Saturday, 22 July 2017 8.18 AM IST
റെയിൽവേ ഡിവിഷനുവേണ്ടി എം.പിമാർ ഇറങ്ങണം
July 16, 2017, 12:16 am
കേരളത്തിന് പ്രത്യേക റെയിൽവേ സോൺ വേണമെന്ന ആവശ്യം കുറച്ചുകാലം മുമ്പ് സജീവമായിരുന്നു. എത്ര കരഞ്ഞിട്ടും ഫലമില്ലെന്നു വന്നതോടെ എല്ലാവരും അതു മറന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണകക്ഷികൾ മാറിയപ്പോഴെങ്കിലും റെയിൽവേ വികസന പദ്ധതികളിൽ സംസ്ഥാനത്തിനു അർഹമായ പങ്ക് ലഭിക്കുമെന്ന പ്രതീക്ഷയും തെറ്റിയിരിക്കുകയാണ്. അവഗണന തുടരുന്നുവെന്നു മാത്രമല്ല, ഉള്ള സൗകര്യങ്ങൾ പോലും എങ്ങനെ ഇല്ലാതാക്കാമെന്ന കഠിന ചിന്തയിലാണ് റെയിൽവേ അധികൃതർ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് തിരുവനന്തപുരം ഡിവിഷൻ വെട്ടിമുറിക്കാൻ അണിയറയിൽ നടക്കുന്ന ശ്രമം. നേമം മുതൽ തിരുനൽവേലി വരെയുള്ള 160 കിലോമീറ്റർ തിരുവനന്തപുരം ഡിവിഷനിൽ നിന്നു അടർത്തിയെടുത്ത് മധുര ഡിവിഷനിലാക്കാനാണുള്ള ആലോചനയാണു നടക്കുന്നത്. ഇതിനു പകരമായി മധുര ഡിവിഷനിലെ കൊല്ലം മുതൽ പുനലൂർ വരെയുള്ള ഭാഗം തിരുവനന്തപുരം ഡിവിഷനോടു ചേർക്കാമെന്നാണു വാഗ്ദാനം. 1956 -ൽ സംസ്ഥാന പുനസ്സംഘടനാവേളയിൽ കന്യാകുമാരി കൈവിടേണ്ടി വന്നതിലെ അപരിഹാര്യമായ നഷ്ടം ഇനിയും പഴമക്കാരുടെ മനസുകളിൽ നിന്നു മാഞ്ഞിട്ടില്ല. അതുപോലെ വീണ്ടുമൊരു വലിയ നഷ്ടമാണ് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിലൂടെ സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഈ കുത്സിത നീക്കവുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ട് റെയിൽവേ കാര്യങ്ങളുടെ ചുമതല കൂടിയുള്ള സംസ്ഥാന മരാമത്തു മന്ത്രി ജി. സുധാകരൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ശശി തരൂർ, എ. സമ്പത്ത് എന്നീ എം.പിമാരും തിരുവനന്തപുരം ഡിവിഷന്റെ രക്ഷയ്ക്കായി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ കേവലം ഒരു കത്തയച്ചതുകൊണ്ടോ പ്രസ്താവനകൾ ഇറക്കിയതു കൊണ്ടോ തടയാവുന്ന നീക്കമല്ലിത്. മുൻകാല അനുഭവങ്ങൾ വച്ചു നോക്കിയാൽ കേരളത്തിന്റെ ഏറ്റവും ന്യായമായ ആവശ്യങ്ങൾക്കു പോലും യാതൊരു പരിഗണനയും റെയിൽവേ മന്ത്രിയിൽ നിന്നോ റെയിൽവേ ബോർഡിൽ നിന്നോ ലഭിക്കാറില്ല. കേരളത്തിന്റെ താത്‌പര്യങ്ങൾക്കു വിലങ്ങുതടിയായി എപ്പോഴും ഈ വകുപ്പിൽ തമിഴ്‌നാടിന്റെ ഒരു പ്രതിനിധി താക്കോൽ സ്ഥാനത്തുണ്ടാവുകയും ചെയ്യും. കേരളത്തിനുണ്ടാകുന്ന നഷ്ടം തമിഴ‌്‌‌നാടിനാണ് നേട്ടമാകാറുള്ളത്. ഡിവിഷൻ വിഭജനത്തിനു പിന്നിലും തമിഴ്‌നാടു ലോബി തന്നെയാണ് പിടിമുറുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം ഡിവിഷനിൽ നിന്നു മുറിച്ചെടുക്കുന്ന ഭാഗം തത്‌കാലം മധുര ഡിവിഷനിലാണു ചേരുന്നതെങ്കിലും പിന്നീട് ഇതുകൂടി ഉൾപ്പെടുത്തി പുതുതായി തിരുനൽവേലി ഡിവിഷൻ സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഉള്ളതായി കേൾക്കുന്നു. തമിഴ്‌നാട്ടിൽ കൂടുതൽ റെയിൽവേ വികസന പദ്ധതികൾ ഏറ്റെടുക്കാനുള്ള കളമൊരുക്കാൻ ഇതിലൂടെ കഴിയുമെന്ന നേട്ടവും ഉണ്ട്. തിരുവനന്തപുരം ഡിവിഷനും പാലക്കാട് ഡിവിഷനും കൊങ്കൺ റെയിൽവേ ഡിവിഷനും ചേർത്ത് പെനിൻസുലാർ ഡിവിഷനു വേണ്ടി ഏറെക്കാലമായി ശബ്ദമുയർത്തുന്ന കേരളത്തിന്റെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ ആവശ്യം നിലനിൽക്കുമ്പോഴാണ് തിരുവനന്തപുരം ഡിവിഷന്റെ വളർച്ച പോലും മുരടിപ്പിക്കും വിധം നേമം മുതലുള്ള ഭാഗം മുറിച്ചുനീക്കാനുള്ള ഗൂഢ ശ്രമം.
റെയിൽവേ ബഡ്ജറ്റ് വേളയിൽ മാത്രമേ കേന്ദ്രാവഗണനയെക്കുറിച്ചും പുതിയ ട്രെയിനുകൾ കിട്ടാത്തതിനെക്കുറിച്ചുമൊക്കെ ഇവിടെ പ്രതിഷേധം ഉയരാറുള്ളൂ. കുറച്ച് ആഴ്ചകൾ കഴിയുന്നതോടെ എല്ലാം ആറിത്തണുക്കും. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരത്ത് അനുഷ്ഠാനം പോലെ സർക്കാർ വിളിച്ചുചേർക്കുന്ന എം.പിമാരുടെ യോഗത്തിൽ മുടങ്ങിക്കിടക്കുന്ന റെയിൽവേ വികസന പദ്ധതികളെക്കുറിച്ചും പരാമർശങ്ങളുണ്ടാകാറുണ്ട്. പാർലമെന്റിൽ ശക്തിയായി ആവശ്യങ്ങൾ ഉന്നയിക്കണമെന്ന നിർദ്ദേശവും ഉയരും. എല്ലാം ഏറ്റ് ജനപ്രതിനിധികൾ തലകുലുക്കി പിരിയുകയും ചെയ്യും. പലരും യോഗത്തിൽ എത്താറുപോലുമില്ല. കൂടുതലും ആകാശസഞ്ചാരികളായതിനാൽ റെയിൽ സൗകര്യങ്ങളുടെ വീർപ്പുമുട്ടിക്കുന്ന പരിമിതികളിൽ പലതും അവർ അറിയാറുമില്ല. ഒരു ചെറിയ ഉദാഹരണം പറയാം. കൊച്ചിയിൽ നിന്ന് രാമേശ്വരത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഒരു ട്രെയിൻ ഓടിച്ചിരുന്നു. യാത്രക്കാരിൽ നിന്ന് അഭൂതപൂർവമായ സ്വീകരണമാണ് ഇതിനു ലഭിച്ചത്. യാത്രക്കാരുടെ താത്‌പര്യം കണക്കിലെടുത്ത് നിശ്ചിത കാലയളവും കഴിഞ്ഞ് ഒരു മാസം കൂടി സർവീസ് ദീർഘിപ്പിക്കേണ്ടിവന്നു. സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം നാനാകോണിൽ നിന്ന് നിരന്തരം ഉയർന്നെങ്കിലും കഴിഞ്ഞ മാസം അത് നിറുത്തലാക്കുക തന്നെ ചെയ്തു. പ്രശ്നം ഏറ്റെടുക്കാനോ ഡൽഹിയിൽ റെയിൽവേ അധികൃതരെ സമീപിച്ച് അനുകൂല തീരുമാനം എടുപ്പിക്കാനോ ആരുമുണ്ടായില്ല. ഇതുപോലെ തന്നെയാണ് അനുവദിക്കപ്പെട്ട ട്രെയിനുകളുടെ കാര്യത്തിൽ പോലും നേരിടേണ്ടിവരുന്ന അവഗണന. തിരുവനന്തപുരത്തിരുന്ന് കത്തെഴുതിയതുകൊണ്ടോ പ്രസ്താവന ഇറക്കിയതു കൊണ്ടോ റെയിൽ ഭവനെ ഉണർത്താമെന്നു കരുതരുത്. സംഘടിതമായ നീക്കങ്ങളുണ്ടായാലേ ഉണരേണ്ടവർ ഉണരൂ. സർക്കാരും എം.പിമാരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണം. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഇപ്പോഴത്തെ രൂപത്തിലെങ്കിലും നിലനിൽക്കണമെങ്കിൽ അടിയന്തരമായി എല്ലാവരും രംഗത്തിറങ്ങിയേ മതിയാകൂ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ