കെ. എസ്.ഇ. ബി.യിൽ നിയമന നിരോധനം
August 10, 2017, 12:10 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: കെ.എസ്. ഇ.ബിയും കെ. എസ്. എഫ്. ഇയും നിയമനത്തിന് അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയതോടെ കാഷ്യർ, ജൂനിയർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ മൂന്ന് വർഷമായി നിയമനം കാത്തിരുന്നവർ ആശങ്കയിലായി.

കമ്പനി, ബോർഡ്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഈ തസ്‌തികകളിലേക്ക് തയ്യറാക്കിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്തമാസം 21ന് അവസാനിക്കും. മെയിൻലിസ്റ്റിൽ 5996 പേരും സപ്ളിമെന്ററി ലിസ്റ്റിൽ ആറായിരം പേരും ഉൾപ്പെടെ 12000 പേരാണുള്ളത്. മെയിൻ ലിസ്റ്റിൽ നിന്ന് 1970 പേർക്കും സപ്ളിമെന്ററി ലിസ്റ്റിൽ നിന്ന് 800 പേർക്കുമാണ് ഇതുവരെ നിയമനം നൽകിയത്.

2011ൽ പി.എസ്.സി.പരീക്ഷ നടത്തുമ്പോൾ കെ.എസ്.ഇ.ബിയിൽ 200 ഒഴിവുകളുണ്ടായിരുന്നു. അതിൽ 160 ഒഴിവുകൾ 2014ൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നപ്പോൾ നികത്തി. പിന്നീട് കെ. എസ്. ഇ. ബി ഒറ്റയാളെയും നിയമിച്ചിട്ടില്ല.

മുൻ സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ നിയമനനിരോധനം ഇടതുമുന്നണി സർക്കാർ ഒഴിവാക്കുകയും ഒഴിവുകൾ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ നടപടിയെടുക്കുകയും ചെയ്തു. കെ.എസ്.ഇ.ബി.യിൽ മാത്രം 497 ഒാളം കാഷ്യർ, ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ കണ്ടെത്തി. ഇൗ ഒഴിവുകളൊന്നും വൈദ്യുതി ബോർഡ് പി. എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ഐ.ഐ.എമ്മിന്റെ റിപ്പോർട്ടിലെ ശുപാർശയനുസരിച്ച് ജീവനക്കാരുടെ പുനഃക്രമീകരണം നടക്കുന്നതിനാലാണ് പുതിയ നിയമനം നടത്താത്തതെന്നാണ് ബോർഡിന്റെ വിശദീകരണം.
കെ.എസ്.എഫ്. ഇയും കെ.എം.എം.എല്ലും പോലെയുള്ള മറ്റ് സ്ഥാപനങ്ങൾ നിയമനം നടത്താത്തതിന് ഒരു വിശദീകരണവും നൽകുന്നില്ല. തൃശൂർ കോർപറേഷനാണ് റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തിയത്.

അതേ സമയം കെ. എസ്.ഇ.ബി. യിൽ കാഷ്യർ തസ്തികളിലെ ഒഴിവുകളിൽ കരാർ ജീവനക്കാരേയും മസ്ദൂർ പോലെയുള്ള താഴ്ന്ന സാങ്കേതിക വിഭാഗം ജീവനക്കാരെയും താൽക്കാലികമായി നിയമിച്ചിരിക്കുകയാണെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി വി. പി. വർഗീസ് ആരോപിച്ചു. റാങ്ക് ലിസ്റ്റിലുള്ള പലരുടേയും പ്രായപരിധി കഴിഞ്ഞതിനാൽ ഇനിയൊരു ജോലിക്ക് അപേക്ഷിക്കാനാവാത്ത സ്ഥിതിയാണെന്നും മാനുഷിക പരിഗണനയിൽ ഉടൻ നിയമനം നടത്തുകയോ, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുകയോ വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ഇതുന്നയിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയതായും വർഗീസ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ