച്ചു വച്ച് മടക്കമില്ലാത്ത ലോകത്തേക്ക് സൽഷ യാത്രയായതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇതുവരെയുള്ള നിഗമനം. എന്നാൽ, ആത്മഹത്യാക്കുറിപ്പോ ജീവനൊടുക്കുന്നതിന്റെ സൂചനകളോ മാതാപിതാക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ നൽകാതെ സൽഷ മരണത്തിന്റെ വഴി തിരഞ്ഞെടുത്തതെന്തിനെന്ന ചോദ്യമാണ് ദുരന്തത്തിൽ വിറങ്ങലിച്ച് കഴിയുന്ന ഉറ്റബന്ധുക്കളുടെ ഉള്ളിലുയരുന്നത്.

ആത്മഹത്യയോ അപായപ്പെടുത്തിയതോ
തങ്ങളുടെ മകൾ അകാരണമായി ആത്മഹത്യ ചെയ്യില്ലെന്നാണ് സൽഷയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. അവളെ ആരെങ്കിലും അപായപ്പെടുത്തിയതോ ശാരീരിക-മാനസിക പീഡനം സഹിക്കാനാകാതെ മരണംവരിച്ചതോ ആകാമെന്നാണ് അവരുടെ നിഗമനം. നെടുമങ്ങാട് തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം അവനവഞ്ചേരി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. സൽഷയുടെ മൃതദേഹം കാണാൻ റോഷനും ബന്ധുക്കളും ആറ്റിങ്ങലിലെ വീട്ടിലെത്തിയപ്പോൾ ജനം രോഷാകുലരായെങ്കിലും ജനപ്രതിനിധികളുടെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സൽഷ മരണപ്പെട്ട സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഉന്നത‌ർക്കും മുഖ്യമന്ത്രിക്കും പരാതി സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാർ. സൽഷയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നെന്ന ഭർതൃവീട്ടുകാരുടെ ആരോപണം അവർ തള്ളിക്കളയുന്നു. ഓമനിച്ച് വളർത്തി ശോഭനമായ ഭാവിയ്ക്കായി സമ്പാദ്യങ്ങളെല്ലാം നൽകി നിറഞ്ഞ മനസ്സോടെ വരന്റെ കൈ പിടിച്ച് യാത്രയാക്കിയ പൊന്നുമോളുടെ ജീവനറ്റ ശരീരം കാണേണ്ടിവന്ന തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ