രാവിലത്തെ മാലിന്യം വൈകിട്ട് ജൈവവളം
August 4, 2017, 2:14 am
രാജൻ പുരക്കോട്
തിരുവനന്തപുരം : വീടുകളിൽനിന്നും ഭക്ഷണശാലകളിൽ നിന്നുമുള്ള ജൈവ മാലിന്യങ്ങൾ മണിക്കൂറുകൾക്കകം ജൈവവളമാക്കി മാറ്റാം.
രാവിലെ നിക്ഷേപിക്കുന്ന മാലിന്യം വൈകിട്ട് വളമാകുന്ന സംവിധാനമൊരുക്കിയത് വെള്ളായണി കാ‌‌‌ർഷിക കോളേജിലെ ഒരു സംഘം ഗവേഷകരാണ്. നഗരസഭകൾക്ക് ഇത് പരീക്ഷിച്ചു നോക്കാം. മാലിന്യം ജൈവവളമാക്കാൻ മൂന്ന് മാസമെങ്കിലും വേണ്ടി വരുമ്പോഴാണിത്.
ജൈവ മാലിന്യം അരയ്ക്കാവുന്നതും, താപ നിയന്ത്രണ സംവിധാനത്തോടെയുള്ള സംസ്കരണ ഭരണിയും ഉൾപ്പെട്ട യന്ത്രം സോയിൽ സയൻസ് വിഭാഗം ഗവേഷകരായ ഡോ. സി . ആർ . സുധർമയി ദേവി, ഡോ. കെ. സി. മനോരമ തമ്പാട്ടി, ഡോ. നവീൻ ലിനോ എന്നിവരാണ് വികസിപ്പിച്ചത് . യന്ത്രം സ്ഥാപിക്കാൻ 5ചതുരശ്ര മീറ്റർ സ്ഥലം മതി. 10,000 കിലോ സംസ്കരിക്കാവുന്ന യന്ത്രങ്ങൾ വരെയുണ്ട്. സൗരോർജം ഉപയോഗിച്ചും പ്രവർത്തിപ്പിക്കാവുന്ന ഈ യന്ത്രത്തിന്റെ പേര് ' സുചിത' .

 മാലിന്യം വളമാകാൻ

പ്ളാസ്റ്റിക്കും കുപ്പിച്ചില്ലുകളും നീക്കിയ ജൈവമാലിന്യം യന്ത്രത്തിലേക്ക് നിക്ഷേപിക്കും . അര മണിക്കൂർ ഇടവിട്ട് രണ്ട് രാസ സംയുക്തങ്ങൾ ചേർത്ത് 100 ഡിഗ്രി സെന്റിഗ്രേഡിൽ തിളപ്പിക്കും . ജൈവ സംയുക്തങ്ങൾ വിഘടിപ്പിക്കാൻ വേണ്ടിയാണ് രാസവസ്തുക്കൾ ചേർക്കുന്നത്. താപ-രാസ പ്രക്രിയയിലൂടെ ജൈവമാലിന്യം വിഘടിച്ച് വളമാകുന്നു. മട്ടുപ്പാവ് കൃഷിക്കുള്ള ഗ്രോ ബാഗ് നിറയ്ക്കാൻ ഇതുപയോഗിക്കാം. ചെറിയതോതിൽ ചകിരിച്ചോറ്, കരി എന്നിവ ചേർത്ത് ഉണക്കിയാൽ പിന്നത്തേയ്ക്ക് കരുതി വയ്ക്കാം. ജൈവവളത്തിന് കിലോയ്ക്ക് 50 രൂപ വില കിട്ടും.

 സംസ്കരണത്തിന്റെ ചെലവ് :
( സംസ്കരിക്കുന്നത് 25 കിലോയെങ്കിൽ )

 4 യൂണിറ്റ് വൈദ്യുതി , ചെലവ് 20 രൂപ
 മാലിന്യ ശേഖരണക്കൂലി 100 രൂപ
 ശേഖരിക്കാനുള്ള കിറ്റുകൾക്ക് 75 രൂപ
 മെഷീൻ ഓപ്പറേറ്ററുടെ കൂലി 300 രൂപ
 ആകെ ചെലവ് 495 രൂപ

25 കിലോഗ്രാം സംസ്കരിക്കുമ്പോൾ കിട്ടുന്ന 7.5 കിലോ ജൈവവളം
വിറ്റാൽ 375 രൂപ കിട്ടും.

cr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ