വിനോദസഞ്ചാരികൾക്ക് പ്രിയം കൊച്ചി
August 7, 2017, 12:02 am
സജീവ് കൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് എറണാകുളം ജില്ല. കഴിഞ്ഞവർഷം വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിയത് കൊച്ചിയിലാണ്. 4.076 ലക്ഷം വിദേശികളും 30.73ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളുമാണ് കൊച്ചി കണ്ടത്. രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനാണ്. 3.8 ലക്ഷം വിദേശികളും 20.3 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളും തിരുവനന്തപുരം സന്ദർശിച്ച് മടങ്ങി. 14 ജില്ലകളിലുമായി കഴിഞ്ഞവർഷം 10.38ലക്ഷം വിദേശ വിനോദസഞ്ചാരികളും 1.24 കോടി സ്വദേശികളും കേരളം സന്ദർശിച്ചിട്ടുണ്ട്. 2015ലേതിനെക്കാൾ കൂടുതലാണ് ഈ കണക്കുകൾ. 9.77ലക്ഷം വിദേശികളാണ് 2015ൽ കേരളത്തിലെത്തിയത്. 6.23 ശതമാനം വർദ്ധനയാണ് വിനോദസഞ്ചാരികളുടെ വരവിൽ ഒരുവർഷം കൊണ്ടുണ്ടായിരിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ 5.67 ശതമാനം വർദ്ധനയും ഉണ്ടായിട്ടുണ്ട്. ആകെ 5.71 ശതമാനം വർദ്ധനയാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വന്നിരിക്കുന്നത്.

മലബാർ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഗുണം അടുത്തവർഷത്തെ കണക്കെടുപ്പിൽ കാണാനാവും എന്ന പ്രതീക്ഷയിലാണ് ടൂറിസംവകുപ്പ്. നിലവിൽ ടൂറിസ്റ്റുകളുടെ സന്ദർശനം ഏറ്റവും കുറഞ്ഞ ജില്ലകളാണ് മലബാർ മേഖലയിലേത്. കേരളത്തിൽ പത്തനംതിട്ടയാണ് വിദേശ വിനോദ സഞ്ചാരികളുടെ കുറവുള്ള ജില്ല. കഴിഞ്ഞവർഷം ആകെ 1620 വിദേശ ടൂറിസ്റ്റുകളാണ് പത്തനംതിട്ട സന്ദർശിക്കാനെത്തിയത്. വയനാട്ടിൽ 7067 പേരും കാസർകോട് 8520 പേരും പാലക്കാട് 2385 പേരുമാണ് വിദേശസഞ്ചാരികളായി എത്തിയത്. കൊച്ചിക്കും തിരുവനന്തപുരത്തിനും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ളതാണ് സഞ്ചാരികളുടെ എണ്ണം കൂടാൻ ഒരു കാരണം. കൊച്ചിയിലിറങ്ങിയാൽ കേരളത്തിന്റെ എല്ലായിടത്തേക്കും സുഗമമായി സഞ്ചരിക്കാം എന്ന സൗകര്യമാണ് കൊച്ചിയുടെ മികവിനു പിന്നിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ