Saturday, 22 July 2017 8.19 AM IST
2 ലക്ഷം നിക്ഷേപകർക്ക് നോട്ടീസ്: ലക്ഷ്യം സഹ.സംഘങ്ങളിലെ കള്ളപ്പണം കണ്ടെത്തൽ
July 18, 2017, 12:27 am
എം. എം.സുബൈർ
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെത്തിയ കണക്കിൽപ്പെടാത്ത വൻ നിക്ഷേപങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് നിക്ഷേപകർക്ക് നോട്ടീസ് അയയ്ക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടിക്ക് പിന്നിലെ ലക്ഷ്യം.
എല്ലാ വിഭാഗം നിക്ഷേപകർക്കും നോട്ടീസയച്ച് അവരെ നികുതി വലയ്ക്കുള്ളിൽ എത്തിക്കുന്നതോടൊപ്പം, കള്ളപ്പണക്കാരെ കണ്ടെത്തി നികുതി ഈടാക്കാനും ഉദ്ദേശ്യമുണ്ട്. സഹകരണ സംഘങ്ങളിൽ പതിനായിരം കോടിയലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ച പ്രഥമിക വിവരം.

2012-ന് മുമ്പ് സർവീസിൽ നിന്ന് വിരമിച്ച ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ അതിന് ശേഷം നികുതി റിട്ടേൺ ഫയൽ ചെയ്യില്ല. വിരമിക്കുമ്പോൾ ലഭിക്കുന്ന തുക സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കും. പ്രതിമാസ പെൻഷൻ 40,000ത്തിന് മുകളിലായിരിക്കും. സഹകരണസംഘത്തിൽ നിക്ഷേപിച്ച 20 ലക്ഷത്തിന് മുകളിലുള്ള തുകയുടെ പലിശ കൂടിയാകുമ്പോൾ നികുതി വലയ്ക്കുള്ളിൽ വരും. പക്ഷേ, റിട്ടേൺ സമർപ്പിക്കുമ്പോൾ സഹകരണ ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് സൂചിപ്പിക്കില്ല. ആദായനികുതി വകുപ്പിന്റെ നോട്ടീസിന് നൽകുന്ന മറുപടിയിൽ ഇക്കാര്യം സൂചിപ്പിച്ചില്ലെങ്കിൽ നികുതി വലയിൽപ്പെടും.

പാൻ കാർഡ് നമ്പർ വഴി സംഘത്തിലെ നിക്ഷേപ വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിക്കുമെന്നത് തന്നെ കാരണം. ആദായ നികുതി വകുപ്പ് നിഷ്കർഷിച്ച നിക്ഷേപകരുടെ കെ.വൈ. സി വിവരങ്ങൾ നൽകാൻ സഹകരണ സംഘങ്ങൾ തയ്യാറായിരുന്നില്ല. പലിശ കൂടുതൽ കിട്ടുമെന്നതിലുപരി, രഹസ്യ നിക്ഷേപമെന്ന നിലയ്ക്കാണ് ഇതിനെ പലരും കണ്ടത്.

 ഭൂമി വിറ്റവരും കുടുങ്ങും
പരമ്പരാഗതമായി ലഭിച്ചതും അല്ലാത്തതുമായ ഭൂമി വിറ്റുകിട്ടിയ തുക സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചവരും കുടുങ്ങും.
ഭൂമി വിൽക്കുമ്പോൾ സർക്കാർ നിയമ പ്രകാരം ന്യായവിലയ്ക്കനുസരിച്ചുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും നൽകിയാൽ മതി. ന്യായവില നിലവിലുള്ള വിപണി വിലയുടെ ആറിലൊന്ന് പോലും വരില്ല. ഇത് മാത്രമേ രേഖകളിൽ കാണൂ. ഭൂമിക്കച്ചവടത്തിലെ സിംഹഭാഗം തുകയും കള്ളപ്പണമായി മാറുന്നു. ഇതാണ് പലരും രഹസ്യമായി സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചത്.

കഴിഞ്ഞ വർഷത്തെ നികുതി ഘടന
 വാർഷിക വരുമാനം ഒരു ലക്ഷം വരെ നികുതിയില്ല. മുതിർന്ന പൗരന്മാർക്ക് 50000 രൂപയുടെ ഇളവ്.
 രണ്ട് മുതൽ അഞ്ച് ലക്ഷം വരെ -10 % നികുതി.
 അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ- 20 %
 പത്ത് ലക്ഷത്തിന് മുകളിൽ - 30 %
 ഈ വർഷം ആദ്യഘട്ടത്തിലെ മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ - 5%
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ