Sunday, 23 July 2017 6.16 AM IST
നടപ്പാക്കാൻ കഴിയുന്നതേ പറയാവൂ
July 14, 2017, 2:00 am
നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ മന്ത്രിമാർ പറയാതിരിക്കുകയാണ് ഭംഗി. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ നികുതി ഒഴിവായ കോഴി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് കോഴിക്കച്ചവടക്കാർക്ക് നിർദ്ദേശം നൽകി. അനുസരിക്കാത്ത കടക്കാർ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി. അയൽസംസ്ഥാനങ്ങളിൽ നിന്നുവരുത്തുന്ന കോഴി 87 രൂപയ്ക്ക് വിൽക്കാൻ ഒരുവിധത്തിലും സാദ്ധ്യമല്ലെന്ന് കാര്യകാരണ സഹിതം കച്ചവടക്കാർ പറഞ്ഞുനോക്കി. മന്ത്രി പക്ഷേ വഴങ്ങിയില്ല. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോഴിക്കടകൾ ഒന്നുരണ്ടുദിവസം അടച്ചിട്ടു. പിന്നീട് നടന്ന കൂടിയാലോചനകളിൽ 87 രൂപയ്ക്കുതന്നെ വിൽക്കാനുള്ള സന്നദ്ധത കച്ചവടക്കാർ അറിയിച്ചു. കടകൾ തുറക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞദിവസം കോഴിക്ക് കിലോയ്ക്ക് 130 രൂപ ഈടാക്കിയാണ് വില്പന നടത്തിയത്. മന്ത്രിയോട് സമ്മതിച്ച 87 രൂപയ്ക്ക് ഒരിടത്തും കോഴി വിറ്റതുമില്ല. സർക്കാർ സ്ഥാപനമായ കെപ്‌കോയിൽപോലും ഈടാക്കിയത് 158 രൂപയാണ്. നികുതി ഒഴിവാക്കിയിട്ടും കെപ്കോ കോഴിക്ക് 12 ശതമാനം ജി.എസ്.ടി ഈടാക്കുന്നുമുണ്ട്.
ഉപഭോക്താക്കൾ സഹകരിക്കാത്തതുകൊണ്ടാണ് കോഴിക്കച്ചവടക്കാർ തങ്ങൾ നിശ്ചയിച്ച വില നിരക്കുമായി മുന്നോട്ടു പോകുന്നതെന്നാണ് ധനമന്ത്രിയുടെ പരാതി. ഉപഭോക്താക്കളുടെ സഹകരണമെന്ന് മന്ത്രി ഉദ്ദേശിക്കുന്നത് കൂടിയ നിരക്കിൽ കോഴി വാങ്ങാതിരിക്കുക എന്നതാകണം. ആഹാരശീലങ്ങൾ അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ എത്രപേർക്കാകും? ഒന്നോ രണ്ടോ ഒരാഴ്ചയോ മറ്റോ കഴിഞ്ഞേക്കും. അതിനപ്പുറം പിടിച്ചുനിൽക്കാൻ കഴിയാത്തവരാണ് അധികവും. ഭക്ഷ്യവസ്തുക്കൾക്ക് വില എത്ര ഉയർന്നാലും വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നത് അതുകൊണ്ടാണ്. ഉപഭോക്താക്കളുടെ താത്പര്യസംരക്ഷണത്തിനായാണ് സർക്കാർ നിലകൊള്ളുന്നത്. അമിത വില ഈടാക്കിയാൽ അത് തടയാൻ സർക്കാരിന് അധികാരമുണ്ട്. വില നിയന്ത്രണം വെറും പ്രഖ്യാപനത്തിലൊതുങ്ങാതിരിക്കാൻ ശക്തമായ നടപടിയാണ് ആവശ്യം. കോഴിയുടെ കാര്യത്തിൽ വെറും പ്രഖ്യാപനം മാത്രമേ ഉണ്ടായുള്ളു എന്നാണ് സത്യം. 87 രൂപ എന്ന വില നിശ്ചയിച്ചപ്പോൾ അതിന് സ്വീകരിച്ച മാനദണ്ഡമെന്തെന്ന് വ്യക്തമല്ല. പലവിധ ഘടകങ്ങളെ ആധാരമാക്കിയാവണം ഏതൊരു ഉത്പന്നത്തിന്റെയും വില നിശ്ചയിക്കാൻ. കോഴിയുടെ കാര്യത്തിൽ അത്തരത്തിലൊരു മാനദണ്ഡം പാലിക്കുകയുണ്ടായോ എന്നും സംശയമാണ്.
മാത്രമല്ല ഭക്ഷ്യവസ്തുക്കൾക്ക് അപ്പപ്പോൾ ഉണ്ടാകാറുള്ള ഏറ്റക്കുറച്ചിലിൽ കോഴിയും ഉൾപ്പെടുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഏറെക്കാലം ക്ളിപ്തവില നിശ്ചയിച്ച് വിൽക്കാവുന്ന ഉത്പന്നമല്ല ഇത്.
കോഴിക്കച്ചവടത്തിലൂടെ അയൽസംസ്ഥാന ലോബികൾ കൊള്ളലാഭം എടുക്കുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. നേരത്തെ നികുതി ബാധകമായിരുന്ന വേളയിൽ വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയും ഇക്കൂട്ടർ കൊള്ളലാഭം നേടിയിരുന്നു. ലാഭത്തിൽ ഒരു വിഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ പോക്കറ്റിലും എത്താറുണ്ടായിരുന്നുവെന്നത് രഹസ്യമൊന്നുമല്ല. എല്ലാ ഭക്ഷ്യവസ്തുക്കൾക്കും അന്യനാട്ടുകാരെ ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാനത്തിന് ഉത്പാദകരും ഇടനിലക്കാരും കച്ചവടക്കാരുമൊക്കെ നിശ്ചയിക്കുന്നതാണ് പച്ചക്കറി ഉൾപ്പെടെ ഒാരോ സാധനത്തിന്റെയും വില. പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും നികുതി ഒഴിവായെന്നു പറയുമ്പോഴും എല്ലാ ഇനങ്ങൾക്കും സമീപ ദിവസങ്ങളിൽ വില കൂടുകയായിരുന്നു. ജി.എസ്.ടി പ്രകാരം നികുതിയിലെ മാറ്റത്തിനനുസരണമായി പുതുക്കിയ സാധനവിലയുടെ പട്ടിക സർക്കാർ ജനങ്ങളുടെ അറിവിലേക്കായി പരസ്യം ചെയ്തിരുന്നു. എന്നാൽ പട്ടികയിലെ നിരക്കനുസരിച്ച് ഇവയിൽ എത്ര സാധനങ്ങൾ കടകളിൽനിന്നു വാങ്ങാൻ കിട്ടുമെന്ന് അന്വേഷിച്ചാലറിയാം സത്യാവസ്ഥ.
പച്ചക്കറികളുടെയും പഴങ്ങളുടെയും കാര്യത്തിലെന്നപോലെ കോഴിവില കുറയണമെങ്കിൽ നാട്ടിൽത്തന്നെ വൻതോതിൽ കോഴികൃഷി ആരംഭിക്കുക മാത്രമാണ് പോംവഴി. കൃഷിവകുപ്പ് അതിന് തുടക്കമിടുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. കുറഞ്ഞവിലയ്ക്ക് ഇറച്ചി കോഴിക്കുഞ്ഞുങ്ങളെ നൽകാനും കോഴികൃഷി വിപുലതോതിൽ ആരംഭിക്കാനുമുള്ള പദ്ധതി വിജയിച്ചാൽ അന്യസംസ്ഥാനക്കാരുടെ ചൂഷണത്തിൽനിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാവും. ഒാണം ലക്ഷ്യമാക്കി പച്ചക്കറി കൃഷി നാടൊട്ടാകെ തുടങ്ങിയിട്ടുണ്ട്. അതുപോലെ കോഴി കൃഷിയും ആദായകരമായ തൊഴിലാക്കി മാറ്റാൻ ഒരു പ്രയാസവുമില്ല. കോഴിക്കച്ചവടക്കാരും സർക്കാരും തമ്മിൽ ഇപ്പോൾ നടക്കുന്ന പോര് ഇല്ലാതാക്കാൻ കോഴിയുടെ കാര്യത്തിൽ സ്വാശ്രയത്വം കൈവരിക്കുക മാത്രമാണ് പോംവഴി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ