Wednesday, 20 September 2017 7.42 AM IST
സബ്സിഡിയുടെ പേരിൽ ഉരുണ്ടുകളി
August 2, 2017, 2:00 am
പാചകവാതക സബ്സിഡിയിൽ നിന്ന് രാജ്യത്തെ 'മോചിപ്പിക്കാനുള്ള' മോദി സർക്കാരിന്റെ ദൗത്യം അടുത്ത മാർച്ച് മാസത്തോടുകൂടി പരിസമാപ്തിയിലെത്തുമത്രെ. ഇനി വരുന്ന ഓരോ മാസവും സിലിണ്ടറിന് നാല് രൂപ നിരക്കിൽ വിലകൂട്ടി മാർച്ച് ആകുമ്പോൾ സബ്സിഡി വിഹിതം പൂർണമായും ഇല്ലാതാക്കണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾക്കു നൽകിയിട്ടുള്ള നിർദ്ദേശം. നിലവിൽ പ്രതിമാസം രണ്ടുരൂപ നിരക്കിലാണ് വർദ്ധന എന്നു പറയുന്നുണ്ടെങ്കിലും അപ്പപ്പോഴായി ഗണ്യമായ തോതിലായിരുന്നു വില വർദ്ധന. അശാസ്ത്രീയമായ എണ്ണ വില ഘടന സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കാൻ തുടങ്ങിയത് ഇന്നുംഇന്നലെയുമല്ല. വർഷങ്ങളായി ഈ ദ്രോഹം മാറ്റമില്ലാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. പാചകവാതകം മാത്രമല്ല എല്ലാത്തരം ഇന്ധനങ്ങളുടെയും വില ഉയർന്നതോതിൽ തന്നെ നിലനിറുത്തുന്നതിലൂടെ കേന്ദ്ര - സംസ്ഥാന ഖജനാവുകൾ എപ്പോഴും നിറ സമൃദ്ധിയിലാണ്. ആദ്യകാലത്ത് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് വിലയിലെ വർദ്ധനയായിരുന്നു ഇന്ധനവില ഉയർത്താൻ കാരണമായി പറഞ്ഞിരുന്നത്. രണ്ടുവർഷത്തിലധികമായി ലോകവിപണിയിൽ ക്രൂഡ് വില പകുതികണ്ട് താഴ്ന്നിട്ടും ഇവിടെ വിലമാറ്റമില്ലാതെ തുടരുകയാണ്.
എല്ലാവിധ സബ്സിഡികളും നിർത്തലാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാക്കൾ നൽകിയിട്ടുള്ള ഉപദേശം. ഈ ലക്ഷ്യം നേടുന്നതിന് ഭക്ഷ്യ- രാസവളം സബ്സിഡികൾ ഓരോ വർഷവും കുറച്ചുകൊണ്ടുവരുകയാണ്. അനേകം പഞ്ചവത്സരപദ്ധതികളും അസംഖ്യം ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളും പൂർത്തിയായിട്ടും ജനസംഖ്യയിൽ മൂന്നിലൊരു ഭാഗം അർദ്ധപട്ടണിയിലോ മുഴുപ്പട്ടിണിയിലോ ആണ്. ഈ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ച്ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ പ്രയോജനം അനുഭവിക്കുന്നത് പദ്ധതി നടത്തിപ്പുകാരും അഴിമതിക്കാരായഉദ്യോഗസ്ഥന്മാരും ഇവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ മേലാളന്മാരുമാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്ന് പറയാറുണ്ടെങ്കിലും ഫലത്തിൽ ഈ വിഭാഗക്കാർക്ക് ലഭിച്ചുവരുന്ന പലതരം ആനുകൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുന്നതിലാണ് കേന്ദ്രം ഉത്സാഹം കാണിക്കാറുളളത്.
പാചകവാതക സബ്സിഡി പാടേ നിറുത്തലാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഇന്നലെ പാർലമെന്റിലും വിഷയം ഉന്നയിക്കപ്പെട്ടു. രോഷാകുലരായ പ്രതിപക്ഷം സർക്കാരിന്റെ ദുരുപദിഷ്ടമായ ഈ നീക്കത്തെ ഏകസ്വരത്തിൽ അപലപിക്കുകയും ചെയ്തു. ജനവികാരവും എതിരാണെന്നു ബോദ്ധ്യമായതുകൊണ്ടാകാം അനർഹ വിഭാഗത്തിന് നൽകിവരുന്ന സബ്സിഡിയാണ് പിൻവലിക്കുന്നതെന്ന വിശദീകരണവുമായി പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിലെത്തിയത്. പാവപ്പെട്ടവർക്കെല്ലാം ഇപ്പോഴത്തെ രീതിയിൽ തുടർന്നും സബ്സിഡി നിരക്കിൽ പാചകവാതകം ലഭ്യമാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ അടിക്കടി വില ഉയർത്തുന്നതിലൂടെ സബ്സിഡിവിഹിതം കുറഞ്ഞുകുറഞ്ഞു ഇപ്പോൾതന്നെ നാമമാത്രമായിട്ടുണ്ടെന്നുള്ളതാണ് വസ്തുത. വ്യത്യാസം നൂറ് രൂപയിൽ താഴെയാണ്.
സബ്സിഡി ആനുകൂല്യം അനുഭവിക്കുന്ന 18.11 കോടി ഉപഭോക്താക്കളാണ് നിലവിലുള്ളത്. ഇവരിൽ അർഹതയുള്ളവർക്കുമാത്രം സബ്സിഡി നൽകാനാണ് തീരുമാനം. അർഹതാ മാനദണ്ഡ നിർണ്ണയത്തിൽ എത്രകോടിപേർ ആനുകൂല്യത്തിനു പുറത്താകുമെന്ന് പറയാനാകില്ല. പരമമായ ലക്ഷ്യം സബ്സിഡി സമ്പ്രദായം അവസാനിപ്പിക്കുക എന്നതുതന്നെയാകുമ്പോൾ പരമാവധി പേരെ ഒഴിവാക്കാനാവും നീക്കം. ഒന്നരകോടിയോളം ഉപഭോക്താക്കൾ നേരത്തേതന്നെ സ്വമേധയാ സബ്സിഡി ഉപേക്ഷിച്ചിട്ടുണ്ട്. ശേഷിക്കുന്നവരും ഈ വഴിക്കു വരണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
മറ്റെല്ലാ ഉല്പന്നങ്ങൾക്കുമെന്ന പോലെ പെട്രോളിയം ഉല്പന്നങ്ങൾക്കും വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയ വില ഘടന നിശ്ചയിച്ചാൽ സർക്കാരും എണ്ണകമ്പനികളും ചേർന്നുള്ള ചൂഷണം തടയാൻ കഴിയും. ഏകനികുതി രാജ്യത്തുടനീളം പ്രാബല്യത്തിലായിട്ടുപോലും പെട്രോളിയം ഉല്പന്നങ്ങളെ അതിനുകീഴിൽ കൊണ്ടുവന്നിട്ടില്ല, ഭീമമായ നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി മാത്രമാണിത്. ക്രൂഡ് വിലയും സംസ്കരണചെലവും കമ്പനികളുടെ ലാഭവും വിതരണക്കാരുടെ കമ്മിഷനും നികുതികളുമെല്ലാം ചേർത്താലും ഇന്ത്യയിൽ ഇന്ധന വില പൊരുത്തമില്ലാത്ത രൂപത്തിലാണ്. നാലുവർഷം മുൻപ് ക്രൂഡ് വില 100 ഡോളറിനു മുകളിലായിരുന്നു. ഇപ്പോൾ അത് നേർപകുതിയിലും കുറഞ്ഞിട്ടുണ്ട്. എന്നാൽ പാചകവാതകം ഉൾപ്പെടെ എല്ലായിനം ഇന്ധനങ്ങൾക്കും വില നാലുവർഷം മുൻപുണ്ടായിരുന്നതിലും എത്രയോ അധികമായിട്ടുണ്ട്. ക്രൂഡ് വില ഇടിയുമ്പോൾ അതുപയോഗിച്ചുള്ളഉല്പന്നങ്ങൾക്കെല്ലാം നിയന്ത്റണമില്ലാതെ വില ഉയരുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടെ കാണുന്നത്. വിലകൂട്ടി ഉപഭോക്താക്കളെ കൊള്ളയടിക്കുമ്പോഴും തുച്ഛമായ സബ്സിഡിയിലൂടെ എന്തോ വലിയ ആനുകൂല്യം നൽകുന്നു എന്നാണ് ഭാവം. സർക്കാർ ആദ്യം ചെയ്യേണ്ടത് പെട്രോളിയം ഉല്പന്നങ്ങളുടെ വില ശാസ്ത്രീയാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കുകയാണ്. പാചകവാതകവില യാഥാർത്ഥ്യബോധത്തോടെ നിർണ്ണയിക്കപ്പെട്ടാൽ അതിന് സബ്സിഡിയേ നൽകേണ്ടിവരില്ല. ഉത്സവ സീസണിൽ നടക്കുന്ന റിബേറ്റ് കച്ചവടം പോലെയാണ് ഇപ്പോൾ അതിന്റെ വില. ഉള്ളതിനേക്കാൾ വില കൂട്ടിവച്ച് അതിൽ തുച്ഛമായൊരുഭാഗം സബ്സിഡിയായി നൽകി ഉരുണ്ടുകളി നടത്തുകയാണ് കേന്ദ്രസ‌ർക്കാർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ