രാമായണത്തിലെ വെളിച്ചം
July 17, 2017, 12:20 am
അമ്പലപ്പുഴ രാജഗോപാൽ
രാമായണമാസം! അജ്ഞാതമാകുന്ന തിമിരാന്ധതയെ മായ്ച്ച് പ്രജ്ഞാനം പകരുന്ന രാമകഥാവാഹിനി. സത്യധർമ്മ സംശുദ്ധിയുടെ ആത്മാന്വേഷണപരമായ അയനം.
മനുഷ്യജീവിതത്തിന്റെ സ്ഥായിയായ സമസ്യകളെ ബഹുജനഹിതത്തിനും ബഹുജന സുഖത്തിനുംവേണ്ടി അഭിസംബോധന ചെയ്യുന്ന രാമായണം കാലാതിവർത്തിയായ പ്രസക്തിയെയാണ് കാണിക്കുന്നത്. തനിക്ക് തന്നിലേക്ക് നോക്കുവാനുള്ള കണ്ണാടിയാണ് രാമായണം.
ധർമ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. യഥാരാജാ തഥാപ്രജാ എന്ന് പണ്ടേയുള്ള ആപ്തവാക്യം നാം കണ്ടുവരുന്ന വാസ്തവവും കൊണ്ടുനടക്കേണ്ട പ്രാമാണിക ചിന്തയുമാണ്. ഭരണകർത്താവുംഭരണീയരും തമ്മിൽ പരസ്പരധാരണ ഉണ്ടായിരിക്കണം. വാത്മീകിയുടെ വാക്കുകളിൽ എവിടെ കാമമോഹിതരല്ലയോ വിദ്യാവിഹീനരല്ലയോ, എവിടെ ക്രൂരബുദ്ധികളല്ലയോ, ഈശ്വരനിന്ദകരല്ലയോ അവിടെയാണ് രാമരാജ്യം.
സത്യത്തിനുവേണ്ടിയുള്ള ധർമ്മത്തിന്റെ സംസ്ഥാപനത്തിനുവേണ്ടിയുള്ള ശ്രീരാമന്റെ പരിക്രമണവും സഹനത്തിനുവേണ്ടിയുള്ള വിശുദ്ധി തുളുമ്പുന്ന ജീവിത മഹിമയ്ക്കുവേണ്ടിയുള്ള സീതാദേവിയുടെ അയനവും കൂടിച്ചേർന്ന രാമകഥ വാർത്തമാനകാലഘട്ടത്തിലെ വഞ്ചനകൾക്കും മിഥ്യാഭിമാനങ്ങൾക്കും ഉപരിപ്ളവ ആദർശനാട്യങ്ങൾക്കും യുദ്ധകാഹളങ്ങൾക്കും വിശ്വാസരാഹിത്യങ്ങൾക്കും ഇതിന്റെയെല്ലാം ആകെത്തുകയായ സംഘർഷഭരിതമായ സാമൂഹികാവസ്ഥകൾക്കും മുന്നിൽ ഉത്തമവും പ്രബുദ്ധവുമായ ഒരു പുനഃചിന്തനത്തിനുള്ള മഹാഒൗഷധിയാണ്. വാത്മീകി തെളിച്ച മഹാകാവ്യ ദീപ്തിയെ തുഞ്ചന്റെ പൈങ്കിളിക്കൊഞ്ചലിലൂടെ നാം ശ്രവിക്കുന്നു.
ഗുരുഭക്തിയുടെ മഹാനുഭൂതി, പിതൃഭക്തിയുടെ ഉൽക്കൃഷ്ടധന്യത, മാതൃപൂജയുടെ അനുസരണത്തിന്റെ ഉത്തമ മാതൃക, സഹോദര സ്നേഹത്തിന്റെ അനിർവ്വചനീയത, ശിഷ്യസത്തമരോടുള്ള സ്നേഹ സമ്പൂർണമായ വിധേയത്വം, യജമാനനോടുള്ള ആത്മസമർപ്പണപരമായ ബന്ധുത്വം, തന്റെ പ്രജകളോടുള്ള ഒരു ഉത്തമഭരണാധികാരിയുടെ ഉള്ളഴിഞ്ഞ വാത്സല്യ സംരക്ഷണങ്ങൾ...ഇതെല്ലാം രാമായണത്തിലെ അതിബൃഹത്തായ ചിത്രങ്ങളാണ്. വംശവെറിയും വർഗപരമായ ഉൾപ്പിരിവുകളും വേർപെടുത്തലുകളുമെല്ലാം നടമാടുന്ന ഈ ഭൂമിയിൽ ബോധഹീനന്മാർക്ക് ആത്മബോധമുണരാൻ രാമകഥ എങ്ങനെയൊക്കെ പ്രയോജകീഭവിക്കുന്നു എന്ന് പഠിച്ചറിയേണ്ടതുതന്നെയാണ്.
അച്ചടക്കത്തോടെ സാമാന്യ ധർമ്മരീതികളെ പിന്തുടർന്നുപോന്നാൽ പടിപടിയായി ഉയർന്ന് ഒടുവിൽ ആത്മീയമായ ഒൗന്നത്യം ലഭിക്കുന്നു. അപ്പോൾ ജഗദ് പ്രഭുവായ ഈശ്വരന്റെ പാദാരവിന്ദങ്ങളല്ലാതെ മറ്റൊന്നും മികച്ചതായി തോന്നുകയില്ല. ഈ ഉന്നത നിലയെയാണ് 'ശേഷധർമ്മ' മെന്നു പറയുന്നത്. ലക്ഷ്മണൻ രാമനെ പിന്തുടർന്ന് ജീവിച്ച ഉൽക്കൃഷ്ടതാപൂർണമായ രീതി ഈ വിധത്തിലുള്ളതാണ്.
വളരെ ദൂരത്താണെങ്കിലും എപ്പോഴും ദൈവചിന്തയോടുകൂടിയിരിക്കുകയാണ് 'വിശേഷധർമ്മം'. ഭരതന്റെ ജീവിതം ഇതായിരുന്നു. ദൈവത്തേക്കാൾ ദൈവത്തിന്റെ ശിഷ്യസത്തമന്മാർക്ക് സേവനം ചെയ്ത് മേൽഗതി പ്രാപിക്കുന്നത് 'വിശേഷശതധർമ്മമാകുന്നു. ഭാഗവതോത്തമനായ ഭരതന് സേവ ഉച്ചയ്ക്ക് ശത്രുഘ്നൻ വിശേഷശരധർമ്മത്തിന് വിഷയീഭൂതനായി സായൂജ്യം നേടി.
ഈവിധമുള്ള രാമായണ ധർമ്മങ്ങൾ പാലിച്ചുജീവിച്ചാൽ ജീവിതത്തിന്റെ അവാച്യമായ സൗന്ദര്യം അനുഭവവേദ്യമാകുകതന്നെ ചെയ്യും. രാമായണ മാസം ആചരിക്കുമ്പോൾ ഈവിധ ജീവിതധർമ്മങ്ങളിലാകണം നമ്മുടെ സഹജമായ ചിന്ത ആഴ്ന്നിറങ്ങേണ്ടത്.
വാത്മീകി ഇരുപത്തിനാലായിരം അനുഷ്ഠ ശ്ളോകങ്ങൾ കൊണ്ട് രാമായണം വിരചിച്ചു. ബാലകാണ്ഡംമുതൽ യുദ്ധകാണ്ഡംവരെ ആറുകാണ്ഡങ്ങളും (ഉത്തരകാണ്ഡമുൾപ്പെടെ) ഏഴ് കാണ്ഡങ്ങളിലായി വിവിധ അദ്ധ്യായങ്ങളുമായിട്ടാണുള്ളത്.
ബാലകാണ്ഡം സന്താനങ്ങളുടെ ഗുണാനുഭവങ്ങൾക്കും കുടുംബാഭിവൃദ്ധിക്കും അയോദ്ധ്യാകാണ്ഡം ജീവിത സൗഖ്യത്തിനും ആരണ്യകാണ്ഡം നഷ്ടമായവ തിരികെ ലഭിക്കുന്നതിനും സകലദോഷപരിഹാരങ്ങൾക്കും കിഷ്‌‌കിന്ധാകാണ്ഡം ശത്രുതകളെ നീക്കി പ്രതിയോഗികളെ മിത്രങ്ങളാക്കുന്നതിനും സുന്ദരകാണ്ഡം കാര്യലബ്ധിക്കും സമാധാനപ്രാപ്തിക്കും യുദ്ധകാണ്ഡം സർവ്വാഭീഷ്ടസിദ്ധിക്കും കാരണഭൂതമാകുന്നു. അതാതു ഗ്രഹങ്ങളുടെ ദിനങ്ങളിൽ പാരായണം ചെയ്യുന്നതിലൂടെ ബാലകാണ്ഡം ആദിത്യ പ്രീതിക്കും ചൊവ്വാപ്രീതിക്കും അയോദ്ധ്യാകാണ്ഡം കേതുപ്രീതിക്കും സുന്ദരകാണ്ഡം ബുധൻ-വ്യാഴ പ്രീതിക്കും ചന്ദ്രപ്രീതിക്കും യുദ്ധകാണ്ഡം രാഹുപ്രീതിക്കും ഉത്തമമെന്ന് അഭിജ്ഞമതം. രാമായണം ശ്രീപരമേശ്വരൻ പാർവ്വതീദേവിക്ക് ഉപദേശിച്ചുകൊടുത്തതാണ്.
ദക്ഷിണായനത്തിന്റെ ആരംഭമാണ് കർക്കടകം. സൂര്യന്റെ തെക്കോട്ടുള്ള ഗതി കർക്കടകം ഒന്നുമുതൽ ധനു 30 വരെയുള്ള ആറുമാസമാണ്. ഇതിനെയാണ് ദക്ഷിണായനമെന്നു പറയുന്നത്. ജ്യോതിശാസ്ത്രത്തിൽ മേടം തുടങ്ങി പന്ത്രണ്ടുരാശികളാണുള്ളത്. ഇതിൽ 4-ാമത്തെ രാശിയാണ് കർക്കടകം.
സൂര്യൻ ഭൂമിയിൽനിന്നും ഏറ്റവും അകലത്തിൽ നിൽക്കുന്ന മാസമാണ് കർക്കടകം. അതിവർഷവും അസ്വസ്ഥതകളും രോഗജന്യമായ അവസ്ഥകളുമുണ്ടാകുന്നത് ഇത് നിമിത്തമാണ്. അതുകൊണ്ടുതന്നെ മുൻതലമുറ -പഴമക്കാർ -ചികിത്സാമാസമായി കർടകത്തെ കണക്കാക്കിപ്പോന്നു, അതോടൊപ്പം ഭക്തിപൂർണമായ മനസും ആചാരാനുഷ്ഠാനങ്ങളും ഒപ്പം ചേർത്തു. ഈ അനുഷ്ഠാനബദ്ധമായ ആദ്ധ്യാത്മികാന്തരീക്ഷവും മഹാവിഷ്ണു പൂജയ്ക്ക് കർക്കടകമാസത്തിനുള്ള പ്രാധാന്യവുംകൂടിചേർന്ന് 'രാമായണമാസാചരണ'മായി മാറി.
'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചല'മെന്നോർമ്മപ്പിക്കുന്ന രാമായണം ഭൗതികവിഭ്രാന്തിയിൽപെട്ടുഴലുന്ന മനുഷ്യന്റെ നിത്യജീവിതത്തിന്റെ വിന്വലതയെ ഭംഗ്യന്തരേണ അതിലുപരി, അതിഗൗരവരൂപേണ ഓർമ്മിപ്പിക്കുന്നു. അഹന്തയിൽ അഭിരമിക്കുന്ന മനുഷ്യന്റെ കാപട്യങ്ങളെയും സമൂഹത്തിന്റെ നിലനില്പിനുവേണ്ട സ്വാസ്ഥ്യങ്ങളെയുമെല്ലാം സൂക്ഷ്മമായി പ്രതിപാദിക്കുകയും അതിലുപരി ഓർമ്മിപ്പിക്കുകയും ചെയ്യുന്ന 'രാമകഥ' ഞാനെന്ന ഭാവത്തെ ഇല്ലായ്മ ചെയ്യുംവിധം ജ്ഞാനസംപൂർണമാണ്.
വർഷങ്ങൾക്കുമുൻപേതന്നെ മലയാളത്തറവാടുകളിൽ രാമായണം പാരായണം ചെയ്യുക പതിവായിരുന്നു. മദ്ധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ചും അദ്ധ്യാത്മരാമായണം വീടുകളിൽ പാരായണം ചെയ്തുവന്നിരുന്നത് ക്ഷേത്രങ്ങളിലെ അത്താഴപൂജ കഴിഞ്ഞാണ്. ഇന്ന് സമയനിബന്ധിതമല്ലാതെ രാമായണ പാരായണ സന്ധ്യകളും പ്രഭാതങ്ങളും നമുക്ക് കാണാം.
ജീവിതവിശുദ്ധിക്കുവേണ്ടിയുള്ള ആത്മപരിശോധനാപരമായ ഒരു ധന്യമുഹൂർത്തമായി ഈ വേള മാറട്ടെ!
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ