Wednesday, 20 September 2017 7.44 AM IST
കാര്യവട്ടത്തിന് ലഭിച്ച നേട്ടം
August 3, 2017, 2:00 am
തിരുവനന്തപുരം നഗരം ആതിഥ്യമരുളിയ ദേശീയ ഗെയിംസിനുവേണ്ടി നിർമ്മിച്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം നടാടെ അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റ് മത്സരത്തിനു വേദിയാകാൻ പോകുന്നു. 250 കോടിയോളം രൂപ ചെലവിൽ പൂർത്തിയായ ഈ മനോഹര സ്റ്റേഡിയത്തിന്റെ അപാര സാദ്ധ്യതകൾ പ്രയോജനപ്പെടാതെ കിടക്കുന്നതിനിടയിലാണ് ഈ നേട്ടം. സംസ്ഥാനത്തൊട്ടാകെയുള്ള ക്രിക്കറ്റ് പ്രേമികൾക്കു മാത്രമല്ല, സംസ്ഥാനത്തിന് ഒന്നാകെത്തന്നെ ആവേശം പകരുന്നതാണ് ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം. വരുന്ന ഡിസംബർ 20-നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ - ശ്രീലങ്ക ട്വന്റി - 20 മത്സരം അരങ്ങേറുന്നത്. മൂന്നു പതിറ്റാണ്ടോളം മുൻപ് തലസ്ഥാന നഗരിയുടെ തിലകക്കുറിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏകദിന മത്സരം നടന്നതിനുശേഷം ആദ്യമാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഇവിടം വേദിയാകുന്നത്. ഈ രംഗത്ത് എപ്പോഴും നറുക്കുവീണിരുന്നത് കൊച്ചിക്കായിരുന്നു. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമായി കാര്യവട്ടം സ്റ്റേഡിയം തല ഉയർത്തി നിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും സാഫ് ഫുട്ബാളിനു മാത്രമാണ് ഇതിനിടെ ഇവിടെ അവസരം ലഭിച്ചത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏതു മത്സരത്തിനും ഇണങ്ങുന്ന വിധമാണ് കാര്യവട്ടം സ്റ്റേഡിയത്തിന്റെ രൂപകല്പനയും നിർമ്മാണവും. ക്രിക്കറ്റിനും ഫുട്ബാളിനും അനുയോജ്യമാണ് സ്റ്റേഡിയം. ഇന്ത്യ - ലങ്ക ട്വന്റി - 20ക്കായി പുതുതായി സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. നിലവിലുള്ള സൗകര്യങ്ങളിൽ ചിലത് മെച്ചപ്പെടുത്തേണ്ടതുമുണ്ട്. വേദി തീരുമാനിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സംഘാടകർക്കു പ്രയാസമുണ്ടാകില്ല. സർക്കാരിന്റെയും സംഘടനകളുടെയും സഹായവും വേണ്ടുവോളം ലഭിക്കുമെന്ന കാര്യത്തിലും സംശയമില്ല.
ക്രിക്കറ്റിനോടും ഫുട്ബാളിനോടും മലയാളികൾക്കുള്ള ആഭിമുഖ്യം പറഞ്ഞറിയിക്കേണ്ടതില്ല. എല്ലാ പ്രായക്കാരെയും ആവേശഭരിതരാക്കുന്ന കളികളാണിവ. സംസ്ഥാനത്ത് എവിടെ വച്ചും മുന്തിയ ടീമുകൾ പങ്കെടുക്കുന്ന ഏതിനം മത്സരത്തിനും കാണികളുടെ കുറവ് ഒരിക്കലുമുണ്ടാകാറില്ല. പ്രത്യേകിച്ചും ക്രിക്കറ്റും ഫുട്ബാളും. ട്വന്റി - 20 മത്സരം സംസ്ഥാനത്തു തന്നെ ആദ്യമായി നടക്കാൻ പോവുകയാണ്. രാജ്യത്തിന്റെ പരിച്ഛേദമെന്നു പറയാവുന്ന ടെക്നോപാർക്കിനു തൊട്ടരികെയുള്ള കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക മത്സരം സ്പോർട്സ് പ്രേമികളായ മലയാളികൾക്ക് നവ്യാനുഭവമാകുമെന്നതിലും സംശയമില്ല.
ദേശീയ ഗെയിംസിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയം തുറന്നതിനൊപ്പം വാനോളം പ്രതീക്ഷകളും ഉയർന്നിരുന്നു. രാജ്യത്തിന്റെ കായിക ഭൂപടത്തിൽ ഈ കളിക്കളം നിരന്തരം വേദികളാകുമെന്നായിരുന്നു പ്രതീക്ഷ. നിർഭാഗ്യവശാൽ ആളും ആരവവുമൊഴിഞ്ഞ് ഏറക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കാനായിരുന്നു അതിന്റെ വിധി. ദീർഘനാളത്തെ അവഗണനയാണ് ട്വന്റി - 20 ക്രിക്കറ്റിന് വേദിയാകുന്നതോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ഒഴിഞ്ഞുപോകുന്നത്. അരലക്ഷത്തിലേറെ കാണികളെ ഉൾക്കൊള്ളാനും കളിക്കാർക്കും ഒഫിഷ്യൽസിനും വിശിഷ്ടാതിഥികൾക്കും ഉൾപ്പെടെ എല്ലാ വിഭാഗക്കാർക്കും വേണ്ട സകലവിധ സൗകര്യങ്ങളും ഉള്ള സ്റ്റേഡിയം അനാഥമായിപ്പോയതിന് കാരണങ്ങൾ പലതും പറയാനുണ്ടാകും. താത്‌പര്യമെടുക്കേണ്ടവരാരും ആത്മാർത്ഥത കാണിച്ചില്ലെന്നു പറയുന്നതാവും ശരി. മികച്ച നിലയിലുള്ള സ്റ്റേഡിയങ്ങളും മറ്റു ഭൗതിക സൗകര്യങ്ങളുമുണ്ടായിട്ടും അന്താരാഷ്ട്ര മത്സരങ്ങളിൽ സംസ്ഥാനത്തിന് പലപ്പോഴും അർഹമായ പരിഗണന ലഭിക്കാറില്ല. അടുത്ത കാലത്താണ് ആ സ്ഥിതിക്കു കുറച്ചെങ്കിലും മാറ്റം വന്നു തുടങ്ങിയത്. വലിയ നിലയിലുള്ള ഒരു മത്സരത്തിന് വേദി ലഭിക്കുകയെന്നത് അനേകം സൗഭാഗ്യങ്ങളാണ് സംസ്ഥാനത്തിന് നേടിത്തരുന്നത്. കാണികൾക്ക് നേരിൽ കളി കാണാൻ അവസരമുണ്ടാകുന്നത് അതിൽ ഒന്നു മാത്രമാണ്. ഇതിനുപരി വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ നേട്ടങ്ങളും ഇതോടൊപ്പം വന്നുചേരും. നല്ല റോഡുകൾ, വാർത്താവിനിമയ ബന്ധങ്ങൾ, ഹോട്ടലുകൾ, ഗതാഗത സൗകര്യങ്ങൾ തുടങ്ങി പലതും പുതുതായി എത്തും. ഓരോ വലിയ കായികമേളയും അതു നടക്കുന്ന നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാറുണ്ട്. ട്വന്റി - 20 ക്ക് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന തലസ്ഥാന നഗരി മോടി പിടിപ്പിക്കാനുള്ള ബാദ്ധ്യത സർക്കാരും നഗരസഭയും ചേർന്ന് ഏറ്റെടുത്ത് ഇപ്പോഴേ പ്രവർത്തനങ്ങൾ തുടങ്ങണം.
കൊച്ചിയും വമ്പൻ അന്താരാഷ്ട്ര കായിക മാമാങ്കത്തിനുള്ള ഒരുക്കത്തിലാണിപ്പോൾ. ലോക അണ്ടർ - 17 ഫുട്ബാളിലെ മൂന്നു മത്സരങ്ങൾ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണു നടക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിനും കൊച്ചി വേദിയാകുന്നുണ്ട്. സംസ്ഥാനത്തെ കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ആഹ്ളാദകരമായ കാര്യങ്ങളാണ്. തമ്മിൽത്തല്ലും കുതികാൽവെട്ടും വെട്ടിപ്പും തട്ടിപ്പുമൊക്കെയായി കഴിയുന്ന കായിക സംഘടനകളാണ് സന്ദർഭത്തിനൊത്ത് ഉയരേണ്ടത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ