ജി.എസ്.ടി: ഒരു മാസമായിട്ടും വില കുറയാതെ വിപണി
August 4, 2017, 12:57 am
പി. എച്ച്. സനൽകുമാർ
തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെ ചരക്ക് സേവന നികുതി രാജ്യമാകെ നടപ്പാക്കിയെങ്കിലും വിപണിയിൽ വില കൂടിയതല്ലാതെ കുറയുന്നില്ല. വ്യാപാരികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ നടത്തിയ നീക്കം പോലും വിജയിച്ചില്ല. നികുതി നിശ്ചയിക്കുന്നതിനും പരിശോധിക്കുന്നതിനും സംസ്ഥാനത്തിന് അധികാരമില്ലാതായതോടെ വ്യാപാരികളും വ്യവസായികളുംസംസ്ഥാന സർക്കാരുകളെ അവഗണിക്കുന്നു. കേന്ദ്ര തലത്തിലാണെങ്കിൽ ഫലപ്രദമായ സംവിധാനങ്ങളുമില്ല.

ജി. എസ്.ടിയിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനത്തിന്റെ ആനുകൂല്യമുള്ളതിനാൽ പ്രത്യക്ഷ, പരോക്ഷ നികുതികളുടെ ഭാരം കുറയുമെന്നും , വലിയ ജി.എസ്.ടി നികുതി നിരക്ക് ഏർപ്പെടുത്തിയാലും വിപണിയിൽ വൻ വിലക്കുറവുണ്ടാകുമെന്നാണ് അധികൃതർ നൽകിയ പ്രതീക്ഷ. എന്നാൽ നികുതി ഒഴിവാക്കിയ കോഴിയിറച്ചിക്ക് പോലും വിലക്കുറവ് ഉണ്ടാകാതിരുന്നത് തുടക്കത്തിലേ കല്ലുകടിയായി. കോഴി വ്യാപാരികെള നിയന്ത്രിക്കാൻ സംസ്ഥാന ധനമന്ത്രി നടത്തിയ ഇടപെടൽ പാഴായി. കാരണംജി.എസ്.ടി.നിയമ പ്രകാരം നികുതിവെട്ടിപ്പിന് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് വ്യാപാരികൾക്കും വ്യവസായികൾക്കുമറിയാം.

ഒന്നിനും വിലകുറഞ്ഞില്ല
നികുതി നിരക്ക് കുറഞ്ഞ സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങി എഫ്.എം. സി. ജി. ഉൽപന്നങ്ങൾക്ക് പോലും വിലക്കുറവുണ്ടായില്ല. സംസ്ഥാനത്ത് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ജി.എസ്. ടിയുടെ മറവിൽ വൻ കൊള്ളയാണ് നടന്നത്. ചായ മുതൽ ചിക്കൻ ബിരിയാണി വരെയുള്ള ഉൽപന്നങ്ങൾക്ക് രണ്ട് രൂപ മുതൽ 30 രൂപവരെയാണ് ജി.എസ്. ടി. അടിച്ചേൽപിച്ചത്. നികുതി ബില്ലിൽ ഉൾപ്പെടുത്താൻ അനുമതിയില്ലാത്ത അനുമാന നികുതി സമ്പ്രദായം സ്വീകരിച്ച ഹോട്ടലുകളിൽ പോലും ജി.എസ്.ടി. ഇൗടാക്കുന്നതായി പരാതിയുണ്ട്.

വൻകൊള്ള
കഴിഞ്ഞ പന്ത്രണ്ടുമാസത്തെ സ്റ്റോക്കിന്റേയും അടുത്ത സെപ്തംബറിൽ മാത്രം റിട്ടേൺ നൽകിയാൽ മതിയെന്ന ഇളവുകളുടെ പേരിലാണ് വൻ കൊള്ള നടക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് കൊണ്ടുവരുമ്പോൾ പരിശോധിക്കാനുള്ള ഇ. വെ ബിൽ സംവിധാനം, ജി. എസ്.ടി. ബില്ലിംഗ് സോഫ്റ്റ് വെയർ ഇനിയും തയ്യാറാകാത്തതും വ്യാപാര രംഗത്തെ ജി.എസ്. ടി.അരാജകത്വത്തിന് കാരണമായിട്ടുണ്ടെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നു.

ജി.എസ്.ടി കൗൺസിൽ യോഗം നാളെ
ഡൽഹിയിൽ നാളെ ചേരുന്ന ജി. എസ്.ടികൗൺസിൽ യോഗത്തിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടികൾക്ക് ചട്ടങ്ങൾ രൂപീകരിക്കും. സംസ്ഥാന തലത്തിൽ നികുതി വെട്ടിപ്പ് തടയാനും നികുതി ആനുകൂല്യം ജനങ്ങൾക്ക് നൽകാതിരിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും വ്യവസ്ഥകൾ കൊണ്ടു വന്നേക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ