തീരസുരക്ഷ :നാവികസേനയുടെ അടിയന്തര യോഗം നാളെ
July 16, 2017, 12:43 am
എം.എച്ച് വിഷ്‌ണു
തിരുവനന്തപുരം: രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്, ഏറെ തന്ത്രപ്രധാനമായ കേരളത്തിന്റെ സമുദ്രമേഖലയിൽ പഴുതടച്ച സുരക്ഷയൊരുക്കാനുള്ള കേന്ദ്രനിർദ്ദേശത്തെ തുടർന്ന് നാവികസേന അടിയന്തര തീരസുരക്ഷാ അവലോകന യോഗം വിളിച്ചു. തിങ്കളാഴ്‌ച തിരുവനന്തപുരത്താണ് യോഗം. ദക്ഷിണ നാവിക കമാൻഡിലെ വൈസ് അഡ്‌മിറൽ ആർ.വി.കാർവെയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കടലിൽ പട്രോളിംഗും ജാഗ്രതയും കർശനമാക്കാനുള്ള നടപടികൾ ചർച്ചയാവും.
പുറംകടലിൽ 24മണിക്കൂർ നിരീക്ഷണവും പട്രോളിംഗും വേണമെന്നും മത്സ്യത്തൊഴിലാളികൾക്ക് തീരസംരക്ഷണസേനയും നാവികസേനയും സുരക്ഷയൊരുക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെടും.
പൊഴിയൂർ മുതൽ കാസർകോട് കുമ്പള വരെ 595കിലോമീറ്റർ തീരദേശമുള്ള കേരളത്തിന് കടൽവഴിയുള്ള ഭീഷണിയേറെയാണ്. കൂടുതൽ തീരദേശപൊലീസ് സ്റ്റേഷനുകൾ കേന്ദ്രം അനുവദിക്കുകയും ഫോർട്ടുകൊച്ചി സ്റ്റേഷൻ രാജ്യാന്തര സ്റ്റേഷനാക്കാൻ നടപടികൾ തുടങ്ങുകയും ചെയ്തെങ്കിലും കടലിലെ പട്രോളിംഗ് ഇപ്പോഴും പേരിനുമാത്രമാണ്. തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റർ മാത്രം അകലെയുള്ള ശ്രീലങ്കയിൽ ചൈനീസ് സേനയുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് പരിഗണിച്ചാണ് തീരത്ത് പഴുതടച്ച സുരക്ഷയൊരുക്കുന്നത്.
തീരത്തുനിന്ന് 12 നോട്ടിക്കൽമൈൽ വരെയുള്ള ടെറിറ്റോറിയൽ സീ എന്നറിയപ്പെടുന്ന പ്രദേശത്ത് തീരദേശപൊലീസിന് പട്രോളിംഗിന് അനുമതിയുണ്ട്. അഞ്ചുടണ്ണിന്റെയും 20ടണ്ണിന്റെയും 23 ബോട്ടുകളുണ്ടെങ്കിലും കടലിൽ പോകുന്നത് അപൂർവമാണ്. കടൽ ക്ഷോഭിച്ചാൽ അഞ്ചുടൺ ബോട്ടിൽ വെള്ളംകയറും. ഇന്ധനക്ഷമത കുറവായതിനാൽ ഇരുപത് ടൺ ബോട്ട് കടലിലിറക്കാറില്ല. മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെട്ടാലും നാവികസേന, തീരസംരക്ഷണസേന ബോട്ടുകളെയും കപ്പലുകളെയുമാണ് ആശ്രയിക്കുന്നത്. കപ്പൽചാൽ വിട്ട് വിദേശ കപ്പലുകൾ വരുന്നുണ്ടോ എന്നുപോലും തീരദേശപൊലീസിന് അറിയില്ല. കടൽവഴിയുള്ള നുഴഞ്ഞുകയറ്റം തടയാൻ വ്യോമനിരീക്ഷണത്തിന് ഹെലികോപ്‌ടറും 25പേർക്ക് യാത്രചെയ്യാനാവുന്ന വലിപ്പമേറിയ ബോട്ടുകളും അനുവദിക്കണമെന്ന ആവശ്യം അവലോകന യോഗത്തിൽ ചർച്ചയാവും.
തീരസുരക്ഷയ്ക്കായി തീരദേശ പൊലീസിനു കീഴിൽ മറൈൻ കേഡർ രൂപീകരിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. കടലിൽ നീന്താനും കടലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയുന്ന തീരദേശവാസികളായ യുവാക്കൾക്ക് സേനയിലേക്ക് നിയമനം നൽകും. പുതിയ കേഡർ രൂപീകരണത്തിന് കേന്ദ്രസർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
സേനകളുമായി തീരദേശപൊലീസിന് ഏകോപനമുണ്ടാക്കുന്നതും യോഗത്തിന്റെ അജൻഡയാണ്.
ചീഫ്സെക്രട്ടറി, പൊലീസ് മേധാവി, കോസ്റ്റ്‌ഗാർഡ് ഡി.ഐ.ജി, കൊച്ചിൻ തുറമുഖ ചെയർമാൻ, കസ്റ്റംസ് കമ്മിഷണർ, കേന്ദ്രഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ