Saturday, 22 July 2017 8.16 AM IST
നഴ്സുമാരുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് എൽ.ഡി.എഫ്
July 17, 2017, 5:59 pm
തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും റേഷൻ മുൻഗണനാപ്പട്ടികയിലെ അപാകതകൾ തിരുത്തണമെന്നും സംസ്ഥാനസർക്കാരിനോട് ഇടതുമുന്നണി നേതൃയോഗം ആവശ്യപ്പെട്ടു.

നഴ്‌സുമാർ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ തെറ്റാണെന്ന് അഭിപ്രായമില്ലെന്ന് ഇടതുമുന്നണിയോഗത്തിന് ശേഷം കൺവീനർ വൈക്കം വിശ്വൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന് പിടിവാശിയുണ്ടായിട്ടില്ല. എന്നാൽ സമരത്തിന് വേണ്ടി സമരം എന്ന രീതി ആരുടെയെങ്കിലും ഭാഗത്തുണ്ടെങ്കിൽ അംഗീകരിക്കാനാവില്ല.

അർഹരായ പലർക്കും റേഷൻ കിട്ടാതിരിക്കുകയും അനർഹരായവർക്ക് കിട്ടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് എൽ.ഡി.എഫ് വിലയിരുത്തി. പിശകുകൾ ഒഴിവാക്കി ശാസ്ത്രീയമായ പട്ടിക തയാറാക്കാൻ സർക്കാർ തയാറാകണം. പഞ്ചസാരയും മണ്ണെണ്ണയും ന്യായമായി ലഭിക്കാൻ നടപടികളെടുക്കണം.

കേന്ദ്രനയങ്ങളുടെ ഭാഗമായി കൃഷിക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്കെതിരേ കർഷകസംഘടനകൾ ആരംഭിക്കുന്ന സമരങ്ങൾക്ക് പിന്തുണ നൽകും. ആസിയാൻ കരാറും ആർ.സി.ഇ.പിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടക്കാനിരിക്കുന്ന യോഗത്തിന് മുന്നോടിയായി വേണ്ട തയാറെടുപ്പുകൾ സംസ്ഥാനസർക്കാർ നടത്തണം.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള, പെൻഷൻ പ്രശ്നം തീർക്കാൻ യോഗം ആവർത്തിച്ചാവശ്യപ്പെട്ടു. കേരള ഗവ. മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ വിരമിക്കൽ പ്രായവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് നൽകിയ നിവേദനം സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടു. ഡോക്ടർമാരുടെ വിരമിക്കൽ പ്രായം പല തരത്തിലായത് ഡോക്ടർമാരെ പല തട്ടുകളിലാക്കിയതിനാൽ ഇക്കാര്യത്തിൽ ഏകീകൃതമായ തീരുമാനം വേണമെന്നാണ് സംഘടനയുടെ ആവശ്യമെന്ന് വൈക്കം വിശ്വൻ പറഞ്ഞു.

നടന്മാരെല്ലാം ആഭാസന്മാരല്ല
സിനിമാ നടന്മാരെല്ലാം ആഭാസന്മാരും കൊള്ളരുത്താത്തവരുമാണെന്ന അഭിപ്രായം ഇടതുമുന്നണിക്കില്ലെന്ന് വാർത്താലേഖകരുടെ ചോദ്യത്തിന് വൈക്കം വിശ്വൻ മറുപടി നൽകി. എം.എൽ.എ മുകേഷിന്റെ മൊഴിയെടുക്കാനുള്ള സ്വാതന്ത്ര്യം പൊലീസിനുണ്ട്. അത്തരം കാര്യങ്ങളിലൊന്നും മൂക്കുകയറിടാൻ ഉദ്ദേശിച്ചിട്ടില്ല.

ജനതാദൾ-യു യു.ഡി.എഫ് വിട്ടുവന്നാൽ അവരുമായി ചർച്ച നടത്തും. മറ്റൊരു മുന്നണിയിൽ അവർ നിൽക്കുമ്പോൾ അവരെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അവർ നേരത്തേ എൽ.ഡി.എഫിലുണ്ടായിരുന്നവരാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അവരുടെ കേന്ദ്രനേതൃത്വത്തിന് വിരുദ്ധമായ തീരുമാനം അവർ ഇവിടെയെടുത്തത് ഞങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ