22 വർഷമായി നിയമനം പി.എസ്.സിക്ക് വിടാതെ 20 സ്ഥാപനങ്ങളുടെ തരികിട
August 12, 2017, 12:10 am
രാജൻ പുരക്കോട്
തിരുവനന്തപുരം: നിയമനങ്ങൾ പി. എസ്. സിക്ക് വിട്ടിട്ടും സ്പെഷ്യൽ റൂൾ ഉണ്ടാക്കാത്ത സ്ഥാപനങ്ങളുടെ സൂത്രപ്പണി നടക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയിരിക്കെ, 20 അപ്പക്സ് സഹകരണ സ്ഥാപനങ്ങൾ 22 കൊല്ലമായി സ്‌പെഷ്യൽ റൂൾ ഉണ്ടാക്കാതെ ഉദ്യോഗാർത്ഥികളെ പറ്റിക്കുന്നത് തുടരുന്നു. സ്‌പെഷ്യൽ റൂൾ ഇല്ലാതെ നിയമനങ്ങൾ ഏറ്റെടുക്കാൻ പി. എസ്. സിക്ക് കഴിയില്ല.
27 അപ്പക്സ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ 1995 ഏപ്രിൽ 29 ന് എ. കെ. ആന്റണി സർക്കാർ പി. എസ്. സിക്കു വിട്ടതാണ്. ഇതിൽ ഏഴെണ്ണം മാത്രമാണ് നിയമനം പി. എസ്. സിക്ക് വിട്ടത്. മത്സ്യഫെഡ് എക്സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് വിട്ടത്. മിൽമയും നിയമനം പി. എസ്. സിക്ക് വിട്ടു. ഹാൻഡിക്രാഫ്റ്റ്സ്, കേര ഫെഡ്, കയർ ഫെഡ്, റബർ മാർക്ക്, മാർക്കറ്റ് ഫെഡ്, കാപ്പക്സ് തുടങ്ങിയവയാണ് ഉരുണ്ടു കളിക്കുന്നത്. അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് (കാർഡ് ബാങ്ക് ) നിയമനം പി. എസ്. സിക്ക് വിടാൻ ഈയിടെ തീരുമാനിച്ചു.
95ൽ നിയമനം പി. എസ് . സിക്കുവിട്ടപ്പോൾ തന്നെ ഓരോ സ്ഥാപനത്തിനും സ്പെഷ്യൽ റൂൾ തയാറാക്കണമായിരുന്നു. ഒറ്റ സ്ഥാപനവും അത് ചെയ്‌തിട്ടില്ല. സർക്കാരുകളും കണ്ണടച്ചു. എക്സിക്യൂട്ടിവ് ഉത്തരവിലൂടെ നിയമനങ്ങൾ പി . എസ്. സിക്ക് വിടാമായിരുന്നു. അതും ചെയ്തില്ല. ഇതിന്റെ മറവിൽ അനധികൃത നിയമനങ്ങൾ ഇഷ്ടംപോലെ നടന്നു.
സ്പെഷ്യൽ റൂൾ ഉണ്ടാക്കണമെന്ന ഉദ്യോഗാർത്ഥിയുടെ പരാതിയിൽ 2014 മാർച്ച് 14 ന് മനുഷ്യാവകാശ കമ്മിഷൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തെങ്കിലും ( എച്ച്. ആർ. എം. പി 371 / 2014 )ഫലമുണ്ടായില്ല .

ഒഴിവുകൾ ആയിരത്തോളം
20 അപ്പക്സ് സ്ഥാപനങ്ങളിൽ ആയിരത്തോളം ഒഴിവുകളുണ്ട്. കാർഡ് ബാങ്കിലാണ് ഏറ്റവും കൂടുതൽ - അഞ്ഞൂറിലേറെ. മാർക്കറ്റ് ഫെഡിൽ പ്യൂൺ, വാച്ച്മാൻ, ക്ളാർക്ക്, ടൈപ്പിസ്റ്റ് ഒഴിവുകൾ ഇരുനൂറോളമാണ്. കയർഫെഡിൽ ക്ലാർക്കുമാരുടെ 80 ഒഴിവുകളുണ്ട്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ