Saturday, 22 July 2017 8.13 AM IST
പത്മനാഭ സ്വാമി ക്ഷേത്ര വികസനത്തിന് തുടക്കമാവുന്നു; 78 കോടിയുടെ പദ്ധതി മാർച്ചിന് മുമ്പ് പൂർത്തിയാവും
July 17, 2017, 8:23 pm
തിരുവനന്തപുരം: ക്ഷേത്ര നഗരിയുടെ പ്രൗഢി കൂട്ടുന്ന തരത്തിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസര വികസനത്തിന് 78.55 കോടിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ക്ഷേത്രത്തിന്റെ നാല് നടകളുമായി ബന്ധപ്പെട്ടാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. സന്ദർശകർക്കായി ഇൻഫർമേഷൻ സെന്റർ, ഗ്രാനൈറ്റ് പാകിയ നടപ്പാതകളും റോഡുകളും. നടപ്പാതകൾക്കു ചുറ്റും പച്ചപ്പ്, കുടിവെള്ള സംവിധാനവും ഇ-ടോയ്‌ലെറ്റുകളും എന്നിവ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യു.ജി കേബിളുകൾ ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കും. ക്ഷേത്രനടകളിലേക്കെത്തുന്ന റോഡുകൾ ഗ്രാനൈറ്റ് പാകി പൈതൃക ഭംഗി നിലനിർത്തും. പത്മ തീർത്ഥക്കുളം വറ്റിച്ച് നവീകരണം പ്രവർത്തനങ്ങൾ നടത്തും. പടവുകൾ പുനർനിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്.

ഇവിടെ എത്തുന്ന സന്ദർശകരുടെ പ്രധാന പ്രശ്‌നമായി പാർക്കിംഗിനുള്ള പരിഹാരം പദ്ധതിയുടെ ഭാഗമായി കണ്ടെത്തേണ്ടതുണ്ടെന്നും അതിനായി വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി അവർക്ക് കൂടി ഉപയുക്തമായ തരത്തിൽ വിനിയോഗിക്കുന്നതിനുള്ള ചർച്ചകൾ നടത്തി വരികയാണെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭവനനിർമ്മാണ ബോർഡ്, നിർമ്മിതി കേന്ദ്ര എന്നീ ഏജൻസികൾക്കാണ് നിർവഹണ ചുമതല. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിൻ കീഴിൽ നടപ്പിലാക്കുന്ന പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പടിഞ്ഞാറേനട. തെക്കേനട വികസനപ്രവർത്തനങ്ങൾ ഈ ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് ഈ രണ്ട് നടകളുടെയും നിർവഹണ ചുമതലയുള്ള ഭവന നിർമ്മാണ ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്തമ തീർത്ഥക്കുള നവീകരണമടക്കമുള്ള കിഴക്ക്, വടക്ക് നടകളുടെ വിക സനപ്രവർത്തനങ്ങൾ മാർച്ചിനകം പൂർത്തീകരിക്കുമെന്ന് ഈ രണ്ട് നടകളുടെയും ചുമതലയുള്ള നിർമ്മിതി കേന്ദ്രം പ്രതിനിധികളും അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുകയുള്ളു എന്ന് യോഗം വിലയിരുത്തി. ഈ മാസം 20 ന് വിവിധ വകുപ്പുകൾ സംയുക്തമായി സ്ഥലം പരിശോധിച്ച് സ്വീവേജ്, കുടിവെള്ളം, ഇലക്ട്രിസിറ്റി, ടെലിഫോൺ പൈപ്പുകളുടെയും കേബിളുകളുടെയും നിലവിലുള്ള അവസ്ഥയും അണ്ടർ ഗ്രൗണ്ട് കേബിളുകളുടെ സാധ്യതയും വിലയിരുത്തും. റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളും വാർഡ് കൗൺസിലറും സംഘത്തോടൊപ്പം സ്ഥലം സന്ദർശിക്കും.

ആചാരാനുഷ്ഠാനങ്ങൾക്കും സാങ്കേതിക കാര്യങ്ങൾക്കും ഭംഗം വരാത്ത തരത്തിൽ പ്രദേശവാസികളുമായി സഹകരിച്ച് പദ്ധതി നിർവഹണം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എസ് വെങ്കടേസപതി നിർദേശിച്ചു. യോഗത്തിൽ വി എസ് ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെയും റസിഡന്റ്‌സ് അസോസിയേഷന്റെയും രാജകുടുംബത്തിന്റെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ