Sunday, 23 July 2017 6.14 AM IST
ഡി സിനിമാസിന്റെ പേരിൽ കലാഭവൻ മണിയും ദിലീപും തെറ്റിയെന്ന് സി.ബി.ഐക്ക് വിവരം
July 15, 2017, 10:34 pm
തിരുവനന്തപുരം: കലാഭവൻ മണിയുടെ മരത്തിനു കുറച്ചു നാൾ മുമ്പ് ദിലീപുമായി കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐയ്ക്കു രഹസ്യവിവരം ലഭിച്ചു. ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റർ സമുച്ചയത്തിൽ കലാഭവൻ മണിക്കും നിക്ഷേപമുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവർക്കിടെ അഭിപ്രായ ഭിന്നതയുണ്ടായി.

ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാൻസ് തുക നൽകിയതും കലാഭവൻ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേരു 'ഡിഎം സിനിമാസ്' എന്നായിരിക്കുമെന്നു കലാഭവൻ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാൽ മണിയുടെ നിർബന്ധപ്രകാരമാണു ചാലക്കുടിയിൽ സ്ഥലം കണ്ടെത്തിയത്. ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും തിയറ്റർ സമുച്ചയത്തിൽ ബിനാമി നിക്ഷേപമുള്ളതായി ആരോപണം ഉയരുന്നുണ്ട്.

ഡി– സിനിമാസ് നിർമിച്ച സ്ഥലം സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയും ഉയർന്നിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.

എന്നാൽ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളിൽ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാൻഡ് റവന്യു കമ്മിഷണർ 2015ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും പിന്നീട് അന്വേഷണമൊന്നും നടന്നില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ