സർക്കാരിന് ചതിക്കുഴിയൊരുക്കി സ്വാശ്രയലോബി
August 4, 2017, 12:10 am
എം.എച്ച് വിഷ്‌ണു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചർച്ച, ഡൽഹിയിൽ കേസ്. ഒരേസമയം സർക്കാരിനെ പ്രീണിപ്പിച്ചും എതിർത്തുമാണ് സ്വാശ്രയമാനേജ്മെന്റ് ലോബിയുടെ കരുനീക്കങ്ങൾ. നാലുതരംഫീസിൽ കരാറിന് സർക്കാരുമായി ചർച്ചനടത്തുന്ന അതേയാളുകളാണ് സർക്കാരിനെതിരേ സുപ്രീംകോടതിയിൽ കേസുനടത്തുന്നത്. മാനേജ്മെന്റ് അസോസിയേഷനിൽ ഭിന്നതയുണ്ടാക്കി, 9കോളേജുകളുമായി കഴിഞ്ഞവർഷത്തെ ഫീസിന് ധാരണയായെന്നാണ് സർക്കാർഅവകാശവാദം. എന്നാൽ സർക്കാരുമായി ചർച്ചയ്ക്ക് നേതൃത്വംനൽകുന്ന അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ ഒപ്പിട്ടചെക്കാണ് തിങ്കളാഴ്‌ച സുപ്രീംകോടതിയിൽ സർക്കാരിനെതിരേ ഹാജരായ ഹരീഷ്‌സാൽവെയ്ക്ക് നൽകിയത്.

കരാറിന് സന്നദ്ധരായ കരുണ, മലബാർ, എം.ഇ.എസ്, പി.കെ.ദാസ് അടക്കമുള്ള കോളേജുകളിൽനിന്ന് സുപ്രീംകോടതിയിൽ കേസുനടത്താൻ 30ലക്ഷംരൂപ അസോസിയേഷൻ സമാഹരിച്ചിട്ടുണ്ട്. പി.കെ.ദാസ് കോളേജിലെ കൃഷ്‌ണദാസ്, അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ, ട്രഷറർ എറണാകുളം ശ്രീനാരായണീയയിലെ മുരളീധരപണിക്കർ എന്നിവർ ഒപ്പിട്ട അഞ്ചുലക്ഷത്തിന്റെ രണ്ട്ചെക്കുകളാണ് ഹരീഷ്‌സാൽവെയ്ക്ക് നൽകിയത്. 11ലക്ഷംവീതം ഉറപ്പിച്ച് മുതിർന്നഅഭിഭാഷകരായ കപിൽസിബൽ, മുകുൾറോഗ്ത്തഹി എന്നിവർക്കും വക്കാലത്ത്നൽകിയിരുന്നു. നിയമവിരുദ്ധമായ ഓർഡിനൻസും ചട്ടവിരുദ്ധമായഫീസും ചോദ്യംചെയ്ത് ഹൈക്കോടതിയിലെകേസിൽ ഹാജരാവാൻ ഇവരിലൊരാളെ എത്തിക്കുന്നതിന് 35-45ലക്ഷമാണ് ചെലവ്. ഇതിനായി കോളേജുടമകളിൽനിന്ന് അസോസിയേഷൻ പണപ്പിരിവ് തുടങ്ങിയിട്ടുണ്ട്.

വിവാദമായ ഉത്തരവ് :
കാരക്കോണം മെഡി.കോളേജിൽ രാജ്യത്തെവിടെനിന്നും 20കുട്ടികളെ പ്രവേശിപ്പിക്കാൻ അനുമതിനൽകിയ ആരോഗ്യസെക്രട്ടറി രാജീവ്സദാനന്ദന്റെ ഉത്തരവ് വിവാദമായി. തമിഴ്നാട്,കർണാടകം,ആന്ധ്രാപ്രദേശ്,തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽനിന്ന് മെരിറ്റ്അട്ടിമറിക്കപ്പെടാതെ പത്ത് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനാണ് സമിതി അനുമതിനൽകിയിരുന്നത്. ന്യൂനപക്ഷക്വോട്ടയിലാണെങ്കിലും കേരളത്തിലെവിദ്യാർത്ഥികളുടെ മെരിറ്റ്മറികടന്ന് അന്യസംസ്ഥാനക്കാരെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിട്ടു. ഇത് വകവയ്ക്കാതെ ചർച്ച്ഒഫ് നോർത്ത്ഇന്ത്യ, ചർച്ചസ് ഒഫ്ഇന്ത്യ എന്നിവയിൽപെട്ട ആരെയും പ്രവേശിപ്പിക്കാമെന്നാണ് ആരോഗ്യസെക്രട്ടറി ഉത്തരവിറക്കിയത്. ഒരുന്യൂനപക്ഷവിദ്യാർത്ഥി നൽകിയഹർജിയിൽ വാദംകേട്ടശേഷം ജസ്റ്റിസ് രാജേന്ദ്രബാബു ഇറക്കിയ ഉത്തരവാണ് ആരോഗ്യസെക്രട്ടറി അട്ടിമറിച്ചത്. നിലവിൽ അന്യസംസ്ഥാനക്കാർക്ക് അഖിലേന്ത്യാക്വോട്ടയിലൊഴികെ പ്രവേശനത്തിന് ചട്ടമില്ലാത്തതിനാൽ ആരോഗ്യസെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാനക്കാരിൽനിന്ന് പുതുതായി അപേക്ഷക്ഷണിക്കാനാണ് നീക്കം. അന്യസംസ്ഥാന വിദ്യാർത്ഥി പ്രവേശനംസംബന്ധിച്ച കമ്മിറ്റി തീരുമാനം സർക്കാർ അനുസരിക്കേണ്ടതാണെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കേരളകൗമുദിയോട് പറഞ്ഞു.

ഓർഡിനൻസ് എവിടെ?
സർക്കാരിന്റെ സ്വാശ്രയഓർഡിനൻസ് ഒരുകോപ്പിപോലും ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഗസറ്റിൽവിജ്ഞാപനംചെയ്തിട്ടും രഹസ്യമാക്കിവച്ചിരിക്കുകയാണ്. കേസിൽകക്ഷികളായ മാനേജ്മെന്റിനുപോലും കോപ്പികിട്ടിയില്ല. ഇക്കാര്യം ഹരീഷ്‌സാൽവെ സുപ്രീംകോടതിയിൽ ഉന്നയിച്ചു. ഓർഡിനൻസ് പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് നൽകിയിട്ടുണ്ടെന്നാണ് സർക്കാർവിശദീകരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ