അഖജയുടെ മരണം: എന്തായിരുന്നു ആ കാരണം?
August 16, 2017, 12:42 pm
നെയ്യാറ്റിൻകര: ആറ്റുനോറ്റ് വളർത്തിയ ചെറുമകൾ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതിന്റെ ഞെട്ടലിലാണ് നരുവാമൂട്, താന്നിവിള, തുമ്പോട്, കുഴിവിള വീട്ടിൽ ശ്യാമളയെന്ന അറുപത്തിയേഴുകാരി. അകാലത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ടതിന്റെ കുറവ് അറിയിക്കാതെ പോറ്റി വളർത്തിയ അഖജയെന്ന പതിനേഴുകാരി വിവാഹ നിശ്ചയത്തിനുശേഷം ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത് എന്താണെന്ന് ആർക്കും നിശ്ചയമില്ല. വീട്ടുകാരിലും നാട്ടുകാരിലും അഖജയുടെ മരണം നൂറുചോദ്യങ്ങൾ ഉയർത്തുമ്പോൾ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.

കണ്ണീരിൽ കുതിർന്ന ജീവിതം....
നാട്ടിൻപുറത്താണ് അഖജയും മുത്തശിയും താമസിച്ചുവന്നത്. പ്രധാന റോഡിൽനിന്നും കഷ്ടിച്ച് 50മീറ്റർ അകലത്തിലാണ് ശ്യാമളയുടെ വീട്. ജീവിതത്തിൽ പലപ്പോഴായുണ്ടായ ദുര്യോഗങ്ങളിൽ കണ്ണീരിൽ കുതിർന്നതാണ് ഇവരുടെ ജീവിതം. ശ്യാമളയ്ക്ക് രണ്ട് പെൺമക്കൾ. മൂത്തമകളെ പെരിങ്ങമ്മലയിലും രണ്ടാമത്തെ മകൾ ശ്രീകലയെ മീനാങ്കലുമാണ് വിവാഹം ചെയ്ത് അയച്ചത്. ശ്യാമളയുടെ ജീവിതം ആദ്യമൊക്കെ സന്തോഷകരമായിരുന്നു . ശ്രീകല- അനിൽകുമാർ ദമ്പതികളുടെ ഏക മകളാണ് അഖജ. പതിനേഴ് വർഷങ്ങൾക്കുമുമ്പ് അനിൽകുമാർ കിണറ്റിൽ വീണ് മരണപ്പെട്ടതോടെ മാതാവ് ശ്രീകലയുടെ സംരക്ഷണയിലായിരുന്നു കമ്പ്യൂട്ടർ വിദ്യാർത്ഥിയായ അഖജയുടെ താമസം. ഭർത്താവിന്റെ മരണത്തിൽ മാനസികമായി തകർന്ന ശ്രീകലയും എട്ടുവർഷം മുമ്പ് മരണപ്പെട്ടതോടെ അഖജയുടെ വാസം അപ്പൂപ്പനും അമ്മുമ്മയ്ക്കും ഒപ്പമായി. വൃദ്ധരായ ശ്യാമളയും രോഗിയായ അവരുടെ ഭർത്താവും അഖിജയുടെ കൂട്ടിനെത്തി. അവളെയും ശ്യാമളയെയും തനിച്ചാക്കി മുത്തച്ഛനും രണ്ട് വർഷം മുമ്പ് യാത്രയായതോടെ അഖജയ്ക്ക് ആകെയുള്ള കൂട്ട് മുത്തശി മാത്രമായി. തൊഴിലുറപ്പിനും മറ്റ് ജോലികൾക്കും പോയാണ് ശ്യാമള ചെറുമകളെ വളർത്തിയത്. കുഞ്ഞുനാൾ മുതൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു അഖജ. ചിത്രരചന, വായന,കലാകായിക വിനോദങ്ങൾ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും അവൾ മികവ് കാട്ടി. ബാലരാമപുരത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അവിടെത്തന്നെയുള്ള സ്വകാര്യ സ്ഥാപനത്തിൽ പ്ലസ് ടുവും പഠിച്ച അഖജ പോങ്ങുംമൂട്ടിൽ കമ്പ്യൂട്ടർ വിദ്യാർത്ഥിയായിരിക്കെയാണ് അകാലത്തിൽ മരണം അവളെ കൂട്ടിക്കൊണ്ടുപോയത്.

അത്താഴമുണ്ടുറങ്ങിയ അഖജയ്ക്ക് സംഭവിച്ചതെന്ത്?
ആഴ്ചയിൽ നാലുദിവസം മാത്രമാണ് അഖജയ്ക്ക് കമ്പ്യൂട്ടർ ക്ലാസുള്ളത്. സംഭവ ദിവസം ക്ളാസുണ്ടായിരുന്നില്ല. പതിവുപോലെ തലേ രാത്രി അത്താഴമുണ്ട് ഉറങ്ങാൻ കിടന്ന അഖജ നേരം പുലർന്നിട്ടും എഴുന്നേൽക്കാതായപ്പോൾ ശ്യാമള കതകിൽ തട്ടിവിളിച്ചു. പലതവണവിളിച്ചിട്ടും അനക്കമുണ്ടായില്ല. കാരണമറിയാതെ ശ്യാമള നിലവിളിച്ചു.അയൽവാസികൾ ഓടിക്കൂടി. അഖജയുടെ മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. പുറക് വശത്തെ ജനൽപാളികൾ അടച്ചിട്ടിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. കതക് ചവിട്ടി തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചു.
ഓടിട്ട വീടിന്റെ കഴുക്കോലിൽ ഷാളിൽ തൂങ്ങി നിൽക്കുകയായിരുന്നു അഖജ. നൈറ്റിയായിരുന്നു വേഷം. പൂത്തുമ്പിയെപോലെ പാറിപ്പറന്നു നടന്ന അഖജ ജീവനൊടുക്കാനുള്ള കാരണമെന്തെന്ന് അവർ പരസ്പരം ചോദിച്ചു. ആ ചോദ്യത്തിന് ഉത്തരമില്ലാതെ ബന്ധുക്കളും നാട്ടുകാരും ഇന്നും കുഴങ്ങുകയാണ്.

വിവാഹത്തിലുള്ള എതിർപ്പോ കാരണം
ആരോരുമില്ലാത്ത കുട്ടിയാണെന്ന പരിഗണന വേണ്ടതിലധികം ബന്ധുക്കളിൽ നിന്ന് ലഭിച്ചിരുന്ന അവൾ, അവരുടെ കൂടി തണലിലാണ് വളർന്നത്. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വളർന്ന അവളെ പ്രായപൂർത്തിയാകുമ്പോഴേക്കും ആരുടെയെങ്കിലും കൈപിടിച്ച് ഏൽപ്പിക്കണമെന്നായിരുന്നു ശ്യാമളയുടെ സ്വപ്നം. തന്റെ കണ്ണടയും മുമ്പ് ചെറുമകളുടെവിവാഹം നടന്നുകാണാനുള്ള ശ്യാമളയുടെ ആഗ്രഹത്തിന് ബന്ധുക്കളുടെ പി ന്തുണയുമുണ്ടായി. ബന്ധുവായ വർക്കല സ്വദേശി, ഗൾഫിൽ ജോലിയുള്ള ഒരു യുവാവിന്റെ വിവാഹാലോചന കൊണ്ടുവന്നു. പെൺകുട്ടിയെ വരന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു. വർക്കലയിൽ വച്ച് മോതിര കല്യാണം നടത്തി. രണ്ട് വർഷത്തിനകം വിവാഹം നടത്താനായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ചയിൽ ചെറുക്കനും കൂട്ടരും അഖജയുടെ താന്നിമൂടുള്ള വീട്ടിൽ വന്നിരുന്നു. സദ്യവട്ടമൊക്കെ കഴിഞ്ഞ് സന്തോഷമായിട്ടാണ് മടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, അഖജയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന നരുവാമൂട് പോലീസ് പറയുന്നത് ഇങ്ങനെയാണ്: അഖജ ആദ്യമേ ഈ വിവാഹത്തെ എതിർത്തിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ബന്ധുക്കളോടൊപ്പം എത്തിയ വരനെ നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ അവൾ അതൃപ്തി അറിയിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പൊലീസിനോട് പറഞ്ഞു. എന്നാൽ, മുത്തശിയോട് കൂട്ടുകാരിയേപ്പോലെ പെരുമാറിയിരുന്ന അവൾ വിവാഹത്തിലുള്ള എതിർപ്പ് അവരോട് വെളിപ്പെടുത്തിയിരുന്നില്ല. എന്തും തുറന്നുപറയുന്ന അവൾ അതാണ് കാരണമെങ്കിൽ തന്നോട് പറയാതിരിക്കില്ലെന്നാണ് ശ്യാമളയുടെ ചിന്ത. ബന്ധുക്കളിലും നാട്ടുകാരിലും സംശയങ്ങൾ ബാക്കിയാക്കി യാത്രയായ അഖജയുടെ മരണത്തിന് കാരണം കണ്ടെത്തണമെന്നാണ് വൃദ്ധയായ ശ്യാമളയുടെ ആഗ്രഹം. ഇതിനായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെ ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി നൽകാനുളള ശ്രമത്തിലാണ് അവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ