Wednesday, 20 September 2017 7.41 AM IST
ഭരണകൂടങ്ങൾ പലപ്പോഴും അങ്ങനെയാണ്
August 5, 2017, 2:00 am
അമ്മയെ കാണാനും മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും കേരളത്തിലേക്കു പോകാനുള്ള അനുമതി ലഭിച്ച പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി അകമ്പടിക്കാർക്കുള്ള ചെലവിനായി 14.8 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക സർക്കാരിന്റെ നിർദ്ദേശം യാത്ര മുടക്കാൻ വേണ്ടി മാത്രം പുറപ്പെടുവിച്ചതാണോ എന്ന പരമോന്നത കോടതിയുടെ ചോദ്യം തലയ്ക്കു വെളിവുള്ള സകലരും കഴിഞ്ഞ ഏതാനും ദിവസമായി ചോദിച്ചുകൊണ്ടിരിക്കുകയാണ്. അത്രകണ്ട് ബാലിശവും അസംബന്ധവുമാണ് കർണാടകത്തിന്റെ ഈ വിചിത്ര ആവശ്യം. വർഷങ്ങളായി വിചാരണ കാത്തു കഴിയുന്ന ഒരു വ്യക്തിയാണ് മഅ്ദനി. ജാമ്യം ലഭിച്ചെങ്കിലും ബംഗ്ളുരു നഗരം വിടരുതെന്നു കല്പനയുള്ളതിനാൽ അവിടെ തങ്ങുകയാണു അദ്ദേഹം. പരസഹായം കൂടാതെ സഞ്ചരിക്കാൻ പോലും കഴിയാത്ത നിലയിലുമാണ്. വിചാരണ തടവുകാരന് നിയമപരമായി അവകാശപ്പെട്ട ആനുകൂല്യം നേടാൻ സുപ്രീംകോടതി വരെ അദ്ദേഹത്തിനു പോകേണ്ടിവന്നു. കേരളത്തിലേക്കു പോകാൻ അനുമതി നൽകിയതിനൊപ്പം യാത്രാച്ചെലവ് മഅ്ദനി സ്വയം വഹിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ മറവിലാണ് അകമ്പടിക്കാരുടെ ചെലവുകൾ ഭീമമായ തോതിൽ പെരുപ്പിച്ച് മൊത്തം പതിനഞ്ചു ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്നു ആവശ്യപ്പെട്ടത്. സാമാന്യബുദ്ധിയോടെയാണോ കർണാടക സർക്കാർ ഇതിനുള്ള കണക്ക് തയ്യാറാക്കിയതെന്ന സുപ്രീംകോടതി ജഡ്ജിയുടെ ചോദ്യത്തിനു മുമ്പിൽ കർണാടക സർക്കാരിന്റെ അഭിഭാഷകനു ഉത്തരം മുട്ടി തലകുനിച്ചു നിൽക്കേണ്ടിവന്നു. ഭരണകൂട ധിക്കാരമായോ തമാശയായോ തള്ളിക്കളയാവുന്നതല്ല കർണാടകത്തിന്റെ ഈ ചെലവു കണക്ക്. യാത്ര മുടക്കുക എന്ന പരമമായ ലക്ഷ്യം തന്നെയാണ് അതിനു പിന്നിൽ കാണാവുന്നത്. ഒരു ഭരണകൂടത്തിൽ നിന്ന് ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണ് നീതിക്കും ധർമ്മത്തിനും നിരക്കാത്ത ഇമ്മാതിരി ക്രൂര വിനോദം. വ്യക്തികൾ തമ്മിൽത്തമ്മിൽ പക തീർക്കാൻ ഇതുപോലുള്ള അസംബന്ധങ്ങൾക്കു തുനിഞ്ഞെന്നു വരും. എന്നാൽ നിയമാധിഷ്ഠിതമായി അധികാരത്തിലേറിയ ഒരു ജനാധിപത്യ സർക്കാരിന് കുറ്റവാളികളോടു പോലും പുലർത്തേണ്ട ചില മര്യാദകളും ധർമ്മവുമുണ്ട്. സ്വന്തം നാട്ടിൽ പോയി വരാൻ പതിനഞ്ചു ലക്ഷം കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതു വഴി കർണാടകത്തിലെ കോൺഗ്രസ് ഗവൺമെന്റ് പാതാളത്തോളം താഴ്‌ന്ന ധാർമ്മിക നിലവാരമാണ് കാഴ്ചവയ്ക്കുന്നത്.
ഏതായാലും പരമോന്നത കോടതി മഅ്ദനിയുടെ സുരക്ഷാച്ചെലവ് 1,18,000 രൂപയായി കുറച്ചുകൊടുത്തത് പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിനു ഏറെ സഹായകമായെന്നു പറയാം. കേരളത്തിൽ നാലുദിവസം കൂടി തങ്ങാനും അനുമതി നൽകിയിട്ടുണ്ട്.
മ അ്ദനിയുടെ സുരക്ഷാച്ചെലവു പ്രശ്നത്തിൽ കർണാടക മുഖ്യമന്ത്രിക്കുവേണ്ടി വക്കാലത്തുമായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനിടെ രംഗത്തുവരേണ്ടിയിരുന്നില്ല. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയാതെയാണ് ഈ പുകിലൊക്കെ നടന്നതെന്നാണു ചെന്നിത്തല പറയുന്നത്. എല്ലാം ഒപ്പിച്ചത് ബംഗ്ളുരു സിറ്റി പൊലീസ് കമ്മിഷണറാണത്രെ. അവിടെ മുഖ്യമന്ത്രി ഈയിടെയായി ഒന്നും അറിയാറില്ലെന്നു വേണം കരുതാൻ. ഗുജറാത്തിലെ 44 കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിൽ ആരും കാണാതെ ഊർജ്ജമന്ത്രി ശിവകുമാർ താമസിപ്പിച്ച കാര്യവും മുഖ്യമന്ത്രി അറിയാതെയാണെന്നു കേട്ടിരുന്നു.
ഒരു വിചാരണ തടവുകാരനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള നിയമപരമായ ഉത്തരവാദിത്വം അതാതിടത്തെ പൊലീസിനുള്ളതാണ്. അകമ്പടി പോകുന്ന പൊലീസുദ്യോഗസ്ഥന്മാരുടെ യാത്രാബത്തയും ദിനബത്തയും മാത്രം നൽകേണ്ട ബാദ്ധ്യതയേ തടവുകാരന് വഹിക്കേണ്ടതുള്ളൂവെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഈ പ്രശ്നത്തിൽ കർണാടകത്തിന്റെ കള്ളക്കളിക്കു ചുട്ട മറുപടിയാണ്. കഴിഞ്ഞ തവണ മ അ്ദനിയുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് അകമ്പടിച്ചെലവിനായി 18000 രൂപ മാത്രം ഈടാക്കിയ സ്ഥാനത്ത് ഇക്കുറി പതിനഞ്ചു ലക്ഷം ആവശ്യപ്പെട്ടത് തീർച്ചയായും ദുഷ്ടലാക്കോടെയാണെന്ന് വ്യക്തമാണ്. തങ്ങൾക്ക് അനഭിമതരെന്നു തോന്നുന്നവരോട് ഭരണാധികാരികൾ ഇമ്മാതിരി ദ്രോഹനടപടിക്കു തുനിയുന്നത് കർണാടാകത്തിൽ മാത്രമല്ല. രാജ്യത്ത് എവിടെയും ഇതുപോലുള്ള നീതിനിഷേധവും വ്യക്തിഹത്യകളും പതിവാണ്. പൊരുതാൻ ശേഷിയും അടങ്ങാത്ത നിശ്ചയദാർഢ്യവുമുള്ളവർ മാത്രമേ ഇത്തരം വെല്ലുവിളികൾ നേരിട്ട് വിജയിക്കാറുള്ളൂ. ഏതു രംഗത്തും കാണാം ഇതുപോലുള്ള നീതിനിഷേധം. ലോക കായിക മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ചിത്രയെ മാറ്റിനിറുത്തിയതിലും കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട കായിക ബഹുമതികളിൽ നിന്ന് മലയാളി താരങ്ങളെ പൂർണമായും തഴഞ്ഞതിലും നീതിനിഷേധമാണ് കാണാനാവുന്നത്.
ഇംഗ്ളണ്ടിലെ പ്രശസ്ത സർവകലാശാലയിൽ ഉന്നത പഠനത്തിന് അവസരവും കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പും ലഭിച്ചിട്ടും ഭരണസിരാകേന്ദ്രത്തിലെ ചുവപ്പുനാടയിൽ കുടുങ്ങി രണ്ടരവർഷത്തോളം കാത്തിരിക്കേണ്ടിവന്ന കാസർകോട്ടെ ആദിവാസി യുവാവായ ബിനേഷിന്റെ ദുരനുഭവം കഴിഞ്ഞ ലക്കത്തിൽ ഞങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. മാറി മാറി വന്ന രണ്ടു സർക്കാരുകളിലെയും വകുപ്പു മന്ത്രിമാർ ഇടപെട്ടിട്ടുപോലും ഫയലിലെ കുരുക്കഴിയാൻ മൂന്നുവർഷത്തോളം ആ യുവാവിന് കാത്തിരിക്കേണ്ടിവന്നു. ലണ്ടനിൽ ഇന്ത്യൻ ഹൈക്കകമ്മിഷനിൽ നൽകാനുള്ള കത്ത് മലയാളത്തിൽ തയ്യാറാക്കി നൽകി അവസാന ആണി അടിച്ചവർ വരെയുണ്ട് ഭരണസിരാകേന്ദ്രത്തിൽ. എങ്ങനെ സഹായിക്കാമെന്നല്ല, എങ്ങനെയെല്ലാം ദ്രോഹിക്കാമെന്ന ചിന്തയിലാണ് എല്ലായിടത്തും അധികാരവർഗം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ