കാർഷിക സർവകലാശാലയ്ക്ക് കാ‌ർഷിക ഗവേഷണ കൗൺസിലിന്റെ താക്കീത്
July 17, 2017, 3:00 am
രാജൻ പുരക്കോട്
തിരുവനന്തപുരം: സർവകലാശാലകൾക്കുള്ള പൊതുനിയമം നടപ്പാക്കാത്ത കേരള കാർഷിക സർവകലാശാലയ്ക്കു നേരെ ഇന്ത്യൻ കാ‌ർഷിക ഗവേഷണ കൗൺസിൽ കണ്ണുരുട്ടുന്നു. 115 കോടി രൂപയുടെ വാർഷിക വികസനഫണ്ട് തടയുമെന്നും കോഴ്സുകളുടെ അംഗീകാരം റദ്ദാക്കുമെന്നുമാണ് താക്കീത്. ആക്ട്‌ നടപ്പാക്കാൻ മുൻകൈയെടുക്കേണ്ട സംസ്ഥാന സർക്കാരിനോടും അതൃപ്തി അറിയിച്ചിട്ടുണ്ട്.
വികസന ഫണ്ട് വിനിയോഗം അവലോകനം ചെയ്യാൻ ഡോ. പ്രഥാന്റെ നേതൃത്വത്തിൽ അടുത്തിടെയെത്തിയ നാലംഗ ഐ.സി.എ.ആർ സംഘമാണ് സർവകലാശാലാ നിയമം (മോഡൽ ആക്ട്‌) നടപ്പാക്കാത്തതിനെതിരെ മുന്നറിയിപ്പു നൽകിയത്. രാജ്യത്തെ മിക്ക കാർഷിക സർവകലാശാലകൾക്കും ആക്ട് നടപ്പാക്കാമെങ്കിൽ കേരളത്തിനെന്താണ് കുഴപ്പമെന്ന് സംഘം ചോദിച്ചു. ആക്ട്‌ നടപ്പാക്കണമെന്ന് കാർഷിക സർവകലാശാലയോടും സർക്കാരിനോടും പലകുറി ആവശ്യപ്പെട്ടതാണ്. ഇതിനായി ആക്ട്‌ പരിഷ്കരിക്കുകയോ ഓർഡിനൻസിറക്കുകയോ ചെയ്യാവുന്നതാണ്. സംസ്ഥാന താത്പര്യമനുസരിച്ച് 30 ശതമാനംവരെ മാറ്റങ്ങളും ഐ.സി.എ.ആർ അനുവദിച്ചിട്ടുണ്ട്. എന്നാൽ 2009 മുതൽ ഒരു സർക്കാരും ഇതിനു തയ്യാറായിട്ടില്ല. ഫണ്ട് തടഞ്ഞാൽ കാർഷിക സർവകലാശാലയുടെ ബാഹ്യ സഹായ പദ്ധതികൾ, വികസനം, കൃഷിവി‌ജ്ഞാന കേന്ദ്രങ്ങൾ, അഖിലേന്ത്യാ കോ- ഓർ‌ഡിനേറ്റഡ് പദ്ധതികൾ എന്നിവ തകിടംമറിയും. വർഷാവർഷം കിട്ടുന്ന 115 കോടിയിലേറെ രൂപയുടെ ഗ്രാന്റാണ് കാർഷിക സർവകലാശാലയുടെ നിലനില്പ്. കോഴ്സുകളുടെ അംഗീകാരം റദ്ദാക്കിയാൽ കാർഷിക സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പുറം യൂണിവേഴ്സിറ്റികളിൽ പി.ജി, പിഎച്ച്.ഡി എന്നിവയ്ക്കു ചേരാനോ പരീക്ഷകളിൽ പങ്കെടുക്കാനോ പറ്റാതാവും. ഡിഗ്രി, പി.ജി തുടങ്ങിയവയിൽ മൂവായിരത്തോളം കുട്ടികളാണ് കേരള കാ‌ർഷിക സർവകലാശാലയിലുള്ളത്.
സെനറ്റും സിൻഡിക്കേറ്റുമാണ് (കാർഷിക സർവകലാശാലയിൽ ഇത് ജനറൽ കൗൺസിലും എക്സിക്യൂട്ടിവ് കമ്മിറ്റിയും) കാർഷിക സർവകലാശാലയിലുള്ളത്. ഈ ദ്വിതല സംവിധാനം ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടും യോജിക്കുന്നതല്ലെന്നാണ് ഐ.സി.എ.ആ‌റിന്റെ നിലപാട്. കടുത്ത രാഷ്ട്രീയവത്കരണം, സംഘടനാ ബാഹുല്യം, കിടമത്സരങ്ങൾ എന്നിവ മൂലം തീരുമാനങ്ങളെടുക്കുന്നതിൽ കാലതാമസമുണ്ടാവുന്നു. ഇത് യൂണിവേഴ്സിറ്റിയുടെ വികസന, ഗവേഷണ പദ്ധതികളെ തകിടംമറിക്കും.

മോഡൽ ആക്ട് നടപ്പായാൽ

 സെനറ്റ്, സിൻഡിക്കേറ്റുകൾക്കു പകരം 14-20 അംഗങ്ങളുള്ള ഗവേണിംഗ് കൗൺസിൽ മാത്രമാകും. ഇതിലേക്ക് ‌യോഗ്യതയില്ലാത്തവർ കടന്നുവരില്ല. ഭരണനടപടികൾ വേഗത്തിലാവും
 സെനറ്റ്, സിൻഡിക്കേറ്റുകളിൽ 60 പേർവരെയുണ്ടിപ്പോൾ. പകരം വരുന്ന കൗൺസിലിൽ അംഗങ്ങൾ കുറവായതിനാൽ ചെലവ് കുറയും

ജനാധിപത്യരീതി നഷ്ടപ്പെടും

 ജനറൽ കൗൺസിലിൽ നോമിനേഷൻ മാത്രമാവും
 കേന്ദ്ര സർക്കാർ നോമിനികൾക്കേ കടന്നുവരാനാവൂ
 ഉദ്യോഗ പ്രമാണിത്തം വർദ്ധിക്കാനിടയുണ്ട്
 നേരിട്ടുള്ള വിദ്യാർത്ഥി, അനദ്ധ്യാപക പ്രാതിനിദ്ധ്യം നഷ്ടപ്പെടും
crr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ