Saturday, 19 August 2017 7.09 AM IST
ജി.എസ്.ടി പുതിയ ഭാരമാകരുത്
August 10, 2017, 12:05 am
രാജ്യമെങ്ങും ഒരൊറ്റ നികുതിഘടന വരുന്നതോടെ നിത്യോപയോഗ സാധനങ്ങളുൾപ്പെടെ ഒട്ടുമിക്ക വസ്തുക്കൾക്കും നേരിയ തോതിലെങ്കിലും വിലകുറയുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. വില കുറയുന്നില്ലെന്ന് മാത്രമല്ല ജൂലായ് ഒന്നിന് മുമ്പുണ്ടായിരുന്നതിലുമധികം നൽകേണ്ടിയും വരുന്നു. പുതിയ നികുതി ഘടന നടപ്പാക്കുമ്പോഴുള്ള ബാലാരിഷ്ടതകളാണിതെല്ലാം എന്നുപറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമമുണ്ടെങ്കിലും ജനങ്ങൾക്ക് ദഹിക്കാത്ത ഒട്ടേറെ കാര്യങ്ങൾ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ചരക്കുസേവന നികുതി സമ്പ്രദായം നിലവിൽ വന്നുകഴിഞ്ഞ് ഒന്നരമാസം എത്തിയപ്പോഴാണ് ഇതിനാവശ്യമായ നിയമനിർമ്മാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവരുന്നത്. ചൊവ്വാഴ്ച സഭയിൽ അവതരിപ്പിച്ച ബിൽ ചർച്ച കഴിഞ്ഞ് സബ്‌ജക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തു. പുതിയ നികുതി സമ്പ്രദായം നടപ്പാക്കിയപ്പോൾ ജനങ്ങൾക്കുണ്ടായ പ്രയാസം ഭരണകക്ഷിക്കാർ പോലും സഭയിൽ വിവരിക്കുകയുണ്ടായി. സർക്കാർ കരുതുന്നതിനെക്കാൾ വലിയ ചൂഷണത്തിനാണ് ഉപഭോക്താക്കൾ ഇരയാകുന്നത്. നികുതി ബാധകമല്ലാത്ത സാധനങ്ങൾക്കും ഉയർന്നവില നൽകേണ്ട അവസ്ഥയാണുള്ളത്. പുതിയ നികുതി ഘടനയെക്കുറിച്ച് സാമാന്യ ജനങ്ങൾക്ക് വലിയ ധാരണയൊന്നുമില്ലാത്തതിനാൽ കച്ചവടക്കാർ പറയുന്നതാണ് നിയമം. പരമാവധി വില്പന വിലയെക്കാൾ ഒരു പൈസപോലും കൂടുതൽ ഈടാക്കാൻ പാടില്ലെന്നത് നിയമമാണ്. എന്നാൽ എം.ആർ.പി വിലയ്ക്ക് പുറമേ നികുതിയും ഈടാക്കുകയാണ് പല കടക്കാരും. ഹോട്ടലുകളും ഔഷധശാലകളും സേവനദാതാക്കളും വലിയ കൊള്ള തന്നെയാണ് നടത്തുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിട്ടുണ്ട്. എം.ആർ.പിക്ക് മുകളിൽ ജി.എസ്.ടി അനുവദിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ പറയുകയുണ്ടായി. നിയമംലംഘിച്ച നാല്പത് വ്യാപാരികൾക്കെതിരെ നടപടി എടുക്കാത്തതായും സൂചിപ്പിച്ചു. എന്നാൽ സംസ്ഥാന വ്യാപകമായി അറിഞ്ഞോ അറിയാതെയോ വ്യാപാരസ്ഥാപനങ്ങൾ ജി.എസ്.ടിയുടെ മറവിൽ അമിതലാഭം കൊയ്തുകൊണ്ടിരിക്കുകയാണ്. പുര കത്തുമ്പോൾ വാഴവെട്ടുക എന്നത് ശീലമാക്കിയവരെ നേരായ വഴിക്ക് കൊണ്ടുവരാനുള്ള ചുമതല സർക്കാരിന്റേതാണ്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവരെ കർക്കശമായിത്തന്നെ നേരിടണം.
നിയമം നടപ്പാക്കിക്കഴിഞ്ഞെങ്കിലും പോരായ്മകൾ അനവധി നിലനിൽക്കുകയാണ്. പരാതികൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ ശുപാർശ ചെയ്യേണ്ട ജി.എസ്.ടി കൗൺസിലിന്റെ കഴിഞ്ഞ യോഗത്തിൽ ഏതാനും ഇനങ്ങളുടെ നികുതി നിരക്കു പരിഷ്കരിക്കുകയുണ്ടായി. സെപ്തംബർ 9 ന് കൗൺസിൽ വീണ്ടും സമ്മേളിക്കുമ്പോൾ ഒട്ടേറെ പരാതികളും മുമ്പിലുണ്ടാകും. സംസ്ഥാന സർക്കാർ ഇരുപത്തിനാല് ഇനം സാധനങ്ങളുടെ പട്ടിക തയ്യാറാക്കി അവയുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടാൻ പോവുകയാണ്. പൊതുജനങ്ങളിൽ നിന്നുയർന്ന പരാതികൾ കൂടി പരിശോധിച്ച് ഈ പട്ടിക വിപുലപ്പെടുത്താവുന്നതാണ്. ഡയാലിസിസ് യന്ത്രത്തിനെ കിഡ്നി, ഹൃദയം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള ഔഷധങ്ങൾക്കും ആശുപത്രി സേവനങ്ങൾക്കും ജി.എസ്.ടി വന്നതോടെ വില കൂടിയെന്ന ആക്ഷേപം പരിശോധിക്കണം. മാരകരോഗികളെയും പിഴിഞ്ഞ്, ഖജനാവ് നിറയ്ക്കുന്നതിലെ അധാർമ്മികത അപലപിക്കപ്പെടേണ്ടതുതന്നെയാണ്. നിർഭാഗ്യവശാൽ ജീവൻ രക്ഷാമരുന്നുകളുടെ കാര്യത്തിൽപോലും ഒരു വിധ സൗജന്യവും ലഭിക്കാത്ത നാടാണിത്.
കൊള്ളലാഭമെടുക്കുന്ന വ്യാപാരികളെ നേരിടാൻ പ്രത്യേക സമിതി രൂപീകരണം ജി.എസ്.ടി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇനി വേണം അത് പ്രയോഗത്തിൽ കൊണ്ടുവരാൻ. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കേന്ദ്രം അളവറ്റതോതിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ അതിൽ കാണാറില്ല. ജനങ്ങൾക്ക് അറിയേണ്ടത് നിത്യജീവിതവുമായി ബന്ധപ്പെട്ട ചരക്കുകളുടെയും സേവനങ്ങളുടെയും പുതിയ നികുതി നിരക്ക് എങ്ങനെയെല്ലാമെന്നാണ്. ജി.എസ്.ടി നടപ്പായതിന്റെ ആദ്യനാൾ സംസ്ഥാന സർക്കാരും നൂറോളം സാധനങ്ങളുടെ പട്ടികയും നികുതി നിരക്കും ഉൾക്കൊള്ളിച്ചു പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിൽ പറയുന്നതുപോലെ ഒരു സാധനത്തിന് വില കുറഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. തോന്നുംപടി വില കൂട്ടാനുള്ള മാർഗമായി ജി.എസ്.ടി മാറാൻ ഇടവരുത്തരുത്. സ്വതേ വിലക്കയറ്റം കൊണ്ടുപൊറുതി മുട്ടുന്ന സാധാരണക്കാർക്ക് ജി.എസ്.ടി മറ്റൊരു ഇരുട്ടടിയാകാതിരിക്കാൻ സർക്കാർ ജാഗരൂകമാകേണ്ടതുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ