ഓണത്തിന് ജനങ്ങൾക്കൊപ്പമെത്താൻ 9000 കോടിയുടെ വായ്പ
August 3, 2017, 2:04 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: ജി.എസ്.ടി നടപ്പായതോടെ പതിവ് വരുമാനം മുടങ്ങിയ സർക്കാർ വൻ സാമ്പത്തിക കരുക്കിലായി. ഒാണാഘോഷത്തിന് ഇത് കരിനിഴൽ വീഴ്ത്താതിരിക്കാൻ കടം വാങ്ങാനൊരുങ്ങുകയാണ് സർക്കാർ.
പ്രധാന വരുമാനമാർഗ്ഗമായ വാണിജ്യനികുതിയും കേന്ദ്രവിഹിതവും മുടങ്ങിയതോടെ ജൂലായ് മുതൽ സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. മദ്യവരുമാനവും ലോട്ടറി, രജിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ നിന്ന് കിട്ടുന്ന വരുമാനവും കൊണ്ടാണ് സർക്കാർ പിടിച്ചുനില്ക്കുന്നത്. ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതാദ്യമായി കഴിഞ്ഞ മാസം ശമ്പളം കൊടുക്കാൻ ആയിരം കോടിരൂപ വായ്പയെടുത്തു. ഒാണത്തിന് മുന്നോടിയായി ആഗസ്റ്റിൽ വൻ സാമ്പത്തിക ബാദ്ധ്യതയാണ് കാത്തിരിക്കുന്നത്. ജി.എസ്. ടി പ്രകാരമുള്ള വരുമാനം വന്നുതുടങ്ങാൻ ഇനിയും രണ്ടുമാസത്തിലേറെ കാത്തിരിക്കേണ്ടിവരും. ജി.എസ്.ടി.യുടെ ആശയകുഴപ്പത്തിൽനിന്ന് കരകയറി സുസ്ഥിര വരുമാനം കേന്ദ്രത്തിനും കിട്ടിത്തുടങ്ങിയിട്ടില്ലെന്നതിനാൽ അവിടെനിന്ന് പണം സംഘടിപ്പിക്കാനും കഴിയാത്ത സ്ഥിതിയാണ്. ഇൗമാസം ശമ്പളം നൽകാനും ഒാണമാസത്തെ ശമ്പളം മുൻകൂറായി നൽകാനും ജീവനക്കാരുടെ പെൻഷനും അവരുടെ അഡ്വാൻസ് പെൻഷനും സാമൂഹ്യക്ഷേമപെൻഷനുകളും ജീവനക്കാർക്ക് ശമ്പള അഡ്വാൻസും ബോണസും ഉത്സവബത്തയും നൽകാനുമായി വൻസാമ്പത്തിക ബാദ്ധ്യതയാണ് കാത്തിരിക്കുന്നത്. ഇതിനുപുറമെ ഒാണത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പട്ടിണികിടക്കാതെ നോക്കണമെന്നും സർക്കാരിന് ആഗ്രഹമുണ്ട്. ഇതിനെല്ലാമായി മൊത്തം 9000 കോടിയുടെ വായ്പ തരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിൽ മൂവായിരം കോടി കെ.എസ്.ആർ. ടി.സിക്കു വേണ്ടിയാണ്. ബാക്കി ഒാണശമ്പളം കൊടുക്കാനും. കെ. എസ്.ആർ.ടി.സിക്കായി വാണിജ്യബാങ്കിൽ നിന്ന് 3000 കോടിയുടെ വായ്പ തരപ്പെടുത്താനാണ് നീക്കം. ഇതാദ്യമായാണ് സർക്കാർ മുൻകൈയെടുത്ത് കെ. എസ്.ആർ. ടി. സിയെ കരകയറ്റാൻ നീക്കം നടത്തുന്നത്. സെപ്തംബറിൽ ജി. എസ്.ടി വരുമാനം ലഭിക്കുന്നതോടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

25 മുതൽ ശമ്പളവും പെൻഷനും :
ആഗസ്റ്റ് 8 ന് മുംബൈയിൽ കടപത്രങ്ങൾ പുറത്തിറക്കും. ഇതിലൂടെ ആറായിരം കോടി സമാഹരിക്കും. 12 ന് മുമ്പ് പണം ലഭിക്കുമെന്നാണ് പ്രതീക്ഷ. 14 മുതൽ സാമൂഹ്യക്ഷേമപെൻഷനുകളും 25 മുതൽ അടുത്തമാസത്തെ ശമ്പളവും പെൻഷനും ഫെസ്റ്റിവൽ അഡ്വാൻസും ഉത്സവബത്തയും നൽകിത്തുടങ്ങും.
ഒരുമാസത്തെ ശമ്പളവും പെൻഷനും നൽകാൻ 2800 കോടിവേണം. ആഗസ്റ്റിൽ ഇതിനുമാത്രമായി 5600 കോടി കണ്ടെത്തണം. 48.6 ലക്ഷം പേർക്കാണ് സർക്കാർ സാമൂഹ്യക്ഷേമപെൻഷൻ നൽകുന്നത്. ഇക്കുറി ഒരുമാസം മുൻകൂറായി നൽകും. കഴിഞ്ഞ മൂന്നുമാസത്തെ കുടിശികയും ഒരുമാസത്തെ അഡ്വാൻസുമുൾപ്പെടെ ഇക്കുറി 4400 രൂപ എല്ലാവർക്കും പെൻഷനായി കിട്ടും. ഇതിന് 2400 കോടി രൂപ വേണം. ഇതുകൂടാതെ ഉത്സവബത്ത, ബോണസ് എന്നിവയ്ക്കായി 600 കോടിവേണം. ദുർബല വിഭാഗങ്ങൾക്ക് നൽകുന്ന മറ്റ് സഹായ പെൻഷനുകൾക്കായി 40 കോടിവേണം. സംസ്ഥാന ട്രഷറയിൽ നിലവിൽ എത്തിച്ചേരുന്നത് 2000 മുതൽ 2500 കോടിവരെയാണ്. ഇൗ കമ്മി മറികടക്കാനാണ് വായ്പയെ ആശ്രയിക്കുന്നത്.

ഇത്രയും കൂടുതൽ വായ്പ ഇതാദ്യം:
ഇതാദ്യമായാണ് സർക്കാർ ഒറ്റയടിക്ക് 6000 കോടിരൂപ വായ്പയെടുക്കുന്നത്. ഇടതുമുന്നണി അധികാരത്തിലേറിയതിനു ശേഷം വായ്പയെടുക്കുന്നത് കുറഞ്ഞതിനാൽ സംസ്ഥാനത്തിന്റെ വായ്പാശേഷി കൂടിയിട്ടുണ്ട്. ആറായിരം കോടി വായ്പെയടുത്താലും അത് പരിധിക്കകത്ത് തന്നെയായിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ശരാശരി പത്തുശതമാനം നിരക്കിലാണ് വായ്പയെടുക്കുന്നത്. കെ.എസ്. ആർ.ടി.സിക്കായി വായ്പയെടുത്ത് പലിശയുടെ ഭാരം കുറയ്ക്കുന്നതിനും പ്രവർത്തനച്ചെലവും ധനനഷ്ടവും കുറയ്ക്കുന്നതിനുമുള്ള സാമ്പത്തിക മാനേജ്മെന്റ് പദ്ധതിക്കാണ് ധനവകുപ്പ് ഒരുങ്ങുന്നത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ