നവവധുവിന്റെ ആത്മഹത്യ ഭർത്താവ് അറസ്റ്റിൽ
August 11, 2017, 4:10 pm
വെഞ്ഞാറമൂട്: നവ വധു ഭർത്തൃ ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ റിമാന്റ് ചെയ്തു. വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിൽ റോഷനാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ അവനവഞ്ചേരി ബാഷാ ഡെയ്ലിൽ ഷാനവാസ് -സലീന ദമ്പതികളുടെ മകൾ സൽഷയുടെ (20) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂലായ് 11ന് വൈകിട്ട് 3 മണിയോടെ ഭർതൃഗൃഹത്തിലാണ് സൽഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സൽഷയുടെ മരണത്തിൽ ദുരൂഹതയുള്ളതായി കേരള കൗമുദി ഫ്ളാഷ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗാർഹിക പീഡന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം എന്നിവ ചുമത്തി റോഷനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്തൃഗൃഹത്തിന്റെ രണ്ടാം നിലയിൽ കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സൽഷയെ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിക്കാതെ വന്നപ്പോൾ ശനിയാഴ്ച നെടുമങ്ങാട് മജിസ്ട്രേറ്റിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ നിന്നും തുടർഅന്വേഷണത്തിനായി ആറ്റിങ്ങൽ ഡി വൈ എസ്. പിയുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. സൽഷ തൂങ്ങിമരിച്ച വീട്ടിൽ ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുത്തു.കേസിൽ രണ്ടാം പ്രതിയായ മാതാവ് നസിയത്ത് ഒളിവിലാണ്.നിരന്തരം സ്ത്രീ ധനത്തിനായി സൽഷയെ ഇവർ പീഡിപ്പിച്ചു വരികയായിരുന്നതായി പൊലീസ് പറഞ്ഞു. ഏപ്രിൽ 23ന് ആറ്റിങ്ങൽ തോന്നയ്ക്കലിലെ ആഡംബര ഹാളിൽ വച്ചാണ് റോഷൻ സൽഷയെ നിക്കാഹ് ചെയ്ത്. ഒരു കിലോ സ്വർണ്ണാഭരണം,ഒരു ഇന്നോവാകാർ,കോടികൾ വിലയുള്ള ഭൂമി എന്നിവ സ്ത്രീധനമായി വാങ്ങിയ ശേഷമായിരുന്നു വിവാഹം.
സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ട ജൂലായ് 14ന് നവവധുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത ചൂണ്ടിക്കാട്ടി 'ഫ്ലാഷ് 'വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതിനെ തുടർന്നാണ് റോഷൻ ഒളിവിൽപ്പോയത്.

ഫ്ലാഷിന് നന്ദി

മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരുന്നതിനും അന്വേഷണം വേഗത്തിലാക്കുന്നതിനും വിശദമായ വാർത്ത പ്രസിദ്ധീകരിച്ച ഫ്ലാഷിനോട് നന്ദിയുണ്ടെന്ന് മരണമടഞ്ഞ സൽഷയുടെ പിതാവ് ഷാനവാസും മാതാവ് സലീനയും പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ