Saturday, 19 August 2017 7.05 AM IST
ആശുപത്രികൾ എന്തേ ഇങ്ങനെ
August 9, 2017, 2:00 am
അത്യാസന്ന നിലയിൽ ആശുപത്രികളിൽ എത്തിക്കുന്ന രോഗികൾ അടിയന്തര ചികിത്സ പോലും ലഭിക്കാതെ മരണമടയുന്ന സംഭവങ്ങൾ അപൂർവമൊന്നുമല്ല. അതേച്ചൊല്ലി ആശുപത്രികൾക്കും ജീവനക്കാർക്കും നേരെ രോഗികളുടെ ബന്ധുക്കൾ അതിക്രമത്തിനു മുതിരുന്നതും പതിവാണ്. എന്നാൽ സ്കൂട്ടർ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു യുവാവിന് അര ഡസനോളം ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ചികിത്സ ലഭിക്കാതെ ആംബുലൻസിൽത്തന്നെ കിടന്ന് മരിക്കേണ്ട സാഹചര്യമുണ്ടായത് ഗൗരവത്തോടെ അന്വേഷിക്കേണ്ട കാര്യമാണ്. ഞായറാഴ്ച രാത്രി ഇത്തിക്കരയിൽ വച്ചുണ്ടായ അപകടത്തിലാണ് മുരുകൻ എന്ന തമിഴ് യുവാവ് ഉൾപ്പെടെ നാലുപേർക്കു പരിക്കേറ്റത്. നാലുപേരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുരുകന്റെ പരിക്ക് കൂടുതൽ ഗുരുതര സ്വഭാവത്തിലുള്ളതായതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയുടെ സഹായം തേടാൻ നിർദ്ദേശിച്ച് മടക്കുകയായിരുന്നു. പൊലീസ് ഏർപ്പെടുത്തിയ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ രോഗിയുമായി കൊല്ലത്തെ രണ്ടു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളിലും തിരുവനന്തപുരത്ത് സർക്കാർ മെഡിക്കൽ കോളേജിലും എത്തിച്ചിട്ടും വെന്റിലേറ്റർ ഒഴിവില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയാണുണ്ടായത്. തലസ്ഥാന നഗരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയും രോഗിയെ സ്വീകരിക്കാൻ വിസമ്മതിച്ചു. ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡ്യൂട്ടിയിലില്ലെന്നായിരുന്നു ഒഴിവു കഴിവ്. തുടർന്ന് രോഗിയെയും കൊണ്ട് ആംബുലൻസ് കൊല്ലത്തേക്കു തന്നെ പോയി. സർക്കാർ ജില്ലാ ആശുപത്രിയിലെത്തും മുന്നേ ആംബുലൻസിൽ കിടന്നു യുവാവ് അന്ത്യശ്വാസം വലിച്ചു എന്നാണ് വാർത്ത. ഏഴുമണിക്കൂർ അലഞ്ഞിട്ടും ചികിത്സ നൽകാൻ സംസ്ഥാനത്തെ പ്രഥമ സർക്കാർ മെഡിക്കൽ കോളേജിനു പോലും ദയ തോന്നിയില്ലല്ലോ എന്ന സങ്കടത്തിലാണ് ആംബുലൻസിലെ മനുഷ്യത്വമുള്ള ജീവനക്കാർ.
പതിവുപോലെ സംഭവം വിവാദമായതോടെ അന്വേഷണവും വിശദീകരണങ്ങളും രോഷ പ്രകടനവുമൊക്കെ ഉണ്ടാകുന്നുണ്ട്. കറവ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന പാവപ്പെട്ട തമിഴ് യുവാവിന്റെ കൂടെ സഹായിയായി ആരുമില്ലാതിരുന്നതുകൊണ്ടാണ് സ്വകാര്യ ആശുപത്രികൾ കൈലമർത്തിയതെന്ന ആക്ഷേപം അടിസ്ഥാനമുള്ളതാണ്. ചികിത്സയ്ക്ക് മുൻകൂറായിത്തന്നെ പണം കെട്ടിവയ്ക്കേണ്ടിവരുന്ന സാഹചര്യമാണല്ലോ അവിടങ്ങളിലുള്ളത്. എന്നാൽ രോഗിയുടെ സാമ്പത്തിക നിലയോ സാമൂഹ്യ പശ്ചാത്തലമോ സ്വാധീനമോ ഒന്നും നോക്കാതെ ചികിത്സ നൽകാൻ ബദ്ധ്യസ്ഥമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ സമീപനം ഗുരുതരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇവിടെയും വെന്റിലേറ്റർ സൗകര്യം ഇല്ലെന്നു പറഞ്ഞാണത്രെ രോഗിയെ മടക്കി അയച്ചത്. ആംബുലൻസിൽ നിന്ന് രോഗിയെ ഇറക്കിയതു പോലുമില്ല. കാഷ്വാലിറ്റിയിൽ നിന്ന് ഡോക്ടർ ആംബുലൻസിൽ കയറി പരിശോധിച്ച് മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നുവത്രെ. വാഹനാപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലെത്തുന്ന ഒരു രോഗിക്കു നൽകേണ്ട അടിയന്തര ചികിത്സ പോലും നൽകാതെയാണ് ഈ ക്രൂരത എന്നോർക്കണം. വെന്റിലേറ്റർ സൗകര്യങ്ങൾ ഉണ്ടാകുന്നതിന് മുമ്പുള്ള കാലത്തും നാട്ടിൽ അപകടങ്ങളും ഗുരുതരമായ രോഗങ്ങളുമൊക്കെ ഉണ്ടായിരുന്നല്ലോ. രോഗിയുടെ ജീവൻ നിലനിറുത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നതായിരുന്നു പതിവ്. അത്യാധുനിക സൗകര്യങ്ങളൊക്കെ ഈ അടുത്ത കാലത്ത് ഉണ്ടായതാണ്. പരമാവധി ശ്രമിച്ചിട്ടും രോഗിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നത് ഡോക്ടർമാരുടെ വീഴ്ചയായി ആരും കരുതാൻ പോകുന്നില്ല. ഈ വിഷയത്തിൽ സ്വകാര്യ ആശുപത്രികളുടെ നിലപാട് ആർക്കും എളുപ്പം മനസിലാകും. ചികിത്സാ ചെലവ് ആരു വഹിക്കുമെന്നതാകാം അവരെ അലട്ടിയ പ്രശ്നം. വെന്റിലേറ്റർ ഒഴിവില്ലെന്നത് സൗകര്യപൂർവം പറയാവുന്ന ന്യായീകരണം മാത്രം. പണം പിടുങ്ങാൻ വേണ്ടി മാത്രം രോഗികളെ വെന്റിലേറ്ററിൽ കയറ്റുന്ന സ്വകാര്യ ആശുപത്രികളിലെ നാറുന്ന കഥകൾക്ക് നാട്ടിൽ നല്ല പ്രചാരമാണ്.
ആംബുലൻസിൽ കിടന്നു തമിഴ് യുവാവ് മരിക്കേണ്ടിവന്ന ദാരുണ സംഭവത്തെക്കുറിച്ച് പല തട്ടിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ വക കേസ് വേറെ. ജില്ലകൾ തോറും ട്രോമാ കെയർ സെന്ററുകൾ തുറക്കുമെന്നാണ് ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രഖ്യാപനം. അതൊക്കെ നല്ല കാര്യങ്ങൾ തന്നെ. എന്നാൽ മനസ്സാക്ഷിയെ ഞെട്ടിച്ച ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ എന്തു നടപടിയാണ് എടുക്കാൻ പോകുന്നത് എന്നറിയാനാണ് ജനങ്ങൾക്ക് ഏറെ താത്‌പര്യം. വാഹനാപകടങ്ങളിൽ പ്രതിദിനം ശരാശരി പന്ത്രണ്ടുപേർ മരിക്കുന്ന സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികൾ എത്രമാത്രം രോഗീസൗഹൃദമാണെന്ന ഒരു വിലയിരുത്തൽ ആവശ്യമായി വന്നിരിക്കുകയാണ്. വാഹനാപകടങ്ങളിൽ പെടുന്നവരെ സഹായിക്കാനായി സുപ്രീംകോടതിയുടെ മാർഗനിർദ്ദേശമനുസരിച്ചുള്ള പുതിയ ചില ഏർപ്പാടുകളെക്കുറിച്ച് എത്രയോ നാളായി പറഞ്ഞു കേൾക്കുന്നു. പ്രസ്തുത പദ്ധതികൾ കടലാസ് വിട്ട് പ്രയോഗതലത്തിൽ എത്താത്തതെന്തെന്ന് അന്വേഷിക്കണം. പാതിരാത്രിയിലെത്തുന്ന അവശ രോഗികളെ നോക്കാൻ വിദഗ്ദ്ധ ഡോക്ടർമാരും വെന്റിലേറ്ററുമില്ലെന്നു പറഞ്ഞ് വാതിലടയ്ക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകൾ ഈ നിലയിൽ എന്തിനു നിലനിൽക്കണമെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. മെഡിക്കൽ കോളേജ് എന്ന നില വിട്ട് മേടിക്കൽ കോളേജായി അവ മാറിക്കഴിഞ്ഞുവെന്നത് എത്ര ശരിയാണെന്നു തെളിയിക്കുന്ന സംഭവം കൂടിയാണിത്. അതേസമയം വെന്റിലേറ്റർ ഒഴിവില്ലെന്നു പറഞ്ഞ് രോഗിയെ മടക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വീഴ്ച പ്രത്യേകമായിത്തന്നെ അന്വേഷിക്കണം. ഇത്തരത്തിലൊരു അനുഭവം മേലിൽ ആർക്കും ഉണ്ടാകാൻ പാടില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ