മുയലകനെ വീട്ടിൽ കയ​റ്റരുത്, മനസിലും
July 17, 2017, 12:05 am
സജീവ് കൃഷ്ണൻ
ചിലദിവസങ്ങളിൽ മനസ് ശാന്തമായിരിക്കും. ശരീരത്തിന് നല്ല ഉണർവും ബുദ്ധിക്ക് തെളിച്ചവും ഉണ്ടാകും. ആരെ സഹായിക്കാനും മടിയുണ്ടാവില്ല. എന്നാൽ ചില ദിവസങ്ങളിൽ രാവിലെ ഉറക്കമുണരുമ്പോൾ മുതൽ അസ്വസ്ഥതതോന്നും. കാണുന്നതിനോടും കേൾക്കുന്നതിനോടുമൊക്കെ ദേഷ്യം. ഒന്നുപറഞ്ഞ് രണ്ടാമത്തെ വാക്കിൽ കോപം. ഒന്നും ശരിയാകുന്നില്ലെന്നു തോന്നും. മിണ്ടരുത് എന്നു ജാഗ്രതപൂണ്ട് എല്ലാ​റ്റിൽനിന്നും മാറിയിരുന്നാലും പെട്ടെന്ന് കോപംവന്ന് കലഹത്തിലേക്ക് വലിച്ചിഴയ്ക്കും. ഇതിന്റെ അനന്തരഫലങ്ങൾ ചിലപ്പോൾ ദിവസങ്ങളെത്തന്നെ കവർന്നെടുക്കാറുണ്ട്. അത് നിയന്ത്റണാതീതമാകുന്നതോടെ ജീവിതം വിരസമാകും.
എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകാറുണ്ട്. സ്വാഭാവികതയോടെ ഈ രണ്ടവസ്ഥകളും അനുഭവിക്കുകയാണ് ഭൂരിഭാഗംപേരും. എന്നാൽ ചിലരുണ്ട് നല്ല ദിവസത്തിന്റെ സുഖം കൂട്ടാനും ചീത്തദിവസങ്ങളുടെ വിരസതമാറ്റാനും മദ്യത്തെ ആശ്രയിക്കുന്നവർ. മദ്യം ക്രമേണ നല്ല ദിവസത്തിന്റെ നന്മയ്ക്കും ബോറൻ ദിവസത്തിന്റെ തിന്മയ്ക്കും മേൽ അതിന്റെ അധീശത്വം സ്ഥാപിക്കും. പിന്നെ മദ്യമില്ലാത്ത സന്തോഷപ്രകടനത്തെക്കുറിച്ച് മദ്യപന് ചിന്തിക്കുക കൂടി സാധ്യമാവില്ല. എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോൾ വാ നമുക്കൊന്ന് ആഘോഷിക്കാമെന്നുപറഞ്ഞ് ഇക്കൂട്ടർ മദ്യക്കുപ്പിയെടുക്കും. എല്ലാം കൈവിട്ടു എന്നു തോന്നുന്നദിവസവും മദ്യത്തിൽ ആശ്രയം തേടും. നിത്യമായ അടിമത്തമാണ് ഫലം. പിന്നെ, അയാൾ വിചാരിച്ചാൽപോലും മോചനം ലഭിക്കില്ല. ചിലർ പറയും കാര്യങ്ങളൊക്കെ എന്റെ കൺട്രോളിലാണ് അതിനാൽ അല്പം മദ്യപാനമൊന്നും കുഴപ്പമില്ലെന്ന്. എന്നാൽ അവർ അത് പറയുമ്പോഴും കാര്യങ്ങൾ പിടിവിട്ടുപോവുകയാണെന്ന് ഉള്ളിന്റെ ഉള്ളിൽ അറിയാം . പക്ഷേ, അതു സമ്മതിച്ചുകൊടുക്കാൻ ഈഗോ എന്ന അഹന്ത അയാളെ അനുവദിക്കില്ല. മദ്യപിച്ച് കുഴഞ്ഞുവീഴുന്നതുവരെ ഞാൻ ഓകെയാണ് എന്നു പറഞ്ഞുകൊണ്ടേയിരിക്കും. മദ്യപിക്കാത്തവരോട് ഇക്കൂട്ടർക്ക് രസക്കുറവുതോന്നും. മദ്യപിക്കുന്നവരുമായി സൗഹൃദവൃന്ദമുണ്ടാക്കും. മനുഷ്യൻ ഇങ്ങനെയൊക്കെ സ്വയം ചെളിക്കുഴികളിൽ പതിക്കുന്നതിന്റെ പിന്നിൽ എന്തെങ്കിലും കാരണമുണ്ടോ എന്നു ചോദിച്ചാൽ ഭഗവാൻ ശ്രീനാരായണഗുരു നമുക്ക് ഒരു കക്ഷിയെ പരിചയപ്പെടുത്തിത്തരും. മുയലകൻ എന്നാണ് പേര്. നിങ്ങൾ ശിവതാണ്ഡവത്തിന്റെ ചിത്രം കണ്ടിട്ടുണ്ടെങ്കിൽ മുയലകനെയും പരിചയപ്പെട്ടിട്ടുണ്ടാവും. ശിവന്റെ കാലടിക്കുള്ളിൽ കിടക്കുന്ന ഒരസുരനാണ് മുയലകൻ. ശിവൻ ഒരു വ്യക്തിയല്ല, പരമമായ സത്യമാണ് എന്നറിയുന്നതുപോലെ മുയലകനെയും വ്യക്തിയായി കാണരുത്. അതൊരു പ്രതിഭാസമാണ്. അതിനെയാണ് കലിയെന്നുവിളിക്കുന്നത്. കലികാലം ഇവന്റെ പ്രഭാവം വർദ്ധിക്കുന്ന കാലമാണ്. മദ്യം, മാംസം, മൈഥുനം എന്നിവയോടുള്ള ആസക്തി മുയലകന്റെ സ്വാധീനംമൂലം ഉണ്ടാകുന്നതാണ്. സുഖം എന്നു തോന്നിപ്പിക്കുന്ന ഒരു തമോരസമാണ് മുയലകന്റെ ആയുധം. എല്ലാ മനുഷ്യരെയും സ്വാധീനത്തിലാക്കി ലോകം തന്റെ കൈപ്പിടിയിലാക്കുക എന്നതാണ് മുയലകന്റെ ലക്ഷ്യം.
മുയലകന്റെ വാസസ്ഥാനം എവിടെയാണ്? അവൻ മനുഷ്യ മനസിലെ അഹന്തയോട് ചേർന്നാണ് വസിക്കുന്നത്. അഹന്തയുണരുമ്പോൾ മുയലകനുണരും. പിന്നെ വ്യക്തിക്ക് കാണേണ്ടതുകാണാൻ കാഴ്ചയുണ്ടാവില്ല, കേൾക്കേണ്ടത് കേൾക്കാൻ ചെവിയുമുണ്ടാവില്ല. തന്റെ പ്രവൃത്തികൾക്കുള്ള ന്യായാന്യായങ്ങൾ ഈ കലിതന്നെ അവന് നൽകിക്കൊണ്ടേയിരിക്കും. ഉള്ളിലിരുന്ന് കലി കാട്ടിക്കൊടുക്കുന്ന മായരൂപങ്ങളെ മാത്രം അയാൾ കാണും. മായാ ശബ്ദങ്ങൾമാത്രം കേൾക്കും. തെ​റ്റിദ്ധാരണ ഉണ്ടാകുന്നത് ഈ വഴിക്കാണ്. തെ​റ്റിദ്ധാരണയിൽ ഒരാൾ സ്വയം നശിക്കുകയോ മ​റ്റൊരാളുടെയോ ഒരു ജനക്കൂട്ടത്തെതന്നെയോ നശിപ്പിച്ചുകളയും. കലിബാധിച്ച മനുഷ്യന് ഒരിക്കലും താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും തെ​റ്റാണെന്ന് തോന്നില്ല. താനാണ് ശരിയെന്നേ തോന്നൂ. തന്റെ ശരിയെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ എതിർക്കുന്നവരെ ഇല്ലായ്മചെയ്യണം എന്നാവും തോന്നുക. ഈ പ്രതിഭാസം വ്യക്തികളിലൂടെ സമൂഹമാകെ വ്യാപിക്കുമ്പോഴാണ് കലികാലം വന്നു എന്നു പറയുന്നത്. ഇതിനുമുമ്പു കഴിഞ്ഞ എല്ലാ യുഗങ്ങളിലും കലി ഉണ്ടായിരുന്നു. എന്നാൽ ആധുനിക കാലത്ത് പ്രഭാവം പണ്ടേക്കാളേറെ വർദ്ധിച്ചു. കലിയിൽനിന്ന് ഒരു മോചനം എങ്ങനെ? അതിനുള്ള ഉത്തരമാണ് സ്വാനുഭവഗീതിയുടെ മുപ്പത്തിയഞ്ചാം പദ്യത്തിൽ ഭഗവാൻ മൊഴിയുന്നത്:
തൊലിയുമെടുത്തു പുതച്ചാ-
ക്കലിയെ ക്കഴലാലഴിക്കുമൊരു കലിയേ!
കലിയും കാലാൽ തുലയും
നിലയേ യെല്ലാനിലയ്ക്കു മൊരുതലയേ!
കരിമ്പടംപോലുള്ള ശൂന്യതയാകുന്ന മായയെ എടുത്തുപുതച്ച് മറഞ്ഞിരിക്കുന്ന മഹാദേവാ, എല്ലാ​റ്റിനെയും കൈപ്പിടിയിലൊതുക്കി ലോകംതന്നെ കീഴടക്കാനിറങ്ങിയ മുയലകനെ കാലടിയിലിട്ട് ചവിട്ടി ഇല്ലാതാക്കുന്നവനേ, നിന്റെ പദചലനത്തിൽനിന്നാണ് സമയവും കാലവും ഉണ്ടാകുന്നത്. കാലം കൊണ്ട് നീ കലിയുണ്ടാക്കിയ നാശങ്ങൾക്ക് പരിഹാരം കാണുന്നവനല്ലേ? കാലം മായ്ക്കാത്ത മുറിവില്ല എന്നു പറയുന്നത് അതുകൊണ്ടാണല്ലോ? സങ്കടങ്ങളുടെയും ദുരിതങ്ങളുടെയും കാലം മായ്ച്ച് സമാധാനത്തിന്റെ കാലം നൽകാനും അതിനാൽ നീ തന്നെയാണ് സർവലോകത്തിനും ആശ്രയമായിരിക്കുന്നത്.
ശിവൻ കാലസ്വരൂപനാണ് എന്നു പറയുന്നതിന്റെ പൊരുളാണിവിടെ ഭഗവാൻ മൊഴിയുന്നത്. ചലനമാണ് സമയത്തെയും കാലത്തെയും സൃഷ്ടിക്കുന്നത്. സമയം ഉണ്ടാകാൻ കാരണം ചലനമാണ്. സൂര്യനും ഭൂമിയും ചലിക്കുന്നതുകൊണ്ടാണല്ലോ ദിനരാത്രങ്ങൾ ഉണ്ടാകുന്നത്. ചലിക്കുന്നതെല്ലാം മാ​റ്റങ്ങൾ വിധേയമാകുന്നതാണ്. ചലിക്കാത്തതൊന്നും മാറില്ല. നിശ്ചലമായി ഈ ഭൂമിയിൽ നിലകൊള്ളുന്നു എന്ന് നമുക്കുതോന്നുന്നവസ്തുക്കൾപോലും പ്രപഞ്ചചലനത്തിൽ ഒപ്പം ചലിച്ചു കൊണ്ടിരിക്കുന്നവയാണ്. അതിനാൽ ചലിക്കാത്തതായി ഇവിടെ ഒന്നുമില്ല. നാശമില്ലാത്തതും ഇല്ല. ഒന്നുണ്ടായി നശിക്കുമ്പോൾ മ​റ്റൊന്നുണ്ടാകും. ഇതിന്റെയെല്ലാം അധിപൻ കാലസ്വരൂപനായ ഭഗവാനാണെന്ന് നാം അറിയണം. അവന്റെ കാലചലനത്തിൽ വന്നുപെട്ടവകളിൽ ഒന്നുമാത്രമാണ് താനെന്ന് തിരിച്ചറിയണം. എല്ലാം താനാണെന്ന അല്പബുദ്ധി അഥവാ അഹന്തവെടിഞ്ഞ് ഭഗവാന്റെ കാലിൽ സർവാർപ്പണ ബുദ്ധിയോടെ കീഴടങ്ങുക. ഭഗവാന് സ്വയം സമർപ്പിക്കുന്നവരുടെ ബുദ്ധിയിൽ കയറിക്കൂടിയ മുയലകനെന്ന കലിയെ ഭഗവാൻ ചവിട്ടിമെതിച്ച് ഇല്ലാതാക്കും. അഹന്തയുമായി സർവലോകവും കീഴടക്കാൻ ശ്രമിക്കുന്നവർ ചിലപ്പോൾ ദുരിതങ്ങളും ദൗർഭാഗ്യങ്ങളുംകൊണ്ട് വലയുന്നത് കണ്ടിട്ടില്ലേ? മുയലകനെ പുറത്തുകളയാൻ കാലസ്വരൂപനായ ഭഗവാൻ നടത്തുന്ന ചവിട്ടുകളാണ് അവയെല്ലാം. അതായത് ദൈവത്തെ ആശ്രയിച്ചാൽ അഹന്തനശിക്കും. അഹന്തനശിച്ചാൽ കലികാലവും നല്ലകാലമാകും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ