Wednesday, 20 September 2017 7.45 AM IST
അർഹമായ ശിക്ഷ ഉറപ്പാക്കണം
August 1, 2017, 2:00 am
പാലും കുട്ടികൾക്ക് കഴിക്കാൻ കേക്കും വാങ്ങാനെത്തിയ മുപ്പത്തിനാലുകാരനെ കടയ്ക്ക് മുമ്പിലിട്ട് അതിനിഷ്ഠൂരമായി വെട്ടിനുറുക്കിയ ഭീകര സംഭവത്തിന്റെ നടുക്കത്തിൽനിന്ന് തിരുവനന്തപുരം നഗരം ഇനിയും മോചിതമായിട്ടില്ല. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ ദുരന്തസംഭവത്തിനിരയായ കുടുംബത്തിന്റെ ദുഃഖവും കണ്ണീരും അടുത്ത കാലത്തൊന്നും അടങ്ങാനുമിടയില്ല. ഇത്തരത്തിലൊരു പൈശാചിക നടപടിക്ക് വിധേയനാകാൻ മാത്രം രാജേഷ് എന്ന യുവാവ് എന്തുതെറ്റാണ് ചെയ്തിട്ടുള്ളതെന്ന് ആർക്കും അറിഞ്ഞുകൂടാ. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് , അവർ ഏത് പാർട്ടിയെ പ്രതിനിധീകരിക്കുന്നവരാണെങ്കിലും ഇരയാകാറുള്ളത് എപ്പോഴും സാധാരണക്കാരും പാവങ്ങളുമാണെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ. ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് അതാത് പാർട്ടികളിൽനിന്നു ലഭിക്കുന്ന സംരക്ഷണമാണ് ഈ സാമൂഹ്യവിപത്ത് മാറ്റമില്ലാതെ നിലനിൽക്കാൻ പ്രധാന കാരണം. ദുരന്തമുണ്ടാകുമ്പോൾ മാറത്തടിച്ച് വിലപിക്കുകയും സമാധാന സമ്മേളനം വിളിച്ചുകൂട്ടി ശാന്തത പുലർത്താൻ ആഹ്വാനം ചെയ്യുകയും പതിവാണ്. എന്നാൽ ശാന്തതയും സമാധാനവും അധികകാലം നീണ്ടുനിൽക്കാറില്ല. അക്രമങ്ങൾക്കെതിരെ നേതാക്കൾ പുറപ്പെടുവിക്കുന്ന ആഹ്വാനത്തിന്റെയും അഭ്യർത്ഥനയുടെയും അന്തസ്സത്ത അണികളിലേക്ക് എത്തുക അപൂർവമാണ്. പാർട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും ധാരാളം പേരുള്ളപ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.
ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകന്റെ വധവുമായി ബന്ധപ്പെട്ട് പതിമൂന്ന് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടാൻ പൊലീസിന് കഴിഞ്ഞു. അഭിനന്ദിക്കപ്പെടേണ്ട കാര്യമാണിത്. രാഷ്ട്രീയമാനങ്ങളുള്ള കേസുകളിൽ നടപടികൾ ഇഴയുന്നതും വഴിതെറ്റുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ഈ സംഭവത്തിൽ ശക്തമായ നടപടികൾ തന്നെയാണ് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായത്. അറസ്റ്റിലായവർ സി.പി.എം കാർ തന്നെയാണെന്ന സ്ഥിരീകരണം സർക്കാരിന്റെ നിഷ്‌പക്ഷതയാണ് വിളംബരം ചെയ്യുന്നത്. അധികാരത്തിന്റെ തണലിൽ എന്ത് അതിക്രമം നടത്തിയാലും പാർട്ടി മേലാളന്മാർ സംരക്ഷിച്ചുകൊള്ളുമെന്ന ധാരണയോ അഹന്തയോ ഉള്ളതുകൊണ്ടാണ് പലരും ഇത്തരം കാട്ടാള നടപടിക്ക് മുതിരുന്നത്. കേസിലുൾപ്പെട്ടാലും എല്ലാകാര്യങ്ങളും പാർട്ടി നോക്കിക്കൊള്ളുമെന്ന വിചാരം പുലർത്തുന്നവർ എല്ലാ കക്ഷികളിലുമുണ്ട്. എന്നാൽ സമൂഹം ഒന്നടങ്കം അപലപിക്കുന്ന സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ നിർദ്ദാക്ഷണ്യം നടപടി എടുത്തില്ലെങ്കിൽ അതിന്റെ ദോഷം ബന്ധപ്പെട്ട പാർട്ടിക്കുതന്നെയാകും. ആർ.എസ്.എസ് പ്രവർത്തകന്റെ നിഷ്ഠൂരവധം സൃഷ്ടിച്ച ജനവികാരം അതിന്റെ ശരിയായ രൂപത്തിൽ സർക്കാരിനും ബോദ്ധ്യമായിട്ടുണ്ടാകും. പാെലീസിന്റെ ഭാഗത്തുണ്ടായ ശുഷ്‌കാന്തി അതിന് തെളിവാണ്. സംഭവത്തിൽ പ്രത്യക്ഷമായി പങ്കുള്ളവരെന്നുകരുതുന്ന മുഴുവൻ പേരും പിടിയിലായിക്കഴിഞ്ഞു. പഴുതുകളില്ലാത്തവിധം കുറ്റപത്രം തയ്യാറാക്കി ഇവരെ നീതിപീഠത്തിന് മുന്നിലെത്തിച്ച് അർഹമായ ശിക്ഷ ഉറപ്പാക്കുകയും വേണം. അപ്പോഴേ നിയമപാലകരുടെ ദൗത്യം പൂർണമാവുകയുള്ളൂ.
പിടികൂടപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് തർക്കവും സംശയവുമൊക്കെ ഉണ്ടാകുന്നുണ്ട്. അത്യധികം ഹീനമായ ഒരു കുറ്റകൃത്യം നടത്തിയവരുടെ പിന്നാമ്പുറം തേടിപോകുന്നതിന് പകരം ഏറ്റവും പരുഷഭാഷയിൽ അവരുടെ പ്രവൃത്തി അപലപിക്കാൻ തന്നെയാകണം നേതൃത്വം മുന്നോട്ടുവരേണ്ടത്. ദയയുടെയോ അനുഭാവത്തിന്റെയോ കണിക പോലും അർഹിക്കുന്നവരല്ല അവർ.
പാർട്ടിക്കുവേണ്ടി അധർമ്മ പ്രവൃത്തികൾ ചെയ്യാൻ മടിയേതുമില്ലാതെ ചാടിപ്പുറപ്പെടുന്നവർക്കുള്ള സന്ദേശം കൂടിയാണ് ഈ സംഭവം. രക്ഷിക്കാൻ എപ്പോഴും പാർട്ടി ഒപ്പമുണ്ടാകില്ലെന്നതാണ് വിലയേറിയ ആ സന്ദേശം. പരസ്പരം കൊന്ന് കണക്കുതീർക്കാൻ ചാവേറുകളെ ഇറക്കുന്ന പാർട്ടി നേതൃത്വങ്ങൾ മനസിലാക്കേണ്ട ഒരുകാര്യം. ജനങ്ങളുടെ സ്വൈരജീവിതം തകർത്തുകൊണ്ടാണ് ഒാരോ കൊലക്കളവും തീർക്കുന്നതെന്നാണ് . വെള്ളിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലുകളും സംഘർഷവുമാണ് നിരപരാധിയായ യുവാവിന്റെ കൊലയിൽ കലാശിച്ചത്. ഈ സംഭവം സൃഷ്ടിച്ച ഭീതിയിൽ നിന്ന് തലസ്ഥാനനഗരി ഇനിയും മോചിതമായിട്ടില്ല. സമാധാനവും ശാന്തതയും പുനസ്ഥാപിക്കാൻ സർക്കാരിനൊപ്പം രാഷ്ട്രീയഭേദമെന്യേ മുഴുവൻ ജനങ്ങളും മുന്നോട്ടു വരേണ്ട സന്ദർഭമാണിത്. കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കാനും നിയമപാലകരുമായി പൂർണമായും സഹകരിക്കാനും ജനങ്ങൾ തയ്യാറാകണം. പ്രകോപനപരമായ പ്രസംഗവും പ്രസ്താവനകളും നടത്തി എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാൻ നേതാക്കളും മനസുവയ്ക്കണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ