Saturday, 19 August 2017 7.04 AM IST
പ്രയോജനപ്പെടുത്താവുന്ന ടൂറിസം മേഖല
August 8, 2017, 12:10 am
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കഴിഞ്ഞ വർഷം കേരളത്തിൽ സഞ്ചാരികൾ കൂടുതലായി എത്തി എന്ന വാർത്ത വിനോദസഞ്ചാര മേഖലയുടെ വർദ്ധിച്ച സാദ്ധ്യതകളാണ് എടുത്തുകാട്ടുന്നത്. അനവധി പരിമിതികൾക്കുള്ളിൽ നിന്നാണ് ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. കാര്യമായ യത്നങ്ങൾ നടത്തിയാൽ സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ വിനോദസഞ്ചാര മേഖലയ്ക്കു കഴിയും. അത്രയധികം അനുഗൃഹീതമായ ഘടകങ്ങൾ നാടെമ്പാടും നിറഞ്ഞുനിൽക്കുകയാണ്. മദ്യവില്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന കാലത്തും സഞ്ചാരികളുടെ ഒഴുക്കിന് കുറവൊന്നുമുണ്ടായിരുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകളിൽ കാണുന്നത്. വിനോദ സഞ്ചാര മേഖല നേടിയ വരുമാനത്തിലുമുണ്ട് ഗണ്യമായ വർദ്ധന. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും മാർക്കറ്റിംഗ് തന്ത്രങ്ങൾ വിപുലപ്പെടുത്താനും കഴിഞ്ഞാൽ വിസ്മയാവഹമായ നേട്ടമുണ്ടാക്കാൻ ഒരു പ്രയാസവുമില്ലെന്നു ചൂണ്ടിക്കാട്ടുന്നതാണ് സ്ഥിതി വിവരങ്ങൾ.
2016-ൽ 10.38 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിന്റെ അതിഥികളായെത്തിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ സഞ്ചാരികളുടെ സംഖ്യയിലും വൻ വർദ്ധനയാണുണ്ടായത്. അന്യദേശക്കാരായ ഒന്നകാൽ കോടിയോളം പേർ സംസ്ഥാനത്തെത്തിയെന്നാണ് വിനോദ സഞ്ചാര വകുപ്പിന്റെ കണക്ക്. തൊട്ടു മുൻവർഷത്തെക്കാൾ ആറു ശതമാനത്തോളം വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിനോദ സഞ്ചാര വകുപ്പും ഈ രംഗത്തു പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭകരും ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ വളർച്ച പത്തു ശതമാനമായി വർദ്ധിപ്പിക്കാൻ ഒരു പ്രയാസവുമില്ലായിരുന്നു.
ശ്വാസം മുട്ടിക്കുന്ന തിരക്കിനിടയിലും കൊച്ചിയിലാണ് ഏറ്റവുമധികം സഞ്ചാരികൾ എത്തുന്നത്. ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് യാത്രാസൗകര്യം തന്നെയാണ്. മികച്ച താമസ സൗകര്യങ്ങളും പ്രധാന ഘടകമാണ്. നാലുലക്ഷത്തിലേറെ വിദേശികളും മുപ്പതു ലക്ഷത്തിലേറെ നാടൻ സഞ്ചാരികളും കഴിഞ്ഞ വർഷം കൊച്ചി നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും കാഴ്ചകൾ ആസ്വദിച്ചു. തലസ്ഥാനമായ തിരുവനന്തപുരം നഗരമാണ് സഞ്ചാരികളുടെ മറ്റൊരു ആകർഷണം. സംസ്ഥാനത്തെത്തിയ വിദേശ ടൂറിസ്റ്റുകളിൽ 3.8 ലക്ഷവും തിരുവനന്തപുരം കണ്ടവരാണ്.
വിനോദ സഞ്ചാര മേഖലയിൽ സന്തുലിതമായ വളർച്ചയുടെ അഭാവമാണ് വളരെയധികം സാദ്ധ്യതകളുണ്ടായിട്ടും മറ്റു പല ജില്ലകളും പിന്തള്ളപ്പെടാൻ കാരണം. മലബാർ മേഖല ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കാൻ പാകത്തിൽ വൈവിദ്ധ്യങ്ങൾ നിറഞ്ഞതായിട്ടും സംസ്ഥാനത്തെത്തുന്ന വിദേശ - ആഭ്യന്തര സഞ്ചാരികളിൽ അധികവും അങ്ങോട്ട് എത്തിനോക്കാറില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഇതിനു പ്രധാന കാരണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ വിദേശ സഞ്ചാരികൾക്ക് എളുപ്പം മലബാറിലെത്താൻ വഴി ഒരുങ്ങും. തിരുവനന്തപുരത്തിനും കൊച്ചിക്കും ലഭിച്ച ഈ സൗകര്യമാണ് രണ്ടിടങ്ങളിലും വിദേശ സഞ്ചാരികളെ ആകർഷിക്കുന്നത്.
വ്യവസായങ്ങൾ കുറവായ സംസ്ഥാനത്ത് വിനോദസഞ്ചാര മേഖല ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകാനുള്ള മേഖലയായി മാറ്റിയെടുക്കാവുന്നതാണ്. വിനോദ സഞ്ചാരികളെക്കൊണ്ടുമാത്രം സമ്പദ് വ്യവസ്ഥ നിലനിറുത്തുന്ന എത്രയോ രാജ്യങ്ങളുണ്ട്. പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും വേണ്ടുവോളമുണ്ടായിട്ടും ഒന്നും നേരെചൊവ്വേ മുതലാക്കാൻ കഴിയാത്തതിനു കാരണം ഭാവനാശാലികളായ മന്ത്രിമാരുടെ അഭാവമാണ്. വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം സഞ്ചാരമേഖലയിൽ നിന്നായിട്ടുപോലും ഈ വകുപ്പിന് സ്വതന്ത്ര പദവി നൽകാനോ തനതു മന്ത്രിയെ വാഴിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. വിനോദസഞ്ചാര മേഖലയുടെ പരാധീനത തുടങ്ങുന്നതും ഇവിടെ നിന്നാണ്.
വിനോദസഞ്ചാരമെന്നാൽ പഞ്ചനക്ഷത്ര ഹോട്ടലുകളും കീശ നിറയെ പണവും എന്ന പഴയ സങ്കല്പമൊക്കെ തീർത്തും മാറിയ കാലമാണിത്. കാഴ്ച കാണാനിറങ്ങുന്നവരുടെ സംഖ്യ ലോകവ്യാപകമായി ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സുഗമമായ യാത്രയ്ക്കിണങ്ങുന്ന റോഡുകൾ, കുറഞ്ഞ ചെലവിലും സാദ്ധ്യമാകുന്ന താമസ സൗകര്യം, വിപുലമായ ഇൻഫർമേഷൻ കേന്ദ്രങ്ങൾ, വാഹനങ്ങൾ എന്നിവയൊക്കെ ഉറപ്പാക്കാൻ പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നുമില്ല. നിർഭാഗ്യവശാൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന കേന്ദ്രങ്ങളിലെ സ്ഥിതി പോലും ആശാവഹമാണെന്നു പറയാനാകില്ല. സർക്കാർ ആഭിമുഖ്യത്തിൽ തുടങ്ങിവച്ച പല ടൂറിസം പദ്ധതികളും പാതിവഴിയിൽ നിലയ്ക്കുകയോ ഉപേക്ഷിക്കുകയോ ആണു പതിവ്. ധാരാളം നദികളും കായലുകളും 600 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരവുമുള്ള സംസ്ഥാനത്തിന് ഈ മേഖലയിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ കാര്യമായി പ്രയോജനപ്പെടുത്താനായിട്ടില്ല. മൂന്നു പതിറ്റാണ്ടായി പണി നടക്കുന്ന ദേശീയ ജലപാത പൂർത്തിയായിട്ടില്ല. വേമ്പനാട്ടുകായലിലെയും അഷ്ടമുടിക്കായലിലെയും ജലയാനങ്ങൾ മാറ്റിനിറുത്തിയാൽ ഈ മേഖലയിൽ മറ്റു കാര്യമായ വിനോദോപാധികൾ ഇല്ലെന്നു പറയാം. ഉല്ലാസ കേന്ദ്രങ്ങളിൽ സർക്കാർ സഞ്ചാര വകുപ്പിന്റെ മുടന്തൻ ബോട്ട് യാത്ര അനുഗ്രഹത്തെക്കാൾ സഞ്ചാരികൾക്ക് പലപ്പോഴും ശാപമായിട്ടാണ് അനുഭവപ്പെടാറ്.
കൂടുതൽ വിനോദ സഞ്ചാരികളും അതുവഴി വരുമാന വർദ്ധനയും ലക്ഷ്യമിട്ട് ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കണം. സർക്കാരിനൊപ്പം സ്വകാര്യമേഖലയുടെ പങ്കും കലവറ കൂടാതെ ഉറപ്പാക്കണം. മഴക്കാല ടൂറിസം, ആരോഗ്യ ടൂറിസം തുടങ്ങി ചില നവീനാശയങ്ങൾ അടുത്തകാലത്തായി പ്രയോഗത്തിൽ വന്നിട്ടുണ്ട്. അതുപോലെ വിഷയ കേന്ദ്രീകൃതമായ മേഖലകൾ വേറെയും കണ്ടെത്താനാവും. ഉണർന്നു പ്രവർത്തിക്കണമെന്നു മാത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ