Wednesday, 20 September 2017 8.01 PM IST
കുട്ടികൾ പഠിച്ചുതന്നെ ജയിക്കട്ടെ
August 6, 2017, 2:00 am
സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന 'ആൾ പാസ്' സമ്പ്രദായം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഗുണത്തെക്കാൾ ദോഷം ചെയ്യുന്ന ഒരു നടപടി എത്രയും വേഗം ഉപേക്ഷിക്കുക തന്നെയാണു വേണ്ടത്. ഏഴുവർഷം മുൻപ് കേന്ദ്രം കൊണ്ടുവന്ന വിദ്യാഭ്യാസാവകാശ നിയമ പ്രകാരം എട്ടാം ക്ളാസ് വരെ ഒരു കുട്ടിയെയും തോല്പിക്കാൻ പാടില്ല. പത്തുവരെയുള്ള ക്ളാസുകളിലും തോൽപ്പിക്കപ്പെടുന്നവരുടെ സംഖ്യയിൽ നിയന്ത്രണമുണ്ട്. സ്കൂൾ തലത്തിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനുദ്ദേശിച്ചു നടപ്പാക്കിയ ആൾ പാസ് സമ്പ്രദായം ഫലത്തിൽ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ തകർച്ചയ്ക്കു കാരണമായി. ഇക്കാര്യം ബോദ്ധ്യപ്പെട്ടതുകൊണ്ടാവാം തെറ്റു തിരുത്താൻ കേന്ദ്രം മുന്നോട്ടു വന്നത്. കൺകറന്റ് വിഷയമായതിനാൽ സംസ്ഥാനങ്ങളോടും ഉചിത നടപടി സ്വീകരിക്കാൻ കേന്ദ്ര മാനവശേഷി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
അഞ്ചിലും എട്ടിലും വർഷാവസാന പരീക്ഷകളിൽ യഥാർത്ഥ വിജയികളെ മാത്രം അടുത്ത ക്ളാസിലേക്കു കയറ്റി വിട്ടാൽ മതിയെന്നാണു പുതിയ തീരുമാനം. സംപൂജ്യരെപ്പോലും പ്രൊമോഷൻ നൽകി വിടുന്ന പതിവു രീതി മാറുന്നത് സ്വാഭാവികമായും വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒന്നും പഠിക്കാത്തവർ അതേ ക്ളാസിൽ കൂടുതൽ കാലം ഇരുന്ന് പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കുന്ന രീതിയാണ് കുറച്ചുവർഷം മുൻപു വരെ നിലനിന്നിരുന്നത്. ഇങ്ങനെ രണ്ടും മൂന്നും വർഷം ഒരേ ക്ളാസിലിരിക്കേണ്ടിവരുന്നവരിൽ അധികം പേരും പഠനം ഉപേക്ഷിക്കുന്നതു പതിവായപ്പോഴാണ് പരിഹാര മാർഗമായി ആൾ പ്രൊമോഷൻ രീതി നടപ്പായത്. പഠിച്ചാലുമില്ലെങ്കിലും ക്ളാസ് കയറ്റം ലഭിക്കുമെന്നായതോടെ നിലവാരത്തകർച്ചയിലേക്കാണ് കാര്യങ്ങൾ എത്തിയത്. എഴുതാനും കൂട്ടിവായിക്കാനുമറിയാത്തവർ എട്ടാം ക്ളാസുകാർക്കിടയിൽ ധാരാളമുണ്ടെന്ന് പല സർവേകളിലും കണ്ടെത്തിയിട്ടുണ്ട്. പ്രൈമറി തലത്തിൽ ഹൃദിസ്ഥമാക്കേണ്ട അടിസ്ഥാന ഗണിതവും ഭാഷാപഠനവും എട്ടാം ക്ളാസുകാരിൽ പലർക്കും ഇപ്പോഴും അന്യമാണെന്നതിന് സാക്ഷ്യപത്രങ്ങൾ ഒട്ടേറെയുണ്ട്.
വർഷാവസാന പരീക്ഷയിൽ തോറ്റാലും ഒരവസരം കൂടി നൽകിയ ശേഷമേ പ്രൊമോഷൻ തടയാവൂ എന്ന് വ്യവസ്ഥ വയ്ക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിൽ ഇപ്പോൾ പത്താം ക്ളാസിലും പന്ത്രണ്ടാം ക്ളാസിലും തോറ്റവർക്കായി 'സേ' പരീക്ഷ നടത്തി കുട്ടികൾക്ക് അവസരം നൽകാറുണ്ട്. അതേ മാതൃക അഞ്ച്, എട്ട് ക്ളാസുകളിലെ വാർഷിക പരീക്ഷയിൽ തോൽക്കുന്ന കുട്ടികൾക്കും ബാധകമാക്കണമെന്നാണു നിർദ്ദേശം. സ്കൂൾ തലത്തിലെ കൊഴിഞ്ഞുപോക്ക് അധികവും സമൂഹത്തിലെ താഴ്‌ന്ന വിഭാഗങ്ങളിലെ കുട്ടികളാണെന്ന യാഥാർത്ഥ്യം കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസവകാശ നിയമത്തിൽ എട്ടാം ക്ളാസ് വരെ 'ആൾ പാസ്' വ്യവസ്ഥ ഏർപ്പെടുത്തിയത്. പ്രൊമോഷൻ മാനദണ്ഡം കർക്കശമാക്കുമ്പോൾ തിരിച്ചടി നേരിടാൻ പോകുന്നതും ഈ വിഭാഗക്കാർക്കു തന്നെയാകും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കൈപിടിച്ചുയർത്താൻ അദ്ധ്യാപക സമൂഹം കൂടുതൽ ശ്രദ്ധയും താത്‌പര്യവും കാണിച്ചാൽ പ്രശ്നം വലിയ തോതിൽ പരിഹരിക്കാവുന്നതേയുള്ളൂ. ആൾ പാസിന്റെ മറവിൽ അദ്ധ്യാപന നിലവാരത്തിലും ഗണ്യമായ വീഴ്ചകൾ സംഭവിക്കുന്നുണ്ട്.
പത്തും പന്ത്രണ്ടും ക്ളാസുകളിലെ ഇപ്പോഴത്തെ വിജയ ശതമാനം രാജ്യവ്യാപകമായി ഏതാണ്ട് നൂറുശതമാനത്തിനടുത്തെത്തുന്നതായി കാണാം. എല്ലാ വിഷയങ്ങൾക്കും നൂറിൽ നൂറു നേടുന്നവരുടെ സംഖ്യയിലുമുണ്ട് ഈ വർദ്ധന. കുട്ടികളുടെ മിടുക്കോ മൂല്യനിർണയത്തിലെ ഉദാരവത്‌കരണമോ എന്താണ് അത്ഭുതാവഹമായ ഈ നേട്ടത്തിനു കാരണമെന്ന് വ്യക്തമല്ല. വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് സാർവത്രികമായ പരാതികളുള്ളപ്പോൾത്തന്നെയാണ് മാനം മുട്ടെയുള്ള വിജയ ശതമാനവും. തൊണ്ണുറു ശതമാനത്തിനു മേൽ മാർക്ക് നേടിയാൽപ്പോലും ഉയർന്ന ക്ളാസിലേക്ക് പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കേണ്ടി വരുന്നവർ നിരവധിയാണ്. പരീക്ഷകളെക്കുറിച്ചും പഠന നിലവാരത്തെക്കുറിച്ചുമൊക്കെ സന്ദേഹം ജനിപ്പിക്കുന്ന കാര്യമാണിതെല്ലാം. ഉയർന്നുകൊണ്ടിരിക്കുന്ന വിജയശതമാനം ഒരിക്കലും പഠന നിലവാരത്തിന്റെ അളവുകോലായി കണക്കാക്കാനാകാത്ത വിധം സങ്കീർണമാണ് ഇവിടെ കാര്യങ്ങൾ.
ആൾ പാസിനു പകരം അർഹതയുള്ളവർക്കു മാത്രം ക്ളാസ് കയറ്റം മതിയെന്ന തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതം തന്നെയാണ്. കുട്ടികൾ പഠിച്ചു തന്നെ വിജയിക്കട്ടെ. അദ്ധ്യാപകർ ചുമതലാബോധത്തോടെ ഈ യത്നത്തിൽ അവരോടൊപ്പം നിൽക്കട്ടെ.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ