Sunday, 23 July 2017 6.15 AM IST
അന്നം പുണ്യം മൂന്നാഘട്ടം ഓണത്തിന്
July 17, 2017, 5:37 pm
തിരുവനന്തപുരം: വിശക്കുന്നവർക്ക് ആഹാരം നൽകാൻ ജില്ലാ ഭരണകൂടം ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി ചേർന്ന് ജില്ലയിൽ നടപ്പാക്കി വരുന്ന അന്നം പുണ്യം പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കാൻ ജില്ലാ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായി. ഓണത്തോടെ തുടക്കമിടുന്ന മൂന്നാം ഘട്ട പരിപാടിയോടെ പദ്ധതി കൂടുതൽ വില്ലേജുകളിലേക്കെത്തിക്കും. ഭക്ഷണം കഴിക്കാൻ കാശില്ലാത്തതിന്റെ പേരിൽ ജില്ലയിൽ ഒരാളും വിശപ്പറിയരുതെന്ന ആശയത്തിൽ 2015 ൽ പിറന്ന അന്നം പുണ്യം പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതുവരെ പതിനായിരത്തോളം ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളായി എന്നാണ് കണക്ക്. ജില്ലയിലെ 27 വില്ലേജ് ഓഫീസുകളിലും 13 സർക്കാർ ആശുപത്രികളിലും ജില്ലാ കളക്ടറേറ്റിലും, താലൂക്ക് ഓഫീസുകളിലും അർഹരായവർക്കുള്ള കൂപ്പണുകൾ വിതരണം ചെയ്തു വരുന്നു. നിലവിൽ 115 ഹോട്ടലുകളും പദ്ധതിയുടെ ഭാഗമാണ്. ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന കൂപ്പണുകൾ ഉപയോഗിച്ച് ഈ ഹോട്ടലുകളിൽ നിന്ന് സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അർഹരായവരെ കണ്ടെത്തി കൂപ്പണുകൾ നൽകുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ഓഫീസുകളുടെ സമീപത്തുള്ള രണ്ടോ അതിലധികമോ ഹോട്ടലുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ചില സ്ഥലങ്ങളിൽ ഇത്തരത്തിൽ മുന്നോട്ട് വന്ന നാലിലധികം ഹോട്ടലുകളുമുണ്ടെന്ന് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. കവടിയാർ, കുടപ്പനകുന്ന്, മണക്കാട്, മുട്ടത്തറ, പട്ടം, പേരൂർക്കട, പേട്ട, ശാസ്തമംഗലം, തൈക്കാട്, തിരുമല, ഉള്ളൂർ, വട്ടിയൂർക്കാവ്, വഞ്ചിയൂർ, ആറ്റിപ്ര, കരിക്കകം, ചെറുവക്കൽ, കടകംപള്ളി, കഴക്കൂട്ടം, നേമം, പാങ്ങപ്പാറ, തിരുവല്ലം, അവനവൻഞ്ചേരി, വർക്കല, നെടുമങ്ങാട്, ചെറിയകൊല്ലയിൽ, നെയ്യാറ്റിൻകര, പെരുമ്പഴൂതൂർ, വില്ലേജ് ഓഫീസുകളിലും, ജില്ലാ കളക്ടറേറ്റിലും, തിരുവനന്തപുരം, ചിറയിൻകീഴ്, നെടുമങ്ങാട്, വർക്കല താലുക്ക് ഓഫീസുകളിലും ഫോർട്ട്, തൈക്കാട്, പേരൂർക്കട, ജനറൽ ആശുപത്രി, കണ്ണാശുപത്രി, പഞ്ചകർമ്മ, ഹോമിയോ, ആയുർവേദ ഹോസ്പിറ്റൽ പൂജപ്പുര, ആയുർവേദ കോളേജ്, പാങ്ങപ്പാറ ഹെൽത്ത് സെന്റർ, പൂന്തുറ എച്ച്.സി, പുലയനാർകോട്ട, ശാന്തിവിള താലൂക്ക് ആശുപത്രി തുടങ്ങിയ ആശുപത്രികളിലുമാണ് കൂപ്പണുകൾ വിതരണം ചെയ്യുന്നത്. അന്നം പുണ്യം പദ്ധതിയുടെ ബോർഡുകൾ കൂപ്പൺ വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പോതുജനങ്ങൾക്ക് വ്യക്തമാവുന്ന വിധത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. യോഗത്തിൽ എ.ഡി.എം ജോൺ വി. സാമുവൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ