Sunday, 23 July 2017 6.16 AM IST
ചന്ദ്രനിലേക്ക് രണ്ടാം വിരുന്നിന് ഗ്രൗണ്ട് ട്രയൽ പുരോഗമിക്കുന്നു
July 18, 2017, 12:07 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: ബഹിരാകാശത്തിന്റെയും പ്രപഞ്ചോത്പത്തിയുടെയും രഹസ്യങ്ങൾ തേടിയുള്ള ഐ.എസ്.ആർ.ഒയുടെ നിർണായക ദൗത്യം ചന്ദ്രയാൻ - 2 അടുത്ത വർഷം ആദ്യം വിക്ഷേപിക്കും. ഇതിന്റെ അന്തിമ ഒരുക്കങ്ങൾ ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഗ്രൗണ്ട് ട്രയൽ മഹേന്ദ്രഗിരിയിലാണ്.ജൂണിൽ വിക്ഷേപിച്ച ഉയർന്ന ഭാരവാഹക ശേഷിയുള്ള ജി.എസ്.എൽ.വി മാർക്ക് - 3 റോക്കറ്റിന്റെ പഴയ പതിപ്പായ ജി. എസ്.എൽ.വി മാർക്ക് - 2 ഉപയോഗിച്ചാണ് ചന്ദ്രയാൻ - 2 കുതിക്കുക. ഇതിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അടുത്ത മാർച്ചിന് മുമ്പ് ചന്ദ്രയാൻ വിക്ഷേപിക്കുകയാണ് ലക്ഷ്യം.

ആദ്യ ചാന്ദ്രദൗത്യത്തെക്കാൾ ആധുനികമായ ഗവേഷണ സാങ്കേതിക സാമഗ്രികൾ പുതിയ ദൗത്യത്തിൽ ഉണ്ടാകും.
2008 ഒക്ടോബറിലാണ് ചന്ദ്രനിലേക്ക് ആദ്യ ഗവേഷണ പേടകം വിക്ഷേപിച്ചത്. 2009 ആഗസ്റ്റ് 29ന് സന്ദേശങ്ങളുടെ വരവ് നിലച്ചതോടെ ആ പേടകത്തെ ഉപേക്ഷിച്ചു. എന്നാൽ ചന്ദ്രയാൻ ഒന്ന് മറ്റ് കേടുകളൊന്നുമില്ലാതെ ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റർ മുകളിൽ വലംവയ്‌ക്കുന്നതായി ഈയിടെ കണ്ടെത്തി. ചന്ദ്രനിലെ ജലസാന്നിദ്ധ്യം, ജീവന്റെ സാദ്ധ്യതകൾ എന്നിവ ദൂരെ നിന്ന് നിരീക്ഷിച്ച ചന്ദ്രയാൻ- 1നെ അപേക്ഷിച്ച് ചന്ദ്രനെ കൂടുതലറിയാൻ ചന്ദ്രയാൻ- 2ന് കഴിയുമെന്നാണ് പ്രതീക്ഷ. 3250 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ- 2 ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിക്കുക.

ചന്ദ്രയാൻ- 2 ന്റെ ഉപകരണങ്ങൾ
ചന്ദ്രനെ ചുറ്റി നിരീക്ഷണം നടത്തുന്ന ലൂണാർ ഓർബിറ്റർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡർ. ഭാരം 1250 കിലോ. പ്രധാന ദൗത്യം റോവറിനെ ചന്ദ്രനിൽ ഇറക്കി നടത്തുക.  ചന്ദ്രനിൽ കറങ്ങിനടന്ന് ഗവേഷണം നടത്തുന്ന റോവർ 1,250. ആറ് ചക്രങ്ങളുള്ള റോവർ സൗരോർജത്തിൽ പ്രവർത്തിച്ച് ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കും. അവിടുത്തെ കല്ലും മണ്ണും അന്തരീക്ഷത്തിന്റെ പ്രത്യേകതകളും മനസിലാക്കും. തിരിച്ചുവരാൻ കഴിയാത്തതിനാൽ ഇതെല്ലാം ശേഖരിച്ച് ഭൂമിയിൽ എത്തിക്കാനാവില്ല. എങ്കിലും അവയുടെ പ്രത്യേകതകൾ ഭൂമിയിലിരുന്ന് നിരീക്ഷിക്കാനും പഠിക്കാനും റോവർ സഹായിക്കും. ഒരുവർഷമായി കർണാടകത്തിൽ ചലക്കരെയിൽ പ്രത്യേകം സൃഷ്‌ടിച്ച ചന്ദ്രോപരിതലത്തിൽ റോവർ ട്രയൽ നടത്തുകയായിരുന്നു. ചന്ദ്രയാൻ- 2 പേടകത്തിലെ ഉപകരണങ്ങളെ നിയന്ത്രിക്കുന്ന സംവിധാനവും ട്രയൽ ഘട്ടത്തിലാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ