Saturday, 22 July 2017 8.18 AM IST
ചെയർമാനെ പുറത്തുനിറുത്തുന്ന ആശയക്കുഴപ്പം
July 18, 2017, 2:00 am
നടപടിക്രമങ്ങളിലെ ആശയക്കുഴപ്പം സർക്കാർ ഒാഫീസുകളിൽ കാലതാമസത്തിന്റെ പ്രധാന കാരണമാണ്. അപേക്ഷയിൽ ഉടനടി തീരുമാനമെടുക്കാവുന്ന കാര്യമാണെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഒരു സംശയമുദിച്ചാൽ കടലാസ് അവിടെക്കിടക്കും. ഫയലുകൾ കൂമ്പാരമാകുന്നതും അദാലത്തുകൾ വേണ്ടിവരുന്നതും ഇത്തരം സാഹചര്യമുണ്ടാകുമ്പോഴാണ്. പുതിയ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കമ്മിഷൻ ചെയർമാൻ സ്ഥാനാരോഹരണം വെറുതെ നീണ്ടുപോകുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് വായിക്കുന്ന ഏതൊരാളുടെയും മനസിൽ ആദ്യം ഉയർന്നുവരുന്നത് സർക്കാർ യന്ത്രമെന്ന അനങ്ങാപ്പാറയുടെ വിചിത്ര രീതികളാണ്. കഴിഞ്ഞ മേയ് 12 നാണ് സംസ്ഥാനത്തെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായിരുന്ന പ്രേമൻ ദിനരാജിനെ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. സാധാരണഗതിയിൽ വൈകാതെ അദ്ദേഹം പുതിയ പദവി ഏറ്റെടുക്കേണ്ടതാണ്. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും റഗുലേറ്ററി കമ്മിഷൻ ചെയർമാന് സ്ഥാനമേൽക്കാൻ കഴിയുന്നില്ല. സ്ഥാനാരോഹണം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽവന്ന ആശയക്കുഴപ്പമാണ്. കാരണമായി പറഞ്ഞുകേൾക്കുന്നത്. റഗുലേറ്ററി കമ്മിഷൻ ചെയർമാൻ പദവി ഹൈക്കോടതി ജഡ്ജിക്കു സമാനമായതിനാൽ ഗവർണർ വേണം സത്യപ്രതിജ്ഞ ചെയ്യിക്കാൻ എന്നൊരു വിചിത്ര നിർദ്ദേശം വൈദ്യുതി വകുപ്പിൽ നിന്നുവന്നതാണ് ചടങ്ങ്. വൈകിപ്പിക്കുന്ന സംസ്ഥാനത്ത് ആദ്യമായല്ല റഗുലേറ്ററി കമ്മിഷൻ ചെയർമാന്റെ നിയമനവും സത്യപ്രതിജ്ഞയുമൊക്കെ നടക്കുന്നത്. ഇതിനുമുമ്പ് ചീഫ് സെക്രട്ടറിയുടെ മുന്നിലാണ് ചെയർമാൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റിട്ടുള്ളതെന്ന് പഴയ രേഖകൾ പരിശോധിച്ചാൽ കാണാം. ഗവർണർ ഈ ചടങ്ങ് നിർവഹിച്ചതായി കേട്ടിട്ടുമില്ല. ആ നിലയ്ക്ക് ഇത് സംബന്ധിച്ച് പുതിയൊരു ചിന്താക്കുഴപ്പം എങ്ങനെ ഉടലെടുത്തുവെന്നതിലാണ് സംശയമുയരുന്നത്. സർവീസിൽനിന്ന് സ്വയം വിരമിച്ച് ചെയർമാൻ പദവി ഏറ്റെടുക്കാൻ നിന്ന ദിനരാജ് അതിന് കഴിയാതെ ഇപ്പോഴും പുറത്ത് നിൽക്കുന്നുവെന്നത് ഉദ്യോഗസ്ഥ ദുഷ്‌‌പ്രഭുത്വത്തിന്റെ ഇരുണ്ട മുഖമാണ് കാട്ടിത്തരുന്നത്.
ഏതോ കുബുദ്ധികൾക്കു തോന്നിയ അടിസ്ഥാനമില്ലാത്ത സംശയത്തിന്റെ പേരിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാന്റെ സത്യപ്രതിജ്ഞാചടങ്ങ് വലിയ നിയമപ്രശ്നമായി മാറിയിരിക്കുകയാണിപ്പോൾ. ഇതിന്റെ പേരിൽ അന്തമില്ലാത്ത എഴുത്തുകുത്തുകൾ നടക്കുകയാണ്. മുൻ ചെയർമാന്മാരെ ചീഫ് സെക്രട്ടറി സ്ഥാനാരോഹണം ചെയ്യിച്ചുവെങ്കിൽ ഇപ്പോൾ മാത്രം അതിന് ഗവർണർതന്നെ വേണമന്ന് ശാഠ്യം പിടിക്കുന്നതെന്തിനാണ്? നിയമം പഠിക്കാത്ത സാധാരണക്കാർക്ക് പോലും മനസിലാകുന്ന ലളിതമായ പ്രശ്നമാണിത്. എന്നിട്ടും ചീഫ് സെക്രട്ടറി റഗുലേറ്ററി കമ്മിഷൻ ചെയർമാന്റെ സത്യപ്രതിജ്ഞാചടങ്ങിന് ഗവർണറുടെ സമയം തേടി രാജ്ഭവന് അപേക്ഷ നൽകിയതിലെ സാംഗത്യവും മനസിലാക്കാൻ വിഷമമാണ്. ചെയർമാന്റെ സത്യപ്രതിജ്ഞ മുൻ അവസരങ്ങളിലെന്നപോലെ ചീഫ് സെക്രട്ടറി തന്നെ നിർവഹിച്ചാൽ മതിയെന്നും ഇതിന് പുതിയ കീഴ്‌വഴക്കങ്ങളൊന്നും സൃഷ്ടിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി രാജ് ഭവൻ അപേക്ഷ തിരിച്ചയച്ചപ്പോഴെങ്കിലും കുബുദ്ധികൾക്ക് കാര്യം മനസിലായിക്കാണുമെന്ന് കരുതാം. എന്നാൽ അരൂപിയായ സർക്കാരിനുണ്ടോ സംശയം വിട്ടുമാറുന്നു. സത്യപ്രതിജ്ഞാചടങ്ങിനെക്കുറിച്ച് സംശയമുയർന്ന നിലയ്ക്ക് നിയമവകുപ്പുകൂടി പ്രശ്നം പഠിക്കട്ടെ എന്നായി തീരുമാനം. മുമ്പൊക്കെ ചീഫ് സെക്രട്ടറിയാണ് ചെയർമാന്റെ സത്യപ്രതിജ്ഞാചടങ്ങ് നടത്തിയിട്ടുള്ളതെന്ന കാര്യം കണ്ടെത്താൻ നിയമ വകുപ്പിന് പ്രയാസമുണ്ടായില്ല. എന്നിരുന്നാലും ചെയർമാൻ സ്ഥാനം ഹൈക്കോടതി ജഡ്ജിയുടേതിന് തുല്യമാണെന്ന ഒരു ആപ്പുകൂടി അടിക്കാൻ നിയമവകുപ്പും മറന്നില്ല. പ്രശ്നം വീണ്ടും സർക്കാരിന്റെ കോർട്ടിലാണിപ്പോൾ.
ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ സ്ഥാനാരോഹണം സംബന്ധിച്ച പ്രധാന വിഷയത്തിൽപോലും അനാവശ്യ സംശയങ്ങളുന്നയിച്ച് താൽക്കാലികമായെങ്കിലും തടസം സൃഷ്ടിക്കുന്ന ഇത്തരം പ്രവണത സർക്കാർ സർവീസിന്റെ കൂടപ്പിറപ്പാകാം. എന്നാൽ ആരിലും പരിഹാസമുണ്ടാക്കുന്ന ഈ കാലതാമസം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം തീർച്ചയായും നന്നല്ല. താത്പര്യമുള്ള കേസുകളിൽ നിയമം വെടിഞ്ഞും അനുകൂല തീരുമാനത്തിലെത്താൻ ഒരുദിവസം പോലും വേണ്ടിവരാറില്ല. ഒരുവിധ ആശയക്കുഴപ്പവും ഉടലെടുക്കുകയുമില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ