Wednesday, 20 September 2017 7.43 AM IST
മന്ത്രിയെ വീഴ്‌ത്തിയ നികുതി റെയ്‌ഡ്
August 4, 2017, 2:00 am
കോടിപതികൾ മന്ത്രിമാരാകുന്നതും മന്ത്രിമാരായ ശേഷം കോടിപതികളായിത്തീരുന്നവരും ധാരാളമുണ്ട്. കോൺഗ്രസ് നേതാവും പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെ ആറാം വട്ടവും രാജ്യസഭയിലെത്തിക്കുന്നതിനായി ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ഒന്നടങ്കം ചെല്ലും ചെലവും നൽകി ബംഗ്ളുരുവിൽ പാർപ്പിച്ചിരിക്കുന്ന കർണാടക ഊർജ്ജ വകുപ്പു മന്ത്രി ഡി.കെ. ശിവകുമാറിൽ നിന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് പത്തുകോടി രൂപയുടെ കണക്കിൽ പെടാത്ത പണം പിടികൂടിയതിൽ കോൺഗ്രസ് വല്ലാതെ ക്ഷോഭിച്ചിരിക്കുകയാണ്. ഇതിന്റെ പേരിൽ ബുധനാഴ്ച പാർലമെന്റിന്റെ ഇരു സഭകളുടെയും നടപടികൾ അവർ തടസപ്പെടുത്തി. ബഹളം കാരണം രാജ്യസഭ ഉച്ചയ്ക്കുശേഷം പിരിയേണ്ടിയും വന്നു. ബി.ജെ.പിക്കാരുടെ കൺവെട്ടത്തു നിന്നു മാറ്റിപ്പാർപ്പിച്ചിട്ടുള്ള കോൺഗ്രസ് എം.എൽ.എമാരെ വിരട്ടാൻ വേണ്ടി രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ കേന്ദ്രം ഒപ്പിച്ച പണിയാണ് ശിവകുമാറിനെതിരെയുള്ള റെയ്‌ഡ് എന്നാണ് ആരോപണം. ഏതു സമയത്തും കോൺഗ്രസ് നേതൃത്വത്തിന് ആശ്രയിക്കാവുന്ന പണപ്പെട്ടി എന്ന നിലയിൽ അറിയപ്പെടുന്ന ശിവകുമാറിന് വേദനയും നഷ്ടവും ഉണ്ടാക്കുന്ന നടപടികളിൽ കോൺഗ്രസുകാർക്ക് അമർഷവും പ്രതിഷേധവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വീട്ടിലും അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സ്ഥാപനങ്ങളിലും അളവറ്റ തോതിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണം പിടികൂടുന്നത് എങ്ങനെ അധാർമ്മിക പ്രവൃത്തിയാകും? മന്ത്രിയായിപ്പോയതുകൊണ്ട് കള്ളപ്പണം സൂക്ഷിക്കാൻ പ്രത്യേക അവകാശമൊന്നുമില്ലല്ലോ. പത്തുകോടിയിൽപ്പരം രൂപയുടെ പുതിയ കറൻസി സ്വന്തം ബംഗ്ളാവിലും ഓഫീസുകളിലും സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയാത്ത ആളൊന്നുമല്ലല്ലോ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ശിവകുമാർ. രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന മന്ത്രിമാരിൽ രണ്ടാം സ്ഥാനത്തു വരുന്ന അദ്ദേഹമാണ് ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരുടെ റിസോർട്ട് ചെലവു മുഴുവൻ വഹിക്കുന്നത്. അതിസമ്പന്നനായ മന്ത്രിയെ സംബന്ധിച്ചിടത്തോളം പാർട്ടി നേതൃത്വത്തിനുവേണ്ടി ചെയ്യുന്ന എളിയ സഹായമെന്ന നിലയിൽ കണ്ടാൽ മതി. രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ദിവസം വരെ ഇവരെ 'കാക്കയും പരുന്തും' കൊത്തിക്കൊണ്ടു പോകാതെ സൂക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്.
പതിറ്റാണ്ടുകൾക്കു മുൻപ് ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന എൻ.ടി. രാമറാവുവാണ് ഭരണ പ്രതിസന്ധി ഉണ്ടായപ്പോൾ പിന്തുണ ഉറപ്പാക്കാനും സ്വന്തം പക്ഷത്ത് അവരെ ഉറപ്പിച്ചു നിറുത്താനും എം.എൽ.എമാരെ ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന സമ്പ്രദായം തുടങ്ങിവച്ചത്. അന്ന് രാമറാവുവിന്റെ സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടപ്പോൾ സ്വന്തം പക്ഷത്തുള്ള എം.എൽ.എമാരുമായി അദ്ദേഹം ഡൽഹിയിലെത്തി രാഷ്ട്രപതി മുമ്പാകെ അവരെ അണിനിരത്തി. രാഷ്ട്രീയ കൊടുങ്കാറ്റിനൊടുവിൽ രാമറാവുവിന് അധികാരം തിരികെ ലഭിക്കുകയും ചെയ്തു. സമീപകാലത്ത് ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടിലും ജനാധിപത്യത്തിനു കളങ്കം ചാർത്തിയ റിസോർട്ട് നാടകം അരങ്ങേറി. പനീർശെൽവത്തെ അധികാരത്തിൽ നിന്നു തടയാൻ പളനിസ്വാമിയെ കരുവാക്കി ശശികലയാണ് എം.എൽ.എമാരെ ഒന്നടങ്കം മഹാബലിപുരത്തെ റിസോർട്ടുകളിൽ 'തടങ്കലിൽ' പാർപ്പിച്ച് ലക്ഷ്യം നേടിയത്. ഭരണകക്ഷിയിൽ പിളർപ്പുണ്ടാകുന്ന സന്ദർഭങ്ങളിലൊക്കെ മറ്റിടങ്ങളിലും ഇമ്മാതിരി അഭ്യാസങ്ങൾ അരങ്ങേറിയിട്ടുണ്ട്. പണമായും പലവിധ സൽക്കാരമായും മന്ത്രിപദമായുമൊക്കെ പ്രലോഭനങ്ങളും ഒപ്പമുണ്ടാകും. ഏതുവിധേനയും ലാഭക്കച്ചവടമായതിനാൽ എം.എൽ.എമാരും നേതാവിന്റെ ആഗ്രഹത്തിനൊപ്പം നിന്നുകൊടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിൽ കോൺഗ്രസ് ഇപ്പോൾ ഒരു പിളർപ്പിന്റെ വക്കിലാണ്. അതിനിടയിൽ എത്തിയ രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുമുണ്ട്. പ്രതിപക്ഷ നേതാവായിരുന്ന ശങ്കർസിംഗ് വഗേലയടക്കം ആറ് കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടുകഴിഞ്ഞു. ശേഷിക്കുന്ന 51 പേരിൽ ചിലർ കൂടി മറുകണ്ടം ചാടിയേക്കുമെന്ന ആശങ്ക ജനിച്ചപ്പോഴാണ് 44 പേരേയും കൊണ്ട് ബംഗ്ളുരുവിലേക്കു പോയത്. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കുക എന്നത് പാർട്ടിയുടെ അഭിമാന പ്രശ്നമാണ്. ഗുജറാത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ ഒഴിവുകളിൽ രണ്ടെണ്ണത്തിൽ ബി.ജെ.പിക്കാകും ജയം. ശേഷിക്കുന്ന ഒന്ന് കോൺഗ്രസിനു ലഭിക്കണമെങ്കിൽ ചോർച്ച പൂർണമായും ഒഴിവാക്കിയേ പറ്റൂ. ബംഗ്ളുരു വാസത്തിന്റെ പ്രസക്തിയും അതുതന്നെയാണ്.
ശിവകുമാറിനെതിരെ നടന്ന റെയ്ഡുകൾക്ക് രാഷ്ട്രീയമായി ബന്ധമൊന്നുമില്ലെന്നും നിയമാനുസൃത നടപടി മാത്രമാണതെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി പാർലമെന്റിൽ സമർത്ഥിക്കാൻ ശ്രമം നടത്തിയെങ്കിലും ഇപ്പോഴത്തെ നടപടി അത്രകണ്ട് നിർദ്ദോഷമെന്നു രാഷ്ട്രീയ തിമിരമുള്ളവർക്കേ പറയാൻ കഴിയൂ. രാഷ്ട്രീയത്തിൽ കള്ളപ്പണത്തിന്റെ അളവറ്റ സ്വാധീനത്തിൽ നിന്ന് ഒരു പാർട്ടിയും മോചിതമല്ല എന്നും ഓർക്കേണ്ടതുണ്ട്. പിടിയിലായ മന്ത്രി ശിവകുമാറിന്റെ കള്ളസമ്പാദ്യത്തെക്കുറിച്ചാകട്ടെ നേരത്തെ തന്നെ അറിയാവുന്നതുമാണ്. പാർട്ടി നേതൃത്വത്തിന്റെ അഭിമാനം രക്ഷിക്കാൻ ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരുടെ സംരക്ഷണ ചുമതല ഏൽക്കാൻ പോയതാണ് അദ്ദേഹത്തിനു വിനയായതെന്നു പറയാം. എങ്കിലും ഇതിലൂടെ പാർട്ടി നേതൃത്വത്തിൽ കൂടുതൽ സ്വാധീനമുറപ്പിക്കാനും കർണാടകത്തിൽ സ്വന്തം പ്രതിയോഗികൾക്കെതിരെ കൂടുതൽ കരുത്തു നേടാനും ശിവകുമാറിനു കഴിഞ്ഞേക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ