Saturday, 22 July 2017 8.19 AM IST
പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വിദ്യാർത്ഥിനി ആട്ടോയിൽ നിന്നു ചാടി രക്ഷപ്പെട്ടു
July 17, 2017, 11:53 am

തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിലേക്കു പോകാൻ അട്ടോറിക്ഷയിൽ കയറിയ എൻജിനിയറിംഗ് വിദ്യാർത്ഥിനിയെ ആട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഓടിക്കൊണ്ടിരുന്ന ആട്ടോയിൽ നിന്ന് എടുത്തുചാടി പരിക്കേറ്റ പെൺകുട്ടിയെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കാലിനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ഡ്രൈവർ പള്ളിച്ചൽ നരുവാമൂട് സ്വദേശി കുമാരനെ (43) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ എട്ടരയോടെ ഡാൻസ് ക്ലാസ് കഴിഞ്ഞ് കണ്ണമ്മൂല ജംഗ്ഷനിൽനിന്ന്‌ പള്ളിമുക്കിലെ വീട്ടിലേക്ക് മടങ്ങാൻ നില്ക്കുകയായിരുന്നു എൻജിനിയറിംഗ് അഞ്ചാം സെമസ്റ്ററിന് പഠിക്കുന്ന പെൺകുട്ടി. ഈ സമയം അതുവഴിവന്ന ആട്ടോയ്ക്ക് പെൺകുട്ടി കൈകാണിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സവാരികഴിഞ്ഞ് വന്ന കുമാരന്റെ ആട്ടോറിക്ഷയായിരുന്നു അത്. അതിൽ കയറിയതു മുതൽ കുമാരൻ പെൺകുട്ടിയോട് മോശമായി സംസാരിച്ചുതുടങ്ങി. ചായകുടിച്ചോയെന്നും സമീപത്തെ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാമോയെന്നും കുമാരൻ ചോദിച്ചു. ആദ്യം മറുപടി പറഞ്ഞെങ്കിലും ചോദ്യങ്ങൾ അതിരുകടന്നതോടെ പെൺകുട്ടി പേടിച്ചു മിണ്ടാതിരുന്നു. പള്ളിമുക്കിലെത്തി വാഹനം നിറുത്താൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ പേട്ട ഭാഗത്തേക്ക് ഓടിച്ചുപോയി. പരിഭ്രാന്തയായ പെൺകുട്ടി മൊബൈലിൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. ഇതിനിടെ പേട്ട റെയിൽവേ പാലത്തിനു മുകളിൽ ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ആട്ടോറിക്ഷ മറ്റ് വാഹനങ്ങളെ മറികടക്കാൻ വെട്ടിത്തിരിച്ചു. ഇതുകണ്ട് പെൺകുട്ടി നിലവിളിക്കുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ശ്രദ്ധിച്ചു. ഉടൻ പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അതിനിടയിൽ ആട്ടോ ട്രാഫിക്‌ ബ്ലോക്കു കടന്ന് പേട്ട ആനയറ മേല്പാലത്തിലെത്തി. പാലം കയറുന്നതിനിടെ വേഗത കുറഞ്ഞ ആട്ടോയിൽ നിന്ന് പെൺകുട്ടി റോഡിലേക്ക് എടുത്തു ചാടി. നിലവിളികേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി. ഇതിനിടെ പേട്ട ജംഗ്ഷനിൽ നിന്ന് ബൈക്കിൽ പിന്തുടർന്ന ചിലർ പാലത്തിന് സമീപത്തുതന്നെ ആട്ടോ തടഞ്ഞ് കുമാരനെ പിടികൂടി പൊലീസിലേല്പിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ