Tuesday, 22 August 2017 10.15 PM IST
അതിരപ്പിള്ളിയുടെ പുറകെ വീണ്ടും
August 11, 2017, 2:00 am
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കിയേ അടങ്ങൂ എന്ന മട്ടിലുള്ള വകുപ്പു മന്ത്രി എം.എം. മണിയുടെ നിയമസഭയിലെ മറുപടി വീണ്ടും ചർച്ചയായിരിക്കുകയാണ്. ഭരണമുന്നണിയിൽത്തന്നെ രൂക്ഷമായ എതിർപ്പുള്ള ഈ വിഷയത്തിൽ അടിക്കടി ഉണ്ടാകുന്ന നിലപാടു മാറ്റം ആശങ്ക ഉളവാക്കുന്നതാണ്. അനവധി വർഷങ്ങളായി അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചു കേൾക്കാൻ തുടങ്ങിയിട്ട്. ഇരു മുന്നണികളുടെ ഭരണകാലത്തും പദ്ധതി നടപ്പാക്കാൻ തീവ്രശ്രമങ്ങൾ നടന്നിട്ടുള്ളതാണ്. എന്നാൽ പദ്ധതിക്കെതിരെ പൊതുസമൂഹത്തിൽ നിന്നുയർന്ന ശക്തമായ എതിർപ്പു കാരണം നിലപാടു മാറ്റാൻ ഭരണകൂടം നിർബന്ധിതമായി. ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ അധികാരമേറ്റ ഉടനെ അതിരപ്പിള്ളി പദ്ധതി പൊടി തട്ടിയെടുക്കാൻ ശ്രമമുണ്ടായി. വൈദ്യുതി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രഖ്യാപനം ഏറെ കോളിളക്കവും സൃഷ്ടിച്ചു. ഒടുവിൽ പ്രഖ്യാപനം പിൻവലിക്കേണ്ടിവരികയും ചെയ്തു. എല്ലാ വിഭാഗക്കാരുടെയും അഭിപ്രായം മാനിച്ചുകൊണ്ടു മാത്രമേ പുനർ ചിന്തനം ഉണ്ടാകൂ എന്ന ഉറപ്പും നൽകി. വൈദ്യുതി വകുപ്പിന്റെ ചുമതല പുതിയ മന്ത്രിയിൽ എത്തിയപ്പോഴും അതിരപ്പിള്ളിയുടെ കാര്യത്തിൽ സമവായത്തിന്റെ പ്രാധാന്യം വെടിഞ്ഞുള്ള തീരുമാനമൊന്നും ഉണ്ടാവുകയില്ലെന്ന ഉറപ്പാണു ലഭിച്ചത്. ഇപ്പോൾ ആ നിലപാടു മാറ്റാൻ തക്കവിധം സംസ്ഥാനത്തെ ജനങ്ങൾ അതിരപ്പിള്ളി പദ്ധതിക്കായി നാടെങ്ങും മുറവിളി കൂട്ടിത്തുടങ്ങിയോ എന്ന് നിശ്ചയമില്ല. ലക്ഷ്യമിട്ട തോതിൽ പ്രയോജനമൊന്നും ഉണ്ടാകാനിടയില്ലാത്ത ഒരു പദ്ധതിക്കായി അളവറ്റ തോതിൽ പണവും അദ്ധ്വാനവും പാഴാക്കേണ്ടതുണ്ടോ എന്നാണ് പ്രസക്തമായ ചോദ്യം.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടിയും വാട്ടർ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് മന്ത്രി എം. എം. മണി നിയമസഭയിൽ പറഞ്ഞത്. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞത്രെ. വിദഗ്ദ്ധന്മാരും പരിസ്ഥിതി പ്രവർത്തകരും ജനങ്ങളിൽ വലിയൊരു വിഭാഗവും ഇതിനകം ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ചു കഴിഞ്ഞു. അതിരപ്പിള്ളി പദ്ധതിയുടെ പ്രാരംഭ ജോലികൾ തുടങ്ങിയെന്നു മന്ത്രി പറയുമ്പോൾ ഈ വിഷയത്തിൽ നേരത്തെ ജനങ്ങൾക്കു നൽകിയ ഉറപ്പിന്റെ ലംഘനമാണു കാണാൻ കഴിയുന്നത്. രഹസ്യമായി നടപ്പാക്കേണ്ട പദ്ധതിയെന്നുമല്ലല്ലോ ഇത്. മന്ത്രിസഭയിലും ഭരണമുന്നണിയിലുമെങ്കിലും സമവായം സൃഷ്ടിച്ച ശേഷമാണോ ഇതിന് വൈദ്യുതി വകുപ്പ് ഇറങ്ങി പുറപ്പെട്ടതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ അക്കാര്യം വ്യക്തമാക്കുകയും വേണം.
വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് പുതിയ പദ്ധതികൾ ആവശ്യമാണെന്നതിൽ തർക്കമൊന്നുമില്ല. അതിരപ്പിള്ളി പദ്ധതി നടപ്പായാൽ ലഭിക്കുന്നത് 163 മെഗാവാട്ട് വൈദ്യുതിയാണ്. അതിനായി മുടക്കേണ്ടിവരുന്നതാകട്ടെ വളരെ വലിയ സംഖ്യയും. പദ്ധതി നടപ്പായാൽ പ്രകൃതിക്കും ആവാസ വ്യവസ്ഥയ്ക്കും മറ്റുമുണ്ടാകുന്ന നഷ്ടം ഒരിക്കലും നികത്തപ്പെടാൻ പോകുന്നില്ല. പദ്ധതിക്കായി മുടക്കുന്ന പണം പുറത്തു നിന്നു വൈദ്യുതി എത്തിക്കാനുള്ള വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിനു മുടക്കിയിയിരുന്നുവെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ കഴിയുമായിരുന്നു. വടക്കുകിഴക്കൻ മേഖലയിൽ നിന്നും കൂടങ്കുളത്തുനിന്നും അവകാശപ്പെട്ട വൈദ്യുതി പൂർണമായി ഇവിടെ എത്താത്തതിനു കാരണം പ്രസരണ ലൈൻ പണി തീർക്കാൻ കഴിയാത്തതാണ്. നാഫ്‌തയിൽ പ്രവർത്തിക്കുന്ന കായംകുളം താപനിലയം എത്രയോ നാളായി അടച്ചിട്ടിരിക്കുകയാണ്. നാഫ്‌തയുടെ സ്ഥാനത്ത് പ്രകൃതിവാതകം ഉപയോഗിക്കാൻ പാകത്തിൽ നവീകരണം നടത്തിയാൽ വലിയ നേട്ടമുണ്ടാക്കാം. പ്രകൃതി വാതകം എത്തിക്കാനാവശ്യമായ പൈപ്പ് ഇടുന്നതിനെച്ചൊല്ലിയാണു തർക്കം. സ്ഥലവാസികളുടെ എതിർപ്പാണു കാരണമായി പറയുന്നത്. ആളുകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സർക്കാരും പ്രതിപക്ഷത്തുള്ളവരും സംയുക്തമായി ശ്രമിച്ചാൽ സാധിക്കില്ലേ? പാരമ്പര്യേതര മാർഗങ്ങളിലൂടെയും വൈദ്യുതി ശേഷി വർദ്ധിപ്പിക്കാം. നിലവിലുള്ള പദ്ധതികൾ കാര്യക്ഷമമാക്കിയും പ്രസരണ നഷ്ടം കാര്യമായി കുറച്ചും നേട്ടമുണ്ടാക്കാം.
മഴയെയും വെള്ളത്തെയും ആശ്രയിച്ചു മാത്രം വൈദ്യുതി പ്രതിസന്ധിയെ നേരിടാമെന്ന സങ്കല്പം പാടേ ഉപേക്ഷിക്കേണ്ട സാഹചര്യമാണു നിലവിലുള്ളത്. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ ശരാശരി മുപ്പതു ശതമാനം മാത്രമാണ് ജലവൈദ്യുതി പദ്ധതികളിൽ നിന്നു ലഭിക്കുന്നത്. മഴ ചതിച്ചാൽ ഇതിലും കുറയും. കാലാവസ്ഥാ മാറ്റം പ്രവചനാതീതമായിക്കഴിഞ്ഞ നിലയ്ക്ക് അതിരപ്പിള്ളിയിൽ അണ കെട്ടിയാലും വർഷം മുഴുവൻ വൈദ്യുതി ഉത്‌പാദനത്തിനാവശ്യമായ ജലശേഖരം നിലനിറുത്താൻ കഴിയുമെന്നതിന് ഒരുറപ്പുമില്ല. വൈദ്യുതി ഉത്‌പാദനം കൂട്ടുകയെന്നതിനെക്കാൾ മറ്റു സ്ഥാപിത താത്‌പര്യങ്ങളാണ് അതിരപ്പിള്ളിയെ വിടാതെ പിന്തുടരാനുള്ള പ്രചോദനമെന്ന ആക്ഷേപം പണ്ടേ ഉയർന്നതാണ്. പദ്ധതിക്കെതിരെ നാനാഭാഗത്തുനിന്നും ഉയർന്ന വിയോജിപ്പ് കണക്കിലെടുക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. മന്ത്രി കാര്യങ്ങൾ വേണ്ടത്ര പഠിച്ചതിനുശേഷമാണോ നിയമസഭയിൽ ഇതുസംബന്ധിച്ച് ഉത്തരം നൽകിയതെന്നറിയില്ല. ആക്രാന്തം പെരുത്ത ഉദ്യോഗസ്ഥന്മാർ ഒരുപക്ഷേ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാനും മതി.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ